കമല

❤️💚❤️💚❤️💚❤️

അനുവദിച്ച അരമണിക്കൂർ സമയവും  ചോദ്യോത്തരങ്ങളായി അടർന്നടർന്നു പോയി..

എഴുത്തുകാരിയായതിൽ തുടങ്ങി..
എഴുതാനുള്ള പ്രചോദനത്തേക്കുറിച്ചും.. സമകാലിക വിഷയങ്ങളുടെ വരമ്പുകളിലൂടെ
ഇന്നത്തെ എഴുത്തുകാരുടെ കഥകളിലേക്ക് വരെ..
ആ ചോദ്യങ്ങൾ കടന്നുചെന്നു..

എന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ ഇത്തരം ചോദ്യങ്ങൾക്ക്  ഒരെഴുത്തുകാരിയുടെ ഭാവത്തിൽ തന്നെ  ഉത്തരം കൊടുക്കുവാൻ ഞാൻ ശ്രദ്ധിച്ചിരുന്നു..

കാരണം അവർക്ക് വേണ്ടത് കമല ആനന്ദ് എന്ന എഴുത്തുകാരിയുടെ  ചിന്തകളെ പരിചയപ്പെടുകയാണല്ലോ...!

ചോദ്യോത്തര ഘട്ടം കഴിഞ്ഞുള്ള നന്ദി പ്രകാശനത്തിനായി വിദ്യാർത്ഥികളിൽ താല്പര്യമുള്ള  ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്നൊരധ്യാപിക പറഞ്ഞയുടനെ..
ആ  അഞ്ചു മിനിറ്റ് സമയം മുഴുവനായി കടമെടുത്തുകൊണ്ട്  ഏറ്റവും പുറകിലെ  നിരയിലിരുന്ന പെൺകുട്ടി എഴുന്നേറ്റു വന്നു..

പതിവായുള്ള  നന്ദി പറച്ചിലിനു ശേഷം അവളെന്നോടു ചോദിച്ചു..!

"അവിടുത്തെ കഥകളുടെ സ്ഥിരം വായനക്കാരിയാണ് ഞാൻ..
സ്ത്രീത്വത്തിന്റെ പുതിയ തലങ്ങളും..
രൂപങ്ങളും..
ശക്തമായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്..  മ്യാമിന്റെ കഥകളിൽ ചുരുക്കി മാത്രം പറഞ്ഞിട്ടുള്ള പ്രണയമാണ്..!
ഇങ്ങനെ.. വായനക്കാരെ വിസ്മയസ്തബ്ധരാക്കുന്ന ഈ എഴുത്തുകാരി പ്രണയിച്ചിട്ടുണ്ടോ..!
പ്രണയത്തെക്കുറിച്ച് രണ്ട് വാക്ക്...!!"

അത്രനേരം ആകാംക്ഷയോടെ കാത്തിരുന്നയെന്നെ  പൊടുന്നനെയുള്ളയാ ചോദ്യം  അസ്വസ്ഥയാക്കിയെങ്കിലും
ചോദ്യത്തിനു മറുപടിയായി
"പ്രണയിക്കാത്തവരായി ആരുണ്ട് ഭൂവിൽ..??!"

എന്ന് നാവിൻ തുമ്പിലൊളിച്ചു നിന്ന  ഒറ്റവാക്യത്തിൽ ഒതുക്കി എഴുന്നേറ്റു...

അവിടെ നിന്നും പുറത്ത് കടക്കുന്നതിനിടയിൽ അവളെന്റെയടുത്ത് വന്നു ചോദിച്ചു..

"അങ്ങനെയെങ്കിൽ.. ഏറ്റവും മനോഹരമായ ചുംബനം ഏതാണ്...!"

വെറുമൊരു പുഞ്ചിരിയിൽ ആ ചോദ്യത്തിനുത്തരം നൽകി കാറിലേക്ക് നടക്കുമ്പോൾ..
'നിന്റെ മുഖത്തെ സംശയഭാവത്തിനൊരുത്തരം എന്റെയടുക്കലില്ല കുട്ടി...'
എന്ന് എന്റെ മനസ്സ് മന്ത്രിച്ചതവൾ കേട്ടുകാണുമോ..!!

സീറ്റിലേക്ക് ചാരിയിരുന്ന് ആ രംഗം ഒന്നുകൂടി ഓർത്തെടുക്കുമ്പോൾ.. ആ ചോദ്യത്തിന്
'പ്രണയിക്കാത്തവരായി ആരുണ്ട് ഭൂവിൽ..!?'
എന്ന മറുചോദ്യം ഉത്തരമായി കൊടുത്തതിൽ എനിക്ക് നിരാശ തോന്നി..
എത്ര വേഗമാണ് ഞാൻ 'കമല ആനന്ദിൽ' നിന്നും 'കമലയിലേക്ക് ' മാറിയത്..!!

