പുലരി വിരിയിച്ച ആനന്ദം



പെരുന്നാളിനും വീട്ടിലെ ആഘോഷങ്ങൾക്കും മാത്രം ഒത്തുകൂടുന്ന കൂന്നുമ്മൽ തറവാട്ടിൽ അപ്രതീക്ഷിതമായാണ് ഒരു ഒത്തുകൂടൽ കൊറോണ സൃഷ്ടിച്ചത്. ഏഴു ആൺകുട്ടികളിൽ ആരും തന്നെ നാട്ടിലുണ്ടാവാറില്ല.
അവരെല്ലാവരും വീട്ടിൽ ഒത്തുകൂടിയാൽ അവിടെ ഒരു ആഘോഷംതന്നെയാണ്.
വർഷത്തിൽ രണ്ടോ മൂന്നോ തവണ ഒരുമിച്ചു കൂടുന്ന അവർക്ക് നല്ലൊരു അവസരമാണ് കൊറോണ ഒരുക്കികൊടുത്തത്. എന്റെ ഓർമയിൽ ഞങ്ങൾ ഇതുവരെ ഇങ്ങനെ ഒരുമിച്ചുകൂടിയിട്ടില്ല.

എല്ലാവരും ഉള്ളതുകൊണ്ട് തന്നെ വിറകിന്റെയും അല്ലറ ചില്ലറ പണികൾ എല്ലാവരും കൂടി ചെയ്തു തീർത്തു. ഇതായിരുന്നു പതിവ്, ഇത്തവണയും വിറകിന്റെ പണിയുണ്ടായിരുന്നു.

എല്ലാവരുമുണ്ടങ്കിൽ നല്ല രസമാണ്. വീട്ടിൽ തന്നെ കൃത്യസമയത്ത് ജമാഅത്തും മറ്റും ഉണ്ടാവും. അതുപോലെ എല്ലാവരും ഒരുമിച്ചിരുന്നുള്ള ദിക്റിന്റെ സദസ്സും. പിന്നെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കുടുംബം.

പക്ഷെ ഇത്തവണ പെട്ടന്നുള്ള ഒത്തുകൂടലായതുകൊണ്ട് തന്നെ അഫ്സൽ കാക്കാന്റെ മുഹ്സിത്താത്ത അവരുടെ വീട്ടിലായിരുന്നു. പ്രതീക്ഷിക്കാതെയുള്ള വരവായതുകൊണ്ട് അഫ്സൽ കാക്കൂന് കൂട്ടികൊണ്ട് വരാൻ സാധിച്ചില്ല. അതിന്റെ വിഷമം അഫ്സൽ കാക്കയുടെ മുഖത്തു നിഴലിച്ചു കാണുന്നുണ്ട്.

പതിവുപോലെ വിറകിന്റെ പണിയൊക്കെ കഴിഞ്ഞു റൂമിലിരിക്കുമ്പോൾ അഫ്‌സൽകാക്ക വിളിച്ചു.
"അമ്മായിയുടെ മോന്റെ കാർ നീ ഡ്രൈവ് ചെയ്യുമോ?  നമ്മക്ക് മുഹ്സി താത്താനെ കൂട്ടാൻ പോവാനാണ്"
"ഞാൻ റെഡിയാണ് ഇങ്ങള് വണ്ടി കിട്ടുമോന്ന് ചോദിച്ചു നോക്കി "
"അതൊക്കെ ഞാൻ ചോദിച്ചോളാം, ഇയ്യ്‌ ഡ്രൈവ് ചെയ്യില്ലേ "
അസ്ലുകാക്ക പറഞ്ഞു.
"ഞാൻ ഡ്രൈവ് ചെയ്‌തോളാം ഇങ്ങള് ആദ്യം പോയി ചോദിച്ചിട്ട് വരീ. അല്ല മുഹ്സി താത്താന്റെ വീട്ടിൽ കാറിൽ ഉപ്പ ആക്കിതരുമോന്ന് ചോദിച്ചു നോക്കിയാൽ പോരെ "
"അതിന് താത്താന്റെ ഉപ്പ ഹോംഐസൊലേഷനിലാണ് അല്ലങ്കിൽ ഉപ്പ ആക്കികൊടുക്കുമായിരുന്നു "
ഇതുപറയുമ്പോൾ അഫ്സൽ കാക്കാന്റെ മുഖത്തു നിന്നും നിരാശ വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു.
"നിങ്ങൾ കാർ ചോദിച്ചു സമ്മതം വാങ്ങിത്തന്നാൽ നമുക്ക് പോയി കൂട്ടികൊണ്ട് വരാം "

