Repost
കഥ
*ആത്മാവിലെരിയുന്ന പ്രണയം*
cms alanallur
➖➖➖➖➖
പതിവ് തെറ്റിക്കാതെ ഇന്നും ഞാൻ അവളെ കാണാൻ പോയി. ആദ്യമൊക്കെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചായിരുന്നു എങ്കിൽ ഇന്ന് എല്ലാവരും കാൺകെ തന്നെ അവളുമായി സംസാരിച്ച് തിരിക്കും. അതും അവളുടെ വീട്ടിൽ വെച്ച് തന്നെ. എന്ത് തന്നെ ആയാലും ഇന്ന് ഞങ്ങളുടെ പ്രണയം അവർ അംഗീകരിച്ചിരിക്കുന്നു. അതിന് തടയിടാൻ ഇനി ഒന്നിനും ആവില്ല എന്നും. എന്നത്തേയും പോലെ പരിഭാവമായിരുന്നവൾക്കെന്നോട്, വൈകിയതിൽ ഉള്ള പരിഭവം. ആ ഉമ്മറപ്പടിയിൽ ചാരി ഇരുന്ന് അവളെ തന്നെ നോക്കി അതെല്ലാം കേട്ടു. അത് കഴിഞ്ഞപ്പോ വീണ്ടും അവൾ പഴയ പല്ലവി തന്നെ ആവർത്തിച്ച് കൊണ്ടിരുന്നു. " എന്തിനാ എന്നേം പ്രണയിച്ച് ജീവിതം തുലക്കുന്നത്, നല്ല ഒരുത്തിയെ കെട്ടിക്കൂടെ കൊരങ്ങാ..."ന്ന്. അത് കേൾക്കുമ്പോ ഉള്ളൊന്നു പിടയും. പക്ഷെ ആ പിടച്ചിൽ പുറത്ത് കാണിക്കാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കും പിന്നെ മൗനം ദീക്ഷിക്കും. ഇപ്പൊ കുറച്ച് നാളായി അത് തന്നെയാണ് മറുപടി.
അകതാരിനകത്ത് ഇന്ദ്രജാല നൂലിഴകളാൽ പരസ്പരം ബന്ധിക്കപ്പെട്ട പ്രണയാത്മാക്കൾക്ക് മറ്റൊരാളെ പിരിഞ്ഞ് പോകുക എങ്ങനെ സാധ്യമാവും. പക്ഷെ അപ്പോഴും പരസ്പരം തന്റെ പ്രിയപ്പെട്ടവന് നല്ലത് വരാൻ മാത്രമേ അവർ ആഗ്രഹിക്കൂ. മൗനം നീണ്ടതിനാലാവാം അവൾ പതിയെ എന്നരികിലേക്ക് ഇഴഞ്ഞ് വന്ന് എന്നോട് ചേർന്നിരുന്നത് എൻ തോളിൽ തലചായ്ച്ച അവളുടെ മുടിയിഴകൾ ഇളം തെന്നലിൽ അലക്ഷ്യമായി പാറിപ്പറന്നു എൻ മുഖമാകെ തലോടിക്കൊണ്ടിരുന്നു. വല്ലാത്തൊരു ആകർഷണീയമായ സുഗന്ധമായിരുന്നു അവകൾക്ക്. മുഖത്തെ പേശികൾ വലിഞ്ഞ് ചുളിഞ്ഞിരുന്നെങ്കിലും ആ മുഖഗാന്ധിക്ക് കോട്ടം ഒന്നും ഇല്ലായിരുന്നു. ഞങ്ങളെ തലോടി പോകുന്ന ആ ഇളം തെന്നൽ ഞങ്ങളിരുവരെയും ഭൂതകാലത്തിൻ മധുരമൂറും ഓർമകൾ തൻ ഗർത്തത്തിൽ കൊണ്ടിട്ടു.