അതിൽ ഇത്ര നിരാശയെന്തിനെന്നു ചോദിക്കുന്ന മനസ്സു തന്നെയാണ്..
നിന്റെതല്ലാത്ത വാക്കവിടെ പറയേണ്ടതില്ലായിരുന്നു എന്നെന്നെ  ഓർമ്മിപ്പിച്ചുകൊണ്ടിരുന്നതും..!!

ഒരുപക്ഷെ അങ്ങനെയൊരുത്തരം അല്ലെങ്കിൽ ഞാനെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക...!

കമലയെന്ന നാല്പത്തഞ്ചുകാരി പ്രണയിച്ചിട്ടില്ലെന്നോ..!

ഏകയായി ജീവിക്കുന്ന ഞാൻ പ്രണയത്തെക്കുറിച്ചോർക്കാൻ ആഗ്രഹിക്കുന്നില്ലെന്നോ..!!

അതോ.. തരളിതയായ സാധാ ഒരു സ്ത്രീയല്ലയീ കമലയെന്നോ..!?

അതുമല്ലെങ്കിൽ....
'പ്രണയവുമായി പ്രണയത്തിലാവാതെ' ഇന്നും  'പ്രണയവുമായി സൗഹൃദത്തിലാണെന്നോ'..!

എന്തായിരിക്കും ഞാൻ പറഞ്ഞിട്ടുണ്ടാവുക..?!!!

കാറിൽ നിന്നിറങ്ങി ഗോവണി കയറി എന്റെ മുറിയിലെ കണ്ണാടിയ്ക്ക് മുന്നിൽ ചെന്നു നിൽകുമ്പോൾ നാളുകൾക്ക് ശേഷം ഞാനെന്റെ പ്രതിബിംബത്തിലേക്ക് നോക്കി..

കറുത്ത കണ്ണടയും..
തോളിൽ നിന്നുമൂർന്നു കിടക്കുന്ന ചുവന്ന സാരിയും..
നെറ്റിയിലെ വട്ടപ്പൊട്ടും കടന്ന് നിറുകയിൽ നര വീണു തുടങ്ങിയ എന്റെ  മുടിയിലേക്ക് നോട്ടമെത്തി നിന്നു..!

പിന്നെ ഞാനെന്റെ  കൈകളിലേക്ക് നോക്കി...
പുരുഷനെ ചേർത്തുപിടിച്ചിട്ടില്ലാത്ത കൈകളിലേക്ക്..

നേർത്തയെന്റെ വിരലുകളിലേക്ക്..
പേനയും മഷിയും മത്സരിച്ചു ചുംബിച്ചയെന്റെ വിരൽത്തുമ്പിലേക്ക്..!

പുരുഷസ്പർശമേറ്റിട്ടില്ലാത്തയെന്റെ തനുവിലേക്ക്..!!

എനിക്കെന്റെ യൗവനം  ഓർത്തെടുക്കാൻ കഴിയാത്തതിൽ അത്ഭുതം തോന്നിയില്ല.

'ഓർമ്മയിലില്ലാത്തതിനെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടെന്തു കാര്യം..?'

എഴുത്തുകൾക്കിടയിൽ വായിച്ചു പകുതിയിൽ നിർത്തിയ 'ഇനിയും വാടാത്ത പൂക്കൾ' എന്ന 'R. K' യുടെ പുസ്തകവും  കയ്യിലെടുത്ത് കെട്ടി വെച്ച നീണ്ട മുടി അഴിച്ചു വിടർത്തിയിട്ട് കിടക്കയിലേക്ക് ചാഞ്ഞു..!

ഓരോ താളും മറിക്കുമ്പോഴും എനിക്കെന്റെ പ്രണയത്തെ കാണാൻ കഴിഞ്ഞില്ല..

കാമുകൻ കാമുകിയെ ചുംബിക്കുന്ന ഭാഗമെന്നിൽ ഒരു വികാരവും ജനിപ്പിച്ചില്ല..!
ഞാനെന്റെ പ്രണയത്തെ പുസ്തകങ്ങളിൽ കാണാൻ ശ്രമിക്കുന്നതായിരിക്കുമോ എന്റെ തെറ്റ്..?!!

പതിയെ ഞാനെന്റെ കൂമ്പിത്തുടങ്ങിയ മിഴികളെ തടഞ്ഞു നിർത്തി  ഭിത്തിയോട് ചേർത്ത് പുസ്തകം വെച്ചു വായിച്ചു വായിച്ചു പോകെ ആരോയെന്റെ അടുക്കൽ വന്നിരിക്കുന്നതായി തോന്നിയെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല..
മുറിയിലാകമാനം ചെമ്പകത്തിന്റെയും മുല്ലയുടെയും ഗന്ധം നിറഞ്ഞതും ഞാനറിഞ്ഞില്ല..