അങ്ങനെ അവർ പോയി ചോദിച്ചോ ഇല്ലയോ എന്നൊന്നും അറിയില്ല. പിന്നെ എന്നോട് അതിനെ കുറിച്ചൊന്നും പറഞ്ഞില്ല.
അടുത്ത ദിവസ്സവും അതിനെ കുറിച്ചുള്ള പലചർച്ചകളും നടന്നു. നാട്ടിലെ ഏതെങ്കിലും വണ്ടികിട്ടുമോന്ന് നോക്കി എല്ലാം പരാജയപെട്ടു. കൂട്ടത്തിൽ അമ്മായിന്റെ മോന്റെ കാറിൽ എണ്ണയില്ലാന്നും ഞാൻ അറിഞ്ഞു.
ഞാനും ശ്രമിച്ചു നോക്കി കൂട്ടുകാരന്റെ കാർ കിട്ടുമോന്ന് പക്ഷെ അവന്റെ കാർ മറ്റാർക്കോ കൊടുത്തിരുന്നു. അങ്ങനെ ആ വഴിയും അടഞ്ഞു.

ദിവസങ്ങൾ കഴിയും തോറും അഫ്സൽ കാക്കയുടെ ചിരിയും കളിയും കുറഞ്ഞു വന്നു. തന്റെ പാതിയെ വിട്ടുനിൽക്കുന്നതിലുള്ള വിഷമം അഫ്സൽ കാക്കാനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

ഒരു ദിവസം രാത്രി അഫ്സൽ കാക്കു എന്നോട് ചോദിച്ചു നീ നാളെ നാലുമണിക്ക് എഴുനേൽക്കുമോ? നമ്മുക്ക് ബൈക്കുമെടുത്ത് മുഹ്സി താത്താനെ കൂട്ടാൻ പോവാനാണ് മേപ്പടിയിലേക്ക്, താത്താന്റെ അനിയൻ കൊണ്ടുവരും "

മേപ്പാടിയിലേക്ക് ഞങ്ങളുടെ നാടായ ചൂരൽമലയിൽനിന്ന് പതിമൂന്നു കിലോമീറ്റർ ദൂരമുണ്ട്.

നമ്മുടെ ഇക്കാക്കമാരുടെ വിഷമം നമ്മുടെ കൂടി വിഷമമാണല്ലോ? ഒട്ടും ചിന്തിക്കാതെ ഞാൻ സമ്മതിച്ചു.കൂടെ നാലുമണിക്ക് വന്നു വിളിക്കണം എന്നും പറഞ്ഞു .

എന്താണെന്ന് അറിയില്ല അന്ന് എത്ര കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമയില്ല. എത്ര വിളിച്ചാലും ഉണരാത്ത ഞാൻ കൃത്യംനാലുമണിക്ക് തന്നെ എഴുനേറ്റു. അപ്പൽകാക്കയെ വിളിച്ചു ആദ്യറിങ്ങിൽ തന്നെ ഫോൺ എടുത്തു അപ്പോൾ തന്നെ എനിക്ക് മനസ്സിലായി പാവം ഉറങ്ങിയിട്ടില്ലന്ന്.
"അല്ല നമ്മുക്ക് മുഹ്സി താത്താനെ കൂട്ടാൻ പോവണ്ടേ "
"ഇയ്യ്‌ എഴുന്നേറ്റോ നമ്മുക്ക് നാലരക്ക് ഇറങ്ങാം അവർ എത്താൻ അഞ്ചുമണിയാവും "

