#📔 കഥ
❤️എന്റെ  ഉണ്ടക്കണ്ണി ❤️
**************************

ഏട്ടന്റെ  പെണ്ണുകാണൽ  ദിവസമായിരുന്നു  അവളെ  ആദ്യം  കണ്ടത്. ഏട്ടൻ  കാണാൻ  പോയ  കുട്ടിയുടെ  പിന്നിൽ   അവൾ  നിന്നിരുന്നു.  കണ്ണുകളിൽ   കുസൃതിയൊളിപ്പിച്ച്    ചുണ്ടിൽ   പുഞ്ചിരിയോടെ   നിന്ന  അവളെ   കണ്ടപ്പോഴേ  ഞാനുറപ്പിച്ചു

" ഇവൾ   എനിക്കുള്ളതാണ്  ".

അന്നുമുതൽ   നടപ്പ്  തുടങ്ങിയതാണ്  ഈ  ജന്തുവിന്റെ   പിന്നാലെ.  കാര്യം  മനസ്സിലായിട്ടും   ഒന്നും  അറിയാത്തപോലെ  പൊട്ടൻ  കളിച്ചു   നടപ്പാണ്  പെണ്ണ്.

" മിത്ര  എത്ര  നാളായെഡോ  ഞാനിങ്ങനെ   തന്റെ   പിന്നാലെ  നടക്കാൻ  തുടങ്ങിയിട്ട്  "

ബസ്സ്സ്റ്റോപ്പിൽ   അവൾക്കെതിരെ   ഇരുന്നുകൊണ്ട്  ഞാൻ  ചോദിച്ചു.

" ഞാൻ  ആദ്യമേ  പറഞ്ഞില്ലേ  എനിക്ക്  എസ്കോർട്ടിന്റെ  ആവശ്യമൊന്നുമില്ലെന്ന്. "

കണ്ണിറുക്കി  ചിരിച്ചുകൊണ്ട്  അവൾ  പറഞ്ഞു.

" അവളുടെ  ഒരു  ഒണക്ക  കോമഡി. "
ഞാൻ  മനസ്സിൽ  പറഞ്ഞു.

എന്താ  ആലോചിക്കുന്നത്??

അവൾ  പതിയെ  ചോദിച്ചു.

" അല്ല  ഞാനോർക്കുവായിരുന്നു ,   ഞാനും  ഏട്ടനും  ഒന്നിച്ചു  പെണ്ണുകണ്ടതാ   ഏട്ടത്തിക്ക്  ഇത്  മൂന്നാം   മാസം  ആണ്. ഞാൻ     നടന്നു  ചെരിപ്പ്   തേഞ്ഞത്  തന്നെ   മിച്ചം. "

എന്റെ  പറച്ചിൽ  കേട്ട്   അവൾ ചിരിയടക്കാൻ   പാടുപെടുകയായിരുന്നു.
അവളുടെ   ചിരികൂടി   കണ്ടപ്പോൾ   എനിക്ക്  ദേഷ്യം  വന്നു. അവളെയൊന്ന്   തിരിഞ്ഞുപോലും   നോക്കാതെ   ഞാൻ   ബൈക്കെടുത്ത്   വീട്ടിലേക്ക്   പോന്നു.

ദിവസങ്ങൾ   കൊഴിഞ്ഞുകൊണ്ടിരുന്നു. ഞാൻ   മനഃപൂർവം   അവളെ   കാണാതെയും   മിണ്ടാതെയും   ഇരുന്നു.  എങ്കിലും   എന്റെ   ഉള്ളു  മുഴുവൻ   അവളായിരുന്നു.

അവളുടെ   വിടർന്ന   ചിരിയും   കണ്മഷിയെഴുതിയ   കണ്ണുകളും   കഴുത്തിലെ  കറുത്ത  മറുകും   അവളിലേക്ക്   എന്നെ   കൂടുതൽ   അടുപ്പിച്ചു   കൊണ്ടിരുന്നു.

രാവിലെ  തന്നെ    അവളെയൊന്ന്   കാണാം   എന്നുകരുതിയായിരുന്നു   ബസ്സ്റ്റോപ്പിലേക്ക്   പോയത്.  അവിടെ   വായിനോക്കി   നിക്കുമ്പോഴാണ്   ചെറിയമ്മാവന്റെ   മകൾ   സ്വാതിയുടെ   വരവ്. മുറപെണ്ണ്   ആണെങ്കിലും   കുടുംബത്തിലെ  ഏക  പെൺതരിയായതുകൊണ്ട്     ഞങ്ങൾ  ആണ്പിള്ളേർക്കെല്ലാം  അവൾ   കുഞ്ഞനിയത്തിയായിരുന്നു.

