*തെരുവിൽ..!*


_യാസി✍🏻


ചില കാര്യങ്ങൾ നമ്മെ മറ്റ്  ഓർമകളിലേക്ക് കൊണ്ടുപോവും.
അത്തരം ഒരു ഓർമയുടെ ഭാഗമായി എഴുതുന്ന ഒരു കഥയാണിത്.

ഞാൻ സ്നേഹിക്കുന്ന നല്ലവരായ എഴുത്തുകാരെയും എന്റെ പ്രിയ അക്ഷരമിത്രങ്ങളെയും മനസ്സിൽ ധ്വാനിച്ച് എഴുതുന്നു..



(ചെറുകഥ)



തെരുവിൽ..!!






എന്നും വാപ്പി വിളിച്ചാൽ വഴക്ക് കേൾക്കുന്നത് വ്യായാമം ചെയ്യാത്തതിനെ തുടർന്നാണ്. ജിമ്മിന് ചേർന്നെങ്കിലും ആദ്യത്തെ ഒന്ന് രണ്ട് ദിവസങ്ങളിൽ പോയെന്നെല്ലാതെ പിന്നീട് ആ വഴിക്ക് പോയില്ല.
അങ്ങനെ ആകെമൊത്തം ശരീരം ക്ഷയിച്ചുവെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയപ്പോൾ ഒരു ദിവസം രാവിലെ സുബ്ഹി നിസ്‌കാരത്തിന് ശേഷം ചെവിയിലൊരു ഹെഡ്സെറ്റ് തിരുകി ഞാൻ നടക്കാനിറങ്ങി. അടുത്തുള്ള ജെ പി പാർക്കിലാണ് എല്ലാവരും രാവിലെ നടക്കാനും ഓടാനും ഓക്കെ പോവാറുള്ളത്. പക്ഷെ എനിക്കെന്തോ അവിടെ പോവാൻ തോന്നിയില്ല. ഞാൻ റോഡിനരികിലൂടെ മുന്നോട്ടേക്ക് നടന്നു. രാവിലെ 4 മണിയോടെ ഇവിടെ തിരക്ക് തുടങ്ങും. ഞാൻ നടക്കുന്നത് ഒരു ആറ് ആറര മണിക്കും. നല്ല തിരക്കുള്ള സമയം ആയതിനാൽ നടപ്പാതയിൽ ഒരു ഭാഗത്തേക്ക് മാറി നിന്നാണ് ഞാൻ നടക്കുന്നത്. ഉമ്പായിന്റെയും റാസ ബീഗത്തിന്റെയും ഗസലുകൾ ആസ്വദിച്ച്‌ കുറച്ചു ദൂരം മുമ്പോട്ടേക്ക് ഞാൻ നടന്നു. പെട്ടെന്നാണ് ഞാനൊരു കാഴ്ച കണ്ടത്. ഒരു ചെറിയ പൈതൽ നടപ്പാതയിൽ കിടന്നുറങ്ങുന്നു. ആ പൈതലിന്റെ അമ്മ കുഞ്ഞിന്റെ തലയിൽ തലോടുന്നു.
ഒരു വിരി തുണി പോലും ഇല്ലാതെ ആ കുഞ്ഞിനെ അമ്മ അവിടെ കിടത്തുന്നതുകണ്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി.
ഞാൻ ഹെഡ്സെറ്റ് പോക്കറ്റിൽ ഇട്ടതിനു ശേഷം അവരുടെ അടുത്തേക്ക് ചെന്നു.

"ഊട്ടായിത്താ..?? "
(ഭക്ഷണം കഴിച്ചോ? )

എന്റെ ചോദ്യം കേട്ടതും പെട്ടെന്നെന്തോ കണ്ട് ഭയന്നതുപോലെ അമ്മ ആ കൈകുഞ്ഞിനെയും എടുത്ത് വേഗത്തിൽ നടന്നു. ഞാനാകെ പരിഭ്രമിച്ചു. ഒന്നും മനസ്സിലാവുന്നില്ല..
എന്തിനാണവർ ഭയന്നത്..??
ആരെയാണവർ ഭയക്കുന്നത്..?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ അലയടിച്ചു. പിന്നെ നടക്കാനുള്ള മൂടും പോയപ്പോൾ ഞാനവിടെ ഒരു ബോർഡിന്റെ മുകളിൽ പോയി ഇരുന്നു. കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച് ഇരിക്കുമ്പോഴാണ് ആ അമ്മ കൈക്കുഞ്ഞുമായി വീണ്ടും വരുന്നത് കണ്ടത്..
കൂടെ തെരുവിൽ അലയുന്ന മറ്റൊരു സ്ത്രീയുമുണ്ട്.

ഒന്നും മനസ്സിലാവാതെ ഞാനവിടെ എഴുന്നേറ്റ് നിന്നു.

എന്തിനാണ് ഭയന്ന് പോയത് എന്ന് ഞാൻ ചോദിച്ചപ്പോൾ ആ അമ്മ കൈകൾ കൊണ്ട് എന്തോ പറയാൻ ശ്രമിച്ചു.
കുറച്ചു നേരത്തെ കഷ്ടപ്പാടിന് ശേഷം എനിക്ക് മനസ്സിലായി.

"ഞാൻ കഴിച്ചതാണ്. ഇത് എന്റെ കൂട്ടുകാരിയാണ് ഇവൾ ഒന്നും കഴിച്ചിട്ടില്ല"

എന്നായിരുന്നു ആ അമ്മ പറഞ്ഞത്. രണ്ടുപേരും ഊമകളാണ് എന്നത് എന്നെ അതിലേറെ വേദനിപ്പിച്ചു.

സ്വന്തം കാര്യം മാത്രം നോക്കാതെ തന്റെ കൂട്ടുകാരിയുടെ കാര്യവും നോക്കുന്ന ആ അമ്മയോട് വല്ലാത്തൊരു ബഹുമാനം തോന്നി.
തെരുവിൽ പിച്ചയെടുക്കുന്ന സ്ത്രീകളാണ് രണ്ടുപേരും. എന്നിട്ടും അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമാണ്..

_________________________


ഇങ്ങനെയുള്ള ഒരുപാട് പേരുണ്ട്  ഇന്നീ സമൂഹത്തിൽ..
ഈ ലോക്കഡൗണിൽ നമ്മളൊക്കെ വീട്ടിൽ വന്നൊളിച്ചപ്പോൾ അവരൊക്കെ എന്ത് ചെയ്യുന്നുണ്ടാവും എന്നൊരു ഭീതി മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.

വീട്ടിലിരിക്കുന്നത് കഷ്ടമാണ് വിപ്ലവമാണ് എന്നൊക്കെ പറയുന്നവർ അവരെ കുറിച്ചാലോചിക്കണം.. സ്വന്തമായി വീടുള്ളതിന്റെ അഹങ്കാരമാണ് ഇന്ന് ലോക്കിൽ അകപ്പെട്ടതുപോലെയുള്ള വേവലാതി.


ശുഭം. 




യാസി✍🏻