വായനയിൽ മാത്രം ശ്രദ്ധിച്ചു കിടന്നയെന്റെ അടുത്തേക്ക് അദ്ദേഹം ചാഞ്ഞിരുന്നുകൊണ്ട് വിളിച്ചു...

"കമലാ.........!!"

ഞാൻ വിളി കേട്ടതില്ല..

വീണ്ടും വിളിച്ചു...

"കമലാ.......!"

വായനയ്ക്കിടയിൽ മറ്റൊരാളുടെ ശബ്ദം കേട്ടാൽ ദേഷ്യപ്പെടുമായിരുന്ന എന്നിൽ നിന്ന് നേർത്തയൊരു മൂളലുയർന്നത് ഞാൻ പോലും അറിയാതെയായിരുന്നു..

അദ്ദേഹമെന്റെ വിടർത്തിയിട്ട മുടിയിലൂടെ വിരലോടിച്ചു...

അതിൽ നിന്നുയരുന്ന ഗന്ധം അദ്ദേഹത്തെ എന്നിലേക്കടുപ്പിക്കുന്നതായി തോന്നി..!
അദ്ദേഹമതിലേക്ക് മുഖം പൂഴ്ത്തി...

നീണ്ട മുടിയിഴകളെയോരോന്നായി തലോടി ചുംബിച്ചുകൊണ്ടിരുന്നു..
ആ തലോടലിൽ ലയിച്ചു ഞാനും...!!

ചുംബനമേറ്റയെന്റെ മുടിയിഴകൾ യൗവനത്തിലേക്ക് തിരികെ നടക്കുന്നതായി തോന്നി..!

എപ്പോഴോ അദ്ദേഹം പറയുന്നുണ്ടായിരുന്നു..
'ഈ വായിക്കുന്ന കമലയെ ഞാൻ പ്രണയിക്കുന്നു..
മറ്റെല്ലാം മറന്നു നീ വായിക്കുമ്പോൾ നിന്റെയരികെയിരുന്നു നിന്റെ മുടിയിഴകളിൽ ചുംബിക്കുന്നതാണെനിക്കിഷ്ടമെന്നും..!"

ഉറക്കത്തിൽ നിന്നുണർന്നയെനിക്ക് അതൊരു സ്വപ്നം മാത്രമായിരുന്നെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി..!!!

എങ്കിലും..
കറുത്ത  കണ്ണടയിലൂടെ മാത്രം പ്രണയിച്ച ഞാൻ..
ഇന്ന് മനസ്സറിഞ്ഞു പ്രണയിക്കുന്നു..!! പ്രണയമറിയുന്നു..!!
അതിനു കാരണമാ തോന്നലിലെ ഗന്ധർവ്വൻ തന്നെയാണ്..!

ഏറ്റവും മനോഹരമായ ചുംബനമായി പലരും കവിളുകളും.. അധരങ്ങളും..
നെറ്റിയുമെല്ലാം പറയുമെങ്കിലും..
ഞാനറിയുകയായിരുന്നു..
എനിക്കേറ്റവും മനോഹരവും മധുരമുള്ളതും.. 'മുടിയിഴകളിലെ ചുംബനമാണെന്ന്..!!'

അത് തിരിച്ചറിഞ്ഞ നിമിഷം ഞാനെഴുതി..!

"എന്നോട് ചേർന്ന് എന്റെ ആത്മാവിനെയറിഞ്ഞവനെ..!
നീ ചുംബിച്ചയോരോ മുടിയിഴകൾക്കും യൗവനം ബാധിച്ചുവെങ്കിൽ..
നിന്റെ ചുംബനമേൽക്കാത്തയെന്റെ മുടിയിഴകൾ എത്ര ഭാഗ്യമറ്റവരാണ്..!"

ഞാനിന്നും കമല ആനന്ദ് തന്നെയാണ്..!
പക്ഷെ പ്രണയത്തെ അറുംകൊല ചെയ്ത കമലയല്ല..
പ്രണയമെന്നയാകല്യം ബാധിച്ച കമലയാണ്...!!

ആകാശസ്ഫടികങ്ങളുടെ അനേകലക്ഷം പാളികൾക്കിടയിൽ സൂര്യോദയത്തിനായി കാത്തുകിടക്കുകയായിരുന്നു ഈ കമലയുടെ മനസ്സെന്ന് ഒരാളെങ്കിലും തിരിച്ചറിഞ്ഞുവല്ലോ..!!!!!!
.