കഥഃ ഭാഷ
-----------------
ഏട്ടാ...ഇതെന്തു പറ്റി ?

ഈയടുത്തൊന്നും കിടക്കപ്പായയിൽ ഇങ്ങിനെ മൂഡോഫായി കണ്ടിട്ടില്ലാലോ...

എന്താണെങ്കിലും എന്നോടു പറയൂന്നേ....

അതിപ്പൊ...സുമാ...

തെറ്റും ശരിയും വ്യക്തമായി തിരിച്ചറിയാനാവാത്തൊരു വിഷയത്തിന്റെ പേരിലാണ് ഈയൊരു ടെൻഷൻ...

എന്തായാലും കേട്ടുകഴിഞ്ഞിട്ട് നീ തന്നെ ഒരുത്തരം  പറ...

ഏട്ടൻ സധെെര്യം വിവരിയ്ക്കൂ...

എന്തിനും പാതിമെയ്യായ സാക്ഷാൽ പാർവ്വതിയില്ലേ  കൂടെ...

തമാശ കളഞ്ഞ് സസൂക്ഷ്മം ശ്രദ്ധിയ്ക്കൂ സുമാ......

ഞാനിന്ന് സന്ദീപിന്റെ കൂടെ പാലക്കാടു വരെ പോയില്ലേ ?

ആ  സമയത്തെ ഡ്രെെവിംഗിനിടയിൽ  റോഡിലൂടെ കടന്നു പോവുന്ന പല വണ്ടിക്കാരേയും പൊതുജനങ്ങളേയും അവൻ വല്ലാതെ തെറിവിളിച്ചു...

അതെന്തിന് ?

ചിലത് ഡ്രെെവിംഗിലെ പാകപ്പിഴവിന്,

അല്ലെങ്കിൽ മൂന്നുപേരിൽക്കൂടുതൽ ആളുകൾ  അങ്ങാടിയിൽ വട്ടം കൂടി നിൽക്കുന്നതിന്,

ചിലർ അശ്രദ്ധയോടെ റോഡ്  ക്രോസ് ചെയ്തതിന്....

മേൽപ്പറഞ്ഞ  സംഭവങ്ങളെയൊന്നും  ഞാനും ന്യായീകരിയ്ക്കുന്നില്ല...

പക്ഷേ....

അടച്ചിട്ട കാറിനകത്തു നിന്നുള്ള ഇത്തരം മോശപ്പെട്ട വാക്കുകളെല്ലാം കേട്ടുകൊണ്ടിരുന്നത് ഞാൻ മാത്രമല്ലേ....?

അച്ഛനില്ലാത്ത  വിഷമങ്ങളറിയിയ്ക്കാതെ എത്ര കഷ്ടപ്പെട്ടാണ് ഞാനവനെ പഠിപ്പിച്ചൊരു പോലീസാക്കിയത് ?

ഇന്നേവരെ ആരോടുമൊരേറ്റത്തിനില്ലാത്ത തരത്തിൽ  വിനയവും ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന  എന്റെ അനിയനെങ്ങിനെയാണ്  ഒരു ജോലികിട്ടിയപ്പോഴേയ്ക്കും ഇത്ര മോശപ്പെട്ട സംസ്കാരമുണ്ടായത്  ?

ഒരു വല്ല്യേട്ടൻ ചമയാതെ സദാസമയവും ഉറ്റസുഹൃത്തായി ഒപ്പം കൊണ്ടു നടന്നതിന്റെ വളർത്തുദോഷമാണോ ?

അങ്ങിനെയെങ്കിൽ ഇതിനുമുമ്പും അവനിതാവർത്തിയ്ക്കേണ്ടതല്ലേ ?

മാത്രമല്ല സന്ദീപ് തെറി പറഞ്ഞവരുടെ കൂട്ടത്തിൽ  അച്ഛന്റെ  പ്രായമുള്ളവരും മുതുമുത്തശ്ശൻമാരും  പെട്ടപ്പോൾ ആകെപ്പാടെ ഒരു വെറുപ്പ് കലർന്ന സങ്കടം...

ചിലസമയം അപമാനം സഹിയ്ക്കാനാവാതെ വണ്ടിയിൽ നിന്നിറങ്ങി നടന്നാലോന്നു പോലും തോന്നിപ്പോയി ...

എന്നിട്ടും ക്ഷമിച്ചത് ആരുമില്ലാത്ത അടുത്ത വീട്ടിലെ ചിരുതമ്മയുടെ മരുന്നിനുവേണ്ടി ഇറങ്ങിയതാണല്ലോ എന്നോർത്താണ്...

എന്റെ സുമേ....

ഞാനിപ്പറഞ്ഞതിന്റെ ഗൗരവം ശരിയ്ക്കും  മനസിലാവണമെങ്കിൽ അത്തരം വാക്കുകളിൽ ചിലതെങ്കിലും നീയൊന്നു  കേൾക്കണം...

