കഥഃ ചവിണി
--------------------
അച്ഛാ....
പുറത്ത് കട്ടിയുള്ള തോടും നിറയെ ആണിയുമുള്ളപ്പോൾ നൂറ് നൂറ് സീറ്റ് ബെൽറ്റിട്ടപോലെ ഓരോ ചുളകൾക്കും ഇത്രയധികം ചവിണിയെന്തിനാണ് ?
അമ്മയടക്കം അഞ്ചു പേരും വട്ടത്തിലിരുന്ന് പാതി പഴുത്ത ചക്ക തിന്നുമ്പോഴുള്ള അല്ലിയുടെ ചോദ്യം കേട്ട് ഞാനമ്പരന്നു...
ഒന്നു ചിന്തിച്ചപ്പോൾ അവൾ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി...
സത്യത്തിലിത്രയും ചുളകൾ പട്ടാളപ്പരേഡ് പോലെ ഒരുമിച്ച് നിൽക്കുമ്പോൾ ദെെവത്തിനിത്രയും കെട്ടുകളിടേണ്ട യാതൊരാവശ്യവുമില്ലല്ലോ..
സൂക്ഷ്മനിരീക്ഷണം നടത്തിയ മകളെ നിരാശപ്പെടുത്താതിരിയ്ക്കാൻ ഞാൻ പെട്ടന്നൊരു കഥ തട്ടിക്കൂട്ടി...
അതേയ്....
പണ്ടൊരു മഹർഷി കാട്ടിലൂടെ പോകുമ്പോള്‍ നല്ല ഭംഗിയുള്ളൊരു ചക്ക പ്ളാവിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു....
അതുവരെ കായ്ക്കാത്ത ആ മരത്തിലെ തണ്ണിമത്തൻ പോലെ മിനുസമുള്ള ഒറ്റപ്പഴം നല്ല രുചിയുണ്ടാവുമെന്ന് ചിന്തിച്ച മഹർഷി മുകളിൽക്കയറി അതു താഴെയിട്ട് ആശ്രമത്തിലെത്തിച്ചു...
ഞാൻ പുഴയിൽ പോയി കുളിച്ചു വന്നിട്ട് പകുത്ത് തരാമെന്ന് പറഞ്ഞാണ് മഹർഷി ഇറങ്ങിയതെങ്കിലും തിരിച്ചെത്തിയപ്പോഴേയ്ക്കും മക്കളും ഭാര്യയും കൂടി അതു മുഴുവനകത്താക്കി....
ഇതു കണ്ട് കുപിതനായ അദ്ദേഹം ചക്കയെ ഇങ്ങിനെ ശപിച്ചു...
മേലിൽ നിന്റെ പുറം ഭാഗം ആകർഷണമില്ലാത്ത വിധം മുള്ള് നിറഞ്ഞതുപോലെയും ഉള്ളിലോരോ ചുളയ്ക്കും ആർത്തികൊണ്ട് പെട്ടന്നെടുക്കാൻ പറ്റാത്ത തരത്തിൽ ചവിണിക്കെട്ടുകൾ രൂപപ്പെടുകയും ചെയ്യട്ടെ....
ഏ ???
അച്ഛാ...
അതിനിപ്പൊ ആ പാവം ചക്കയെന്തു പിഴച്ചു ?
തെറ്റു ചെയ്തത് സന്യാസിയുടെ കുടുംബമല്ലേ ?
അല്ലി വിട്ടു തരുന്ന ലക്ഷണമില്ല...
അതിപ്പൊ...ഞാനൊന്നു പരുങ്ങി...
''കഥയായാലും ജീവിതമായാലും ഉദാഹരിയ്ക്കപ്പെടുമ്പോൾ അതിൽ ന്യായതയും നിഷ്പക്ഷതയുമുണ്ടാവണം...
അല്ലെങ്കിലീ ചക്കയുടെ വിളഞ്ഞി പോലെ കയ്യിലങ്ങോട്ടുമിങ്ങോട്ടും ഒട്ടിപ്പിടിച്ച് സംശയങ്ങൾ ബാക്കിയാവും''...
നീയെന്തിനിതിലിടപെടുന്നു എന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ലാത്തതിനാൽ ഞാൻ ദേഷ്യം മറച്ചു വച്ച് ചക്ക മുറിയ്ക്കുന്ന ഭാര്യയെ നോക്കി പുഞ്ചിരി തൂകി...
ശേഷം മകളോടിങ്ങനെ തുടർന്നു...
നീ പറഞ്ഞത് നേരാണെങ്കിലും ചക്കയ്ക്കു പകരം അദ്ദേഹം ശപിച്ചത് സ്വന്തം ഫാമിലിയെയാണെങ്കിൽ അതിന്റെ കഷ്ടപ്പാടും ദുരിതവും മഹർഷിതന്നെയനുഭവിയ്ക്കണ്ടേ ....?
മനസിലായില്ല...?
ഞാഞ്ഞൂളിന്റെ വലിപ്പമുള്ള മകൾ വീണ്ടും പത്തി വിടർത്തി...
അതായത് മോളേ...
മഹർഷി വീട്ടുകാരെ ശപിച്ചു കല്ലാക്കിയാൽ അദ്ദേഹത്തിനാര് ചോറു കൊടുക്കും ?
ദോശയും ചട്ണിയുമാരുണ്ടാക്കും...?
രാത്രി മഹർഷിയുടെ പുറത്താര് തെെലം തേച്ചു കൊടുക്കും ?
ഒാമനത്തം തുളുമ്പുന്ന എന്റെ വാക്കുകേട്ട് അവൾ വായപൊളിച്ചു...
അല്ലീ...നിനക്കച്ഛൻ പറഞ്ഞത് മനസിലായില്ലേ ?
ഇല്ലമ്മേ...
അതായത് മോളേ....
ഭാര്യ തുടർന്നു..
അമ്മയിവിടെ എന്തു തെറ്റു ചെയ്താലും ആ ദേഷ്യം മുഴുവൻ അച്ഛൻ നിങ്ങളോട് തീർക്കുമെന്ന്...
അല്ലെങ്കിലൊക്കെ നിലയ്ക്കില്ലേ....
ചായ ചോറ്...പിന്നെ...
മൗനപ്പെട്ട ഞാൻ പതുക്കെയെണീറ്റു...
കാരണം ജീവിതത്തിൽ മനുഷ്യനുമാത്രമല്ല കണ്ടകശനി...
ചില സമയം കഥകൾക്കുമുണ്ടാവും...
അത്തരമൊരു സൃഷ്ടിയായ് പാവം ചവിണിയും....
കടപ്പാട്

0 Comments
Post a Comment