ഭാര്യ
-------------------





രാവിലെ വീട്ടിൽ നിന്നും ഇറങ്ങുവാൻ നേരത്ത് ചോറു പാത്രത്തിലെ വെള്ളത്തുള്ളികൾ സാരിത്തലപ്പു കൊണ്ട് ഒന്നുകൂടി തുടച്ച് ബാഗിലേക്ക് അടുക്കി വച്ചുതരുന്ന, താനിറങ്ങുമ്പോൾ നിശ്ശബ്ദമായി നോക്കി നില്ക്കുന്ന ഭാര്യയോട് അയാൾക്കെന്നും അവജ്ഞയായിരുന്നു.

ഓഫീസിൽ പുതുതായി വന്ന ഡെയ്സിയെപ്പോലെ സുന്ദരിയായ ഊർജജസ്വലയായ ഒരു സ്ത്രീയെ ആണ് ആയാൾ എന്നും ആഗ്രഹിച്ചിരുന്നത്. എന്നും രാവിലെ ഡെയ്സിയെ അവളുടെ ഭർത്താവ് ഓഫീസിൽ കൊണ്ടാക്കുമ്പോൾ അയാൾ പലവട്ടം അസൂയയോടെ ഓർത്തിട്ടുണ്ട്

"ഭാഗ്യവാൻ....."

വണ്ടിയിൽ നിന്നിറങ്ങി ഭർത്താവിനോട് സുസ്മേരവദനയായി റ്റാ റ്റാ പറയുന്ന ഡെയ്സിയെ കാണുമ്പോഴെല്ലാം അയാൾ കരിപുരണ്ട വിരലുകൾ കൊണ്ട് എത്ര ഒതുക്കി വച്ചിട്ടും പാറിപ്പറന്ന മുടിയിഴകളുമായി പരാതികളുടെ ഭാണ് 0മേറ്റിയ മുഖത്തോടെ എന്നും നിശ്ശബ്ദയായി തന്നെ നോക്കി നില്കുന്ന ഭാര്യയോട്ട് അയാൾക്കെന്നും പുച്ഛം തോന്നിയിരുന്നു.

ഓഫീസിലെ ഇടവേളകളിൽ കൈയിലെ മൊബൈൽ ഫോണിൽ കുത്തി വരച്ചു' കൊണ്ടിരുന്ന ഡെയ്സി ഇടക്കിടെ അയാൾക്ക് സമ്മാനിച്ചിരുന്ന മ്യദുമന്ദഹാസങ്ങൾ പോലും അയാളിൽ അവളോടുള്ള പ്രണയത്തിന്റെ ലഹരി നിറച്ചിരുന്നു ഡെയ്സി അയാളുടെ മനസ്സിൽ പ്രണയത്തിന്റെ തേൻ തുള്ളികളായി നിറയുക ആയിരുന്നു.

ഒരു ദിവസം ഓഫീസിൽ മധുരം വിതരണം നടത്തുന്ന ഡെയ്സിയെ കണ്ട് അയാൾ ചോദിച്ചു.

" ഡെയ്സീ.. ഇന്നെന്താ വിശേഷം "

"ഓ ..... ഇന്ന് ഞങ്ങൾ ഡെവോഴ്സ് ചെയ്യാൻ തീരുമാനിച്ചു. അങ്ങേരുടെ കൂടെ ഒന്നും ജീവിക്കാൻ സാധിക്കില്ല ..... ഭയങ്കര സംശയ രോഗിയാ....."

സന്തോഷത്തോടെ നടന്ന കലുന്ന ഡെയ്സിയെ നോക്കി നില്ക്കെ അയാൾക്ക് അവളുടെ ഭർത്താവിനോട് ദേഷ്യം തോന്നി. ഉച്ചയൂണിന് ഇരുന്നപ്പോഴും അയാളുടെ ചിന്തകൾ ഡെയ്സിയെ ചുറ്റിപ്പറ്റി ആയിരുന്നു. ഒടുവിൽ അടുത്തിരുന്ന ഭാസ്കരപിള്ളയോട് അയാൾ ചോദിച്ചു.

"അതേയ് ഡെയ്സിയേപ്പോലെ ഇത്രയും നല്ല ഒരു പെണ്ണിനെ കൈയിൽ കിട്ടിയിട്ടും ... ..ശ്ശെ ! അയാൾ എന്തൊരു മനുഷ്യൻ ആണ് ..... അയാൾക്ക് കുറച്ചു കൂടി അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.... "

ഉറക്കെചിരിച്ചു കൊണ്ട് ഭാസ്കരപിള്ള ചോദിച്ചു

"താൻ തന്റെ ഭാര്യയോട് അഡ്ജസ്റ്റ് ചെയ്യാറുണ്ടോ? എടോ തനിക്ക് ഈ ഡെയ്സി യുടെ ഒന്നും സ്വഭാവം അറിയില്ല ഇയാൾ അവളുടെ രണ്ടാം കെട്ടാ അടുത്തത് ഇനി ആരാണാവോ? എപ്പഴും ഫോണിൽ ചാറ്റിക്കൊണ്ടിരിക്കുന്നത് താൻ കാണാറില്ലേ?"

ഊറിച്ചിരിക്കുന്ന ഭാസ്കരപിള്ളയോട് പറയാൻ അയാൾക്ക് മറുപടി ഉണ്ടായില്ല. അയാൾ അപ്പോൾ തന്റെ ഭാര്യയെ കുറിച്ച് ഓർക്കുക ആയിരുന്നു.

തന്നെ ഉണർത്താതെ വെളുപ്പിന് എഴുന്നേറ്റ് അടുക്കളയിലേക്കു പോകുന്ന , ആ നാലു ചുമരുകൾക്കുള്ളിൽ പരാതികളില്ലാതെ നിശ്ശബ്ദമായി ഒതുങ്ങുന്ന തന്റെ ഭാര്യ.

രാത്രി അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോൾ അയാൾ അവളെ സൂക്ഷിച്ചു നോക്കി. അവൾ ഒരുപാടു ക്ഷീണിച്ചതു പോലെ അയാൾക്ക് തോന്നി. ഉറങ്ങാൻ കിടന്നപ്പോൾ കട്ടിലിന്റെ ഒരറ്റത്തേക്ക് ചുരുണ്ടുകൂടിയ അവളെ അയാൾ തന്റെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ചു.അവളിൽ നിന്നും നേർത്ത ഒരു തേങ്ങലുയർന്നത് അയാൾ അറിഞ്ഞു. അവളുടെ നെറ്റിയിൽ അമർന്ന അയാളുടെ ചുണ്ടുകൾ അവളിലൂടെ താഴേക്ക് ഊർന്നിറങ്ങുമ്പോൾ അവൾക്ക് ആയിരം ഡെയ്സിമാരേക്കാൾ സൗന്ദര്യം ഉണ്ട് എന്ന് അയാൾക്കു തോന്നി .....പതിയെ അയാൾ അവളിലേക്ക് അലിഞ്ഞു ചേർന്നു ......

'                                ഉണ്ണി
'Barya
bharya
share chat malayalam novels
share chat novels malayalam
ചെറു കഥ