പക്ഷേ എനിയ്ക്കതിനു സാധിയ്ക്കുന്നില്ല..

ഇതു നമ്മുടെ അനിയന്റെ മാത്രം കുറ്റമാണോ ?

അതൊ സകല പോലീസുകാരും ഇങ്ങിനെത്തന്നെയാണൊ ?

ഇനിയൊരു പക്ഷേ വീടുമാറിയതിൽപ്പിന്നെ ശീതളിനോടും ഇത്തരം വാക്കുതന്നെയാണാവൊ അവനുപയോഗിയ്ക്കുന്നുണ്ടാവുക ?

കൂലിപ്പണിയ്ക്കു പോകവെ ഒരു കൊച്ചുകുട്ടിയെ കണ്ടാൽ പോലും കെെകൂപ്പി തൊഴുന്ന എനിയ്ക്കെങ്ങിനെയാടൊ ഇതൊക്കെ സഹിയ്ക്കാനാവുക ?

എന്തു തന്നെയായാലും ഒരുകാര്യം ഞാനിപ്പൊഴേ ഉറപ്പിച്ചു...

നമ്മുടെമക്കളെയൊരിയ്ക്കലും ഈ ജോലിയ്ക്ക്.....

ഇങ്ങിനെയെല്ലാം  ചിന്തിച്ച് എനിയ്ക്കാകെപ്പാടെ കരച്ചിൽ വരന്നൂ സുമേ...

ഏട്ടാ....അതിപ്പൊ...

സന്ദീപിനെ ന്യായീകരിയ്ക്കുകയല്ല...

ഈ ലോക്ഡൗൺ സമയത്ത് വെയിലുകൊണ്ട് ജോലിയെടുക്കുമ്പോൾ അനാവശ്യമായി പുറത്തിറങ്ങുന്നവരോടുള്ള അസഹിഷ്ണുതയിൽ നിന്നൊ അല്ലെങ്കിൽ ഒപ്പമുള്ളവരുടെ സ്വഭാവരീതിയിൽ നിന്നൊ ഇത്തരമൊരു ഭാഷ മനസിലുറച്ചു പോയിട്ടുണ്ടാവും....

എന്നിരുന്നാലും തൽസമയമത് തിരുത്തുന്നതിനുള്ള ഏട്ടന്റെ  അനിഷ്ടമറിയിയ്ക്കാമായിരുന്നു..

അതുപോലെ തെറ്റു ചെയ്യുന്ന വ്യക്തികളെ അയ്യപ്പേട്ടാ, ഗോപാലേട്ടാ, ബെെജുമോനേ എന്നൊക്കെ വിളിച്ചാൽ അവർക്കൊരു വിലയും,ഭയവുമുണ്ടാവാൻ ചേൻസ് കുറവാണ്...

അതുകൊണ്ടൊരുപക്ഷേ ഇത്തരം വാക്കുകൾ അവർ മനഃപൂര്‍വ്വം ക്രിയേറ്റു ചെയ്യുന്നതാവും ...

ഇങ്ങിനെയൊക്കെയാണെങ്കിലും ഏട്ടനൊപ്പമിരുന്ന്  അവൻ പറഞ്ഞ നിരന്തരമായ തെറി തെറ്റു തന്നെയാണ്...

എന്തായാലും നിങ്ങളിനി ഇക്കാര്യമോർത്ത് സങ്കടപ്പെടണ്ട...

ഞാനവനെ തഞ്ചത്തിൽ കിട്ടുമ്പോൾ പറഞ്ഞു മനസിലാക്കിച്ചോളാം...

ഈ മഹാമാരി സമയത്തെ പോലീസിന്റെ സേവനത്തിന് നമ്മളോരോരുത്തരും ഹൃദയം കൊണ്ടു വിശിഷ്ടമെഡൽ കൊടുക്കേണ്ടിയിരിയ്ക്കുന്നു...

അതുകൊണ്ടേട്ടൻ അനിയനെന്ന കാര്യം  മറന്ന് അത്ര പരിചയമില്ലാത്തൊരു പോലീസുകാരന്റെ കൂടെയാണ് യാത്ര ചെയ്തതെന്ന് മനസിനെ പറഞ്ഞ് ബോധിപ്പിയ്ക്കൂ.....

ആയതിനാല്‍ ഈ വിഷയമിവിടെ എന്നേയ്ക്കുമായി  ഞാൻ  അവസാനിപ്പിയ്ക്കുകയാണുട്ടോ...

അത്രയും പറഞ്ഞ് അദ്ദേഹത്തിന്റെ നെറ്റിയിൽ തലോടി ഉമ്മ വച്ച സുമ പതുക്കെ  ലെെറ്റുകളണച്ചു...

കടപ്പാട്
Basha