♥️ *നോവ്* ♥️

                       ✍🏻 *SALMANUL FARIS K*
____________________________________


   "ശരിക്കും ഇഷ്ടമായിരുന്നോ?"

   "ഒരുപാട്..."

   "പിന്നെന്തുപറ്റി?"

   ആ ചോദ്യത്തിന് ഉത്തരം നൽകിയത് ഉതിർന്നുവീണ മിഴിനീർ തുള്ളികളായിരുന്നു. മുൻകാലത്തെക്കുറിച്ച് ചോദിക്കേണ്ടിയിരുന്നില്ല എന്ന് നൂറയ്ക്ക് തോന്നി. അവൻ ദൂരെയെവിടെയോ ദൃഷ്ടികൾ പതിപ്പിച്ചിരുന്നു. പഴയകാല ഓർമകൾ അയവിറക്കുകയായിരിക്കും.

   അവനെ ആശ്വസിപ്പിക്കാനെന്നോണം നൂറ അവളുടെ കൈ അവന്റെ കയ്യിന്മേൽ ചേർത്തു വെച്ചു. നോവുന്ന ഓർമകളുടെ ചൂടുണ്ടായിരുന്നു ആ കൈകൾക്ക്. തന്റെ മുന്നിലിരുന്ന് അവൻ പൊട്ടിക്കരയുമോയെന്ന് നൂറയ്ക്ക് തോന്നി. അവനെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്ന് അവൾക്കറിയില്ലായിരുന്നു. ഒന്നുമാത്രം അറിയാം ― ജീവിതത്തിന്റെ ഒഴുക്കിനിടയിൽ അവന്റെ മനസ്സിനെ ആരോ സ്വന്തമാക്കിയിരുന്നു.

   ഒരു തണുത്ത ഇളംകാറ്റ് അവരെ തലോടി കടന്നുപോയി. ചാലിട്ടൊഴുകിയ കണ്ണുനീരിനെ അത് വറ്റിച്ചെന്ന് തോന്നിച്ചു. ഒരു ഇടർച്ചയോടെ അവൻ സംസാരിച്ചുതുടങ്ങി: "ആദ്യമൊക്കെ ദേഷ്യമായിരുന്നു. എങ്ങനെയാണ് ഒരാൾക്ക് ഇത്രപെട്ടെന്ന് മാറാൻ കഴിയുകയെന്ന അമ്പരപ്പായിരുന്നു എനിക്ക്. ദിവസങ്ങൾക്കുള്ളിൽ എന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിച്ചത് എനിക്ക് സഹിക്കാനായില്ല. പല തവണ ഞാനവളെ ശപിച്ചിട്ടുണ്ട്. പലരോടും അവളെക്കുറിച്ച് താഴ്ത്തിക്കെട്ടി സംസാരിച്ചിട്ടുണ്ട്. അവളോടുള്ള ദേഷ്യം കാരണം ഒന്നു കരഞ്ഞിട്ടുകൂടി ഇല്ല ഞാൻ. സങ്കടങ്ങളെ ഇല്ലാതാക്കാൻ എന്തൊക്കെയോ ചെയ്തുകൂട്ടുകയായിരുന്നു. ഒടുക്കം..."

   നൂറ അവന്റെ സംസാരം സംശ്രദ്ധം ശ്രവിക്കുകയായിരുന്നു. തന്റെയടുത്ത് അവളിലിരിക്കുന്നുണ്ടെങ്കിലും ആരോടെന്നില്ലാതെയായിരുന്നു അവന്റെ സംസാരം: "പതിയെപ്പതിയെ എന്റെ ദേഷ്യം കെട്ടടങ്ങിത്തുടങ്ങി. നേടിയെടുത്തത് മറ്റൊരാൾക്ക് സ്വന്തമായിരിക്കുന്നുവെന്ന് മനസ്സിന് ബോധ്യപ്പെട്ടുതുടങ്ങിയ അന്ന്, യാഥാർഥ്യം മനസ്സ് തിരിച്ചറിഞ്ഞുതുടങ്ങിയ ആ രാത്രിയിൽ സർവ്വവും നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ ആർത്തു കരഞ്ഞു. അത്രയേറെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരാൾ... പെട്ടെന്ന് ഒരു ദിവസം ഇല്ലായെന്നറിയുമ്പോഴുള്ള ശൂന്യത... അതിലേറെ എനിക്ക് താങ്ങാൻ കഴിയാത്തത് അവൾ മറ്റൊരാൾക്ക് സ്വന്തമായിരിക്കുന്നല്ലോ എന്ന തിരിച്ചറിവായിരുന്നു..."