" ആഹാ  ഞാൻ   വരുന്നോണ്ട്   എന്നെ   കൊണ്ടുപോകാൻ   വന്നതാണോ   ചേട്ടായി "

ചോദിച്ചുകൊണ്ട്   കുരിപ്പ്   ഓടിവന്ന്   എന്റെ   പിന്നിൽ   കയറി.  വേറെവഴിയില്ലാതെ   വീട്ടിലേക്ക്   വണ്ടി   തിരിക്കുമ്പോൾ   കണ്ടു   മിത്ര   നടന്നു  വരുന്നു.

എന്റെ   പിന്നിൽ   സ്വാതിയെ   കണ്ടതുകൊണ്ടാവും   പെണ്ണിന്റെ   മുഖം   വീർത്തിരിക്കുന്നത്.  മുഖത്ത്   ഒരു   ലോഡ്  പുച്ഛം   നിറച്ച്   അവൾ  ബസ്സ്റ്റോപ്പിലേക്ക്   വന്നു   കയറി.  ഞാനും   വിട്ടുകൊടുത്തില്ല.  അവളെ   മൈൻഡ്   ചെയ്യാതെ  വീട്ടിലേക്ക്   വിട്ടു.

പിറ്റേന്ന്  മുതൽ   എന്നെ   കാണുമ്പോഴെല്ലാം . അവളുടെ   മുഖം   കടന്നൽ   കുത്തിയതുപോലെ   ആവുന്നത്   ഞാനും  കണ്ടില്ലെന്നു നടിച്ചു.

രണ്ടുമാസങ്ങൾക്ക്   ശേഷം   ഒരു   ഞായറാഴ്ച   ഞാൻ   കണ്ണും   തിരുമ്മി    താഴേക്കുവരുമ്പോൾ   കണ്ടു   വീട്ടിൽ   ആകെ   ആളും   ബഹളവും   അതിനുനടുവിലൂടെ   ചായഗ്ലാസ്‌   നിറച്ച   ഒരു   ട്രേയും   കൊണ്ട്   അവൾ   നടക്കുന്നു.

" ഇവളെന്താ  ഇപ്പൊ   ഇവിടെ   ചായേം   കൊടുത്തു   നടക്കുന്നത്  "

സ്വയം   ചോദിച്ചുകൊണ്ട്   കണ്ണുംമിഴിച്ചു   നിന്ന   എന്റെ   അരികിലേക്ക്   വന്ന്   ഒരു   ഗ്ലാസ്സ്   ചായ    എന്റെ   കയ്യിലേക്ക്   തന്ന്   ആലുവാമണപ്പുറത്തുവച്ച്   കണ്ട  പരിചയം  പോലും  കാണിക്കാതെ   അവൾ   അകത്തേക്ക്   പോയി.

" ഡാ   നീയിവിടെ   എന്ത്   നോക്കി   നിക്കുവാ   പോയി   കുളിച്ചിട്ട്   വാ "

" ഗംഗക്കിത്   ഏഴാം   മാസമല്ലേ  അവളെ   കൂട്ടികൊണ്ട്   പോകാൻ   അവരൊക്കെ   ഇപ്പൊ    ഇങ്ങെത്തും. "

എന്റെ   നിൽപ്പ്കണ്ട്   അടുത്തേക്ക്   വന്ന   അമ്മ   പറഞ്ഞു.

" ഓ   അപ്പോ  അതാണ്   കാര്യം  ഏട്ടത്തിയെ   കൊണ്ടുപോകാൻ   വീട്ടുകാർ   വരുന്നതിന്റെയാണ്   ഈ   ആളും   ബഹളവുമൊക്കെ. അതുകൊണ്ടാണ്   ഏട്ടത്തിയുടെ   പുന്നാരകൂട്ടുകാരിയും   വന്നേക്കുന്നത്. "
" ഇനിയും   ആലോചിച്ചു   നിക്കാതെ   പോയി   കുളിക്കാൻ   നോക്ക്   ചെക്കാ "

പറഞ്ഞുകൊണ്ട്   അമ്മ   അടുക്കളയിലേക്ക്   പോയി.
ഞാൻ   പതിയെ   എന്റെ  റൂമിലേക്കും.   കുളിച്ചിറങ്ങുമ്പോൾ   കണ്ടു   റൂമിൽ    നിന്ന്    സാരി    ഞൊറിഞ്ഞുടുക്കുന്ന   അവൾ.   എന്നെ    കണ്ടതും   അവൾ   പെട്ടന്ന്   സാരി  മാറിലേക്കിട്ട്   പുറത്തേക്ക്   പോകാൻ   തുടങ്ങി.  പെട്ടന്ന്    ഞാൻ     അവളുടെ   കൈയിൽ   കയറിപിടിച്ചു.