അങ്ങനെ ഞങ്ങൾ നാലരയായപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി. വയനാട് എന്നുപറയുമ്പോൾ തന്നെ പലരും തണുത്തു വിറക്കും, പോരാത്തതിന് പുലർച്ചെ നാലുമണിയും. ജാക്കറ്റ് ഇട്ടിരുന്നുവെങ്കിലും ഞാൻ തണുത്തുവിറക്കുന്നുണ്ടായിരുന്നു. അങ്ങനെ തേയിലതോട്ടത്തിനിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. വഴിവക്കിൽ വലിയൊരു മാൻകൂട്ടത്തെയും കുറെയധികം മുയലുകളെയും കണ്ടുകൊണ്ടുള്ള യാത്ര നല്ലരസമായിരുന്നു.
മേപ്പാടിയെത്താൻ നേരം അപ്പൽകാക്ക പറഞ്ഞു "തിരിച്ചു പോവുമ്പോൾ പതുക്കെ പോയാൽ മതിട്ടോ കഴിയുന്നതും കുഴിയിലൊന്നും ചാടിക്കാതെ പോവണം നമ്മുക്ക് തിരക്കൊന്നുമില്ല "

ഇങ്ങനെ പറഞ്ഞതിൽ എനിക്ക് വലിയ  അത്ഭുതം ഒന്നും തോന്നിയില്ല. കാരണം എനിക്ക് പതുക്കെ പോവുക എന്നത് അലർജിയാണ് എന്ന് പറയുന്നതാവും ഉത്തമം. പിന്നെ റോഡ് പണിനടക്കുന്നതിനാൽ റോഡ്മുഴുവനും കുണ്ടുംകുഴിയും. പിന്നെയാണെങ്കിൽ നാലുമാസം ഗർഭിണിയാണ് മുഹ്സി
താത്ത .

അങ്ങനെ ഞങ്ങൾ മേപ്പാടിയെത്തി അൽപ്പ സമയത്തിനുള്ളതിൽ മുഹ്സിതാത്തയും എത്തി ചേർന്നു. അപ്പോൾ അപ്പൽകാക്കാന്റെ മുഖം ഒന്ന് കാണണമായിരുന്നു. അത് വർണിക്കാൻ എന്റെ വാക്കുകൾ മതിയാവില്ല.

ഞങ്ങളോട് യാത്ര പറഞ്ഞ് അവർ പോയി. ഞാൻ വണ്ടി തിരിച്ചു പോവാൻ തയ്യാറായിരുന്നു അപ്പോഴാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത് അപ്പൽകാക്ക തണുപ്പിൽ നിന്നും രക്ഷനേടാൻ വേണ്ടി ധരിച്ചിരുന്ന ജാക്കറ്റ് ഊരി മുഹ്സിനതാത്തക്ക് ഇട്ടുകൊടുക്കുന്നു ഇവിടെ ഞാൻ കണ്ടത് തന്നെക്കാളും തന്റെ പതിയെ സ്നേഹിക്കുന്ന തന്റെ പതിയുടെ സുരക്ഷയെ വിലകല്പിക്കുന്ന ഒരു യഥാർത്ഥ ഭർത്താവിനെയായിരുന്നു.

അങ്ങനെ  മുഹ്സി താത്തേയേയും കൂട്ടി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇത്രയും പതുക്കെ ഡ്രൈവ് ചെയ്തത്. ഒഴിവാക്കാൻ പറ്റാത്ത ഓരോ കുഴിയിലും ചാടുമ്പോൾ എന്റെ ഷോള്ഡറിൽ ഒരു പിടുത്തം മുറുകുമായിരുന്നു പതുക്കെ പോയാൽ മതിയെന്ന പറയാതെ പറയുന്ന അപ്പൽകാക്കാന്റെ തണുപ്പിനാൽ വിറയാർന്ന കയ്യായിരുന്നു അത്. അങ്ങനെ നേരം വെളുക്കും മുൻപ് മുയലിനെയും മാനിനെയും കണ്ട് പ്രകൃതിയെ ആസ്വദിച്ച് ഞങ്ങൾ വീട്ടിൽ എത്തി ചേർന്നു.




                                 -അക്ഷരങ്ങളുടെ കാമുകൻ