   "നോക്ക്, നീ വേണമെങ്കിൽ ഒന്നു കരഞ്ഞോ. ഇവിടെയിപ്പോ ഞാൻ മാത്രമല്ലേയുള്ളൂ. ഞാൻ ആരോടും പറയാൻ പോണില്ല." പറഞ്ഞുതീർന്നതും തന്റെ വാക്കുകൾ അസ്ഥാനത്തായിപ്പോയെന്ന് നൂറയ്ക്ക് തോന്നി.

   "കരഞ്ഞിട്ടുണ്ട്, കുറേ... പ്രത്യേകിച്ച്, ഓർമകളടങ്ങിയ ഫോട്ടോസും ചാറ്റുകളും ഒക്കെ കാണുമ്പോ. ആ സമയം മനസ്സിനെ നിയന്ത്രിക്കാൻ വല്ലാതെ പാടുപെടും. സത്യത്തിൽ അവൾ... അവളൊരു പാവമായിരുന്നു. അവളെന്നെയും ഞാനവളെയും സ്‌നേഹിച്ചിരുന്നെന്ന് എനിക്കറിയാം. പലരും അതിന് വിള്ളൽ വീഴ്ത്തുകയായിരുന്നു. ഞാനവൾക്ക് വേണ്ടി ഒരുപാട് കരഞ്ഞിട്ടുണ്ട്, അവളെനിക്കും. അവളുടെ കൈകൾക്ക് വല്ലാത്തൊരു ചൂടാണ്. കൈകൾ കോർക്കുമ്പോൾ എന്തെന്നില്ലാത്ത ഒരാനുഭൂതിയാണെനിക്ക് അവ സമ്മാനിച്ചിട്ടുള്ളത് ― പ്രണയം."

   "ഇപ്പോൾ അവളോട് സംസാരിക്കാറുണ്ടോ?"

   "ഞങ്ങൾക്ക് അങ്ങനെ സംസാരിക്കാൻ കഴിയില്ല നൂറാ. അത്രമേൽ ആഴത്തിലുള്ള പ്രണയത്തിൽനിന്ന് പിന്നീട് സൗഹൃദത്തിലേക്കൊരു തിരിച്ചുപോക്കുണ്ടാവില്ല. ഇനി അഥവാ... ഉണ്ടായാൽ തന്നെ അതൊരു അഭിനയമായിരിക്കും. തികഞ്ഞ അഭിനയം."

   "ഇഷ്ടമാണോ ഇപ്പോഴും... അവളെ?"

    അവന്റെ മുഖത്തൊരു പുഞ്ചിരി വിടരുന്നത് നൂറ കണ്ടു. "ഇഷ്ടമാണ്. ഇപ്പോഴും..."

   "സ്വന്തമാവില്ലെന്നറിഞ്ഞിട്ടും?!"

   "എന്റെ മനസ്സിൽ അവൾ ഇന്നും എന്റേതുമാത്രമാണ്."

   "പിന്നെന്തേ അവളെ കൈവിട്ടത്?"

   "ഞാനവളെ ചേർത്തുപിടിച്ചിട്ടേയുള്ളൂ... അവളാണ് എന്നെ കൈവിട്ടത്. കാരണം..."

   "കാരണം?"

   "അവളൊരു നല്ല മകളായിരുന്നു..."

                              ***