" എന്താടീ   ഉണ്ടകണ്ണീ   നിനക്കെന്നോടിത്ര   ദേഷ്യം ???  "

 ഉണ്ടക്കണ്ണുരുട്ടി   നോക്കിയ   അവളുടെ     അരക്കെട്ടിൽ   ചുറ്റിപിടിച്ച്    എന്നോട്    ചേർത്തുകൊണ്ട്   ഞാൻ   ചോദിച്ചു.

" എനിക്കാരോടും   ഒരു   ദേഷ്യവുമില്ല   "
പറഞ്ഞുകൊണ്ടെന്റെ    കയ്യിൽ   കിടന്നു   കുതറിയ   അവളെ   ഞാൻ   എന്നിലേക്ക്  ഒന്നൂടെ    ചേർത്ത്   പിടിച്ചു.

" ഇയാൾക്കിപ്പോ   എന്താ  വേണ്ടത്??  "

നിറഞ്ഞുതുടങ്ങിയ   കണ്ണുകൾ   ഉരുട്ടി   അവൾ   ചോദിച്ചു.

" എനിക്ക്   വേറൊന്നും   വേണ്ട   എന്നും   ഇതുപോലെ   ചേർത്തുപിടിക്കാൻ   ഈ   ഉണ്ടകണ്ണിയെ   മാത്രം   മതി. "

പെട്ടന്ന്   എന്നെ  തള്ളിമാറ്റി  നിറഞ്ഞകണ്ണുകൾ   തുടച്ച്‌   അവൾ   വാതിൽ  തുറന്നുപുറത്തെക്കിറങ്ങി.  മുറിക്ക്   പുറത്ത്   എല്ലാം   കേട്ടുനിന്നിരുന്ന   ഏട്ടത്തിയെ   ഒന്ന്   പാളിനോക്കി   അവൾ   താഴേക്ക്   പോയി.
ഞാൻ   ഏട്ടത്തിക്ക്  മുന്നിൽ   ഒരപരാധിയെപോലെ    നിന്നു.

പതിയെ   എന്റെ   മുറിയിലേക്ക്   കയറി    ബെഡിലേക്ക്   ഇരുന്നുകൊണ്ട്   ഏട്ടത്തി  പറഞ്ഞുതുടങ്ങി.

" ഞാൻ    മിത്രയെ   പരിചയപ്പെടുന്നത്   അഞ്ചാം   ക്ലാസ്സിൽ   പഠിക്കുമ്പോൾ    ആണ്.  അന്നവൾ   ആരോടും   മിണ്ടാതെ    എപ്പോഴും    ഒറ്റക്ക്   നടക്കുന്നത്   കണ്ടിട്ടാണ്   ഞാൻ   അവളോട്   അടുത്തത്.   ആദ്യമൊക്കെ     അകന്നുനിന്ന  അവൾ   പതിയെ   എന്നോട്   അടുത്തു.

അങ്ങനെയൊരു   ദിവസം   അവൾ   പറഞ്ഞ   ചില   കാര്യങ്ങൾ   കേട്ട്   ഞാൻ    തളർന്നുപോയി.  ബിസിനസ്    തിരക്കുകളുമായി   ഓടി   നടന്നിരുന്ന   അച്ഛനമ്മമാർക്കിടയിൽ    വല്ലാതെ    ഒറ്റപെട്ട   ജീവിതമായിരുന്നു  അവളുടെത്.

  അതിനിടയിൽ   ഇടക്കിടക്ക്   വീട്ടിൽ   വന്നു   പോയിരുന്ന   ചെറിയഛൻ   അവളോട്   മോശമായി   പെരുമാറിയിരുന്നു.  ആരോടെങ്കിലും    പറഞ്ഞാൽ   കൊന്നുകളയുമെന്ന   അയാളുടെ   ഭീഷണിക്ക്   മുന്നിൽ   അവളെല്ലാം   എല്ലാരിൽ  നിന്നും   മറച്ചു   വച്ചു.

ആ സംഭവം   അവളുടെ   മനസ്സിനെ വല്ലാതെ   തകർത്തുകളഞ്ഞിരുന്നു.  അത്   അവളിൽ   പുറം   ലോകത്തോട്    ഒരുതരം    ഭയം   വളർത്തി.  എല്ലാരിൽ   നിന്നും   ഒറ്റപ്പെട്ടുള്ള   ജീവിതം    അവളെ    കടുത്ത   വിഷാദത്തിലേക്ക്   തള്ളിവിട്ടു.

പിന്നീട്  ഞാൻ   വഴിയറിഞ്ഞ   കാര്യങ്ങൾ   ഞങ്ങളുടെ   ക്ലാസ്സ്‌ടീച്ചർ   അവളുടെ   പേരെന്റ്സ്നെ    അറിയിക്കുകയും   അവരുടെ   പരാതിപ്രകാരം   അവളുടെ   ചെറിയച്ചനെ   പോലീസ്  അറസ്റ്റ്  ചെയ്യുകയും   ചെയ്തു.

പിന്നീട്   നിരവധി   കൗൺസിലിങ്ങുകളിലൂടെ   ഒരുപാട്  ശ്രമങ്ങൾക്കൊടുവിൽ   ആണ്   ഉടഞ്ഞുപോയ   അവളുടെ   മനസ്സിനെ   തിരിച്ചുപിടിച്ചത്.  ആ   സംഭവങ്ങൾ   ഇന്നും  അവളുടെ  മനസ്സിൽ   ഒരു   മുറിവായി    അവശേഷിക്കുന്നുണ്ട്.  അവൾ   ചീത്തയായതാണെന്ന   ചിന്തയാണ്   നിന്നോടുള്ള    ഇഷ്ടം      തുറന്നുപറയുന്നതിൽ   നിന്നുപോലും   അവളെ   പിന്നോട്ട്   വലിക്കുന്നത്. "

ഏട്ടത്തി    പറഞ്ഞുനിർത്തുമ്പോൾ   എന്റെ   കണ്ണുകളും   ഈറനണിഞ്ഞിരുന്നു.

" ഇനിയെല്ലാം   നിനക്ക്   തീരുമാനിക്കാം . ചെറുപ്രായത്തിലെ   ഒരുപാട്   മുറിവുകൾ   ഏറ്റതാണ്   എന്റെ   മിത്രയുടെ   ഹൃദയം.  ഇനി   നീ   കൂടി   അവളെ   വേദനിപ്പിക്കരുത്.  അത്രയ്ക്ക്   ഇഷ്ടമാണ്   അവൾക്ക്   നിന്നെ.  "

പറഞ്ഞുകൊണ്ട്    പതിയെ   എന്റെ   കവിളിൽ   തലോടി    ഏട്ടത്തി    പുറത്തേക്   പോയി.

അപ്പോഴാണ്   എല്ലാം   കേട്ട്   നിറഞ്ഞൊഴുകിയ   മിഴികളോടെ   മുറിക്കുപുറത്ത്    ഭിത്തിയിൽ   ചാരി   ഒരു    ശില   പോലെ  നിന്നിരുന്ന   അവളെ   ഞാൻ  കണ്ടത്.    അവളുടെ   അരികിലേക്ക്   ചെന്ന്     നെഞ്ചോട്  ചേർത്തുപിടിക്കുമ്പോൾ    എന്റെ    നെഞ്ചിൽ    മുഖമമർത്തി    അവൾ   പൊട്ടിക്കരഞ്ഞു.

" ഇനി   കരയരുത്  നീ   ഒരുതരത്തിലും   ചീത്തയായിട്ടില്ല. എന്നോ  ഒരിക്കൽ   നിന്റെ   ശരീരത്തിൽ   പറ്റിയ   അഴുക്കിനെ   ഓർത്ത്   കരഞ്ഞ്    തീർക്കാനുള്ളതല്ല     നിന്റെ   ജീവിതം. "

ഞാൻ   പറഞ്ഞത്   കേട്ട്   നനഞ്ഞ   മിഴികളോടെ   അവളെന്റെ   കണ്ണിലേക്ക്   നോക്കി.

" ഞാൻ   പറഞ്ഞില്ലേഡീ   ഉണ്ടക്കണ്ണീ  ഇനി   കരയണ്ട   നിനക്ക്   ഞാൻ   ഉണ്ടെന്ന് . "

ചിരിയോടെ   പറഞ്ഞ്   അവളെ   ഒന്നൂടെ   എന്നോട്   ചേർത്ത്  പിടിക്കുമ്പോൾ     ഒരു  നനുത്ത   പുഞ്ചിരിയോടെ   അവൾ   വീണ്ടും    എന്റെ   നെഞ്ചിൽ   മുഖം   പൂഴ്ത്തി.
❤️Sreekutty