എന്നുടെ ബാല്യത്തിൽ കുസൃതി തൻ കൂട്ടായിരുന്നു അവൾ അഞ്ചന, എന്റെ അഞ്ചു. എൻ പ്രിയ കളിത്തോഴിയും സഹപാഠിയും. വിദ്യാലയവഴിയിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്നത് പോലെ കാല ചക്രങ്ങൾ ഉരുണ്ടു നീങ്ങുമ്പോഴും ഞങ്ങളുടെ ബന്ധം പൂർവ്വാധികം ദൃഢതയോടെ മുന്നോട്ട് പോയി. കുഞ്ഞുനാളിലെ എല്ലാവരും ഉണ്ടായ്‌കെ ഒറ്റപ്പെട്ട് പോയ എന്റെ കുഞ്ഞിളം മനസ്സിലെ നോവിനും മുറിവിനും മറുമരുന്നായിരുന്നു അവൾ. അവളുടെ കുഞ്ഞു മുഖത്തിലെ ആ പാൽപുഞ്ചിരി മാത്രം മതിയായിരുന്നു ഞാൻ അവളുടെ മാത്രം കളിത്തോഴൻ ആയി മാറാൻ. കാലം ആർക്കു വേണ്ടിയും കാത്ത് നിന്നില്ല. ബാല്യകാലത്തിൻ എന്നിൽ ഏകിയ വേദനകളിൽ നിന്ന് അല്പം മോചിതനായി കൗമാരത്തിലേക്ക് കാലൂന്നിയ കാലം. നാട്ടിലെ അറിയപ്പെട്ട ഹയർ സെക്കണ്ടറി സ്കൂളിൽ തന്നെ ഞങ്ങൾക്ക് ഇരുവർക്കും സീറ്റ് കിട്ടി. അതും ഒരേ ക്ലാസിൽ. ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയമായിരുന്നു അത്. എന്നിൽ നിന്നും അവളെ പറിച്ച് മാറ്റപ്പെടുമോ എന്ന് സന്ദേഹപ്പെട്ട നിമിഷത്തിൽ തന്നെ വീണ്ടും നാഥൻ ഞങ്ങളെ കൂട്ടിയോചിപ്പിച്ചു. വർഷങ്ങളായുള്ള ബന്ധം ആവണം. ഞങ്ങൾക്കിടയിൽ മറയൊന്നും ഇല്ലായിരുന്നു. എന്ത് തന്നെ മറച്ച് വെച്ചാലും എനിക്ക് അവളുടെ മുന്നിലോ അവൾക്ക് എന്റെ മുന്നിലോ പിടിച്ച് നിൽക്കാൻ സാധിക്കുമായിരുന്നില്ല. ഞങ്ങൾ ഇരു മെയ്യായിരുന്നു എങ്കിലും ഒരു ഹൃദയത്തിൽ ആയിരുന്നു ഞങ്ങളുടെ ആത്മാവ് ബന്ധിക്കപ്പെട്ടിരുന്നത്. അത് കൊണ്ടാവാം പലരും ഞങ്ങൾ പ്രണയ ജോടികളാണെന്നു പാടിപ്പറഞ്ഞ് നടന്നതും. പക്ഷെ ഞങ്ങൾ അതിലേക്ക് ചെവിയോർത്തില്ല, കാരണം അകതാരിൽ അതിലും വലിയ ബന്ധനത്താൽ പരസ്പരം വിട്ട് പിരിയാൻ ആവാത്ത ബന്ധത്തിൽ ആയിരുന്നു ഞങ്ങൾ ഇരുവരും.
കൗമാര കാലത്തെ മനസ്‌ചാപല്യമോ കുട്ടിക്കാലം മുതൽ അനുഭവിച്ച ഏകാന്തതയുടെ അന്തകയായി വന്നതിനാൽ അത് നഷ്ടപ്പെടുന്നതിൽ ഉള്ള സ്വർത്ഥതയോ എന്തോ എന്നറിയില്ല അവളോട് ഉള്ള എന്റെ വികാരത്തിന് എന്ത് വിളിക്കും എന്ന് പോലും അറിയാത്ത അവസ്ഥയായി. അവൾ നൽകുന്ന സ്നേഹവും സംരക്ഷണവും വേറെ തന്നെയായിരുന്നു. അതിലുപരി അത് വേണ്ടപ്പെട്ടവരിൽ നിന്ന് ലഭിക്കാതെ പോകുന്നോ എന്ന സംശയം ഉള്ള എനിക്ക് അവൾ എല്ലാം ആയിരുന്നു. പുഞ്ചിരി തൂകുന്ന ചെറിയ വട്ടമുഖവും പുഞ്ചിരിക്കുമ്പോൾ തെളിഞ്ഞ് കാണുന്ന ആ നുണക്കുഴികളും അരക്ക് കീഴെ എത്തി നിൽക്കുന്ന ആരാലും കൊതിക്കുന്ന കാർകൂന്തലും ചെറുരോമങ്ങളാൽ ആവൃതമായ കൈ തണ്ടകളും നനുത്ത ചെറുമീശ രോമങ്ങളും അതിലേറെ കണ്ണെഴുതി ചന്ദനക്കുറി തൊട്ട് വരുന്ന അവളെ ആരായാലും ഒന്ന് നോക്കി പോകും. അത്ര കണ്ട് മനോഹരി കൂടിയായിരുന്നു അവൾ. പക്ഷെ അവയെക്കാൾ എന്നെ സ്വാധീനിച്ചത് അവളുടെ മനസ്സായിരുന്നു. അവളെ നഷ്ടമാകരുതെന്ന ചിന്ത തന്നെയാവാം എന്റെ വികാര വിചാരങ്ങളെ മറ്റൊരു വഴിയിലേക്ക് തള്ളിയിട്ടത്. അത് പ്രണയമായിരുന്നോ അതോ മറ്റ് വല്ല പേരും ഉണ്ടോ എന്നെനിക്ക് അറിയില്ലായിരുന്നു. ഏകാന്തതയിൽ അവളുടെ ചിന്തകൾ എൻ നാഡീ വ്യൂഹങ്ങളെ ആകെ വലിഞ്ഞു മുറുക്കി എന്നെ വല്ലാത്ത ഒരവസ്ഥയിലേക്ക് എത്തിച്ചു. ജയിക്കാമായിരുന്ന ലീഡർ സ്ഥാനം അവൾക്ക് വേണ്ടി തോറ്റു കൊടുത്ത് അവളുടെ സന്തോഷത്തിൽ ആനന്ദിക്കുകയായിരുന്നു ഞാൻ. അത്രത്തോളം അവൾ എന്നിൽ ലയിച്ചിരുന്നു. പക്ഷെ ഉള്ളകമിൽ എവിടെയോ ഭയം ഫണം വിടർത്തി അവളോട് പറയുവാനുള്ള ധൈര്യം മുഴുവൻ ചോർന്നിരുന്നു.
ഇനിയും വൈകിയാൽ എനിക്ക് എന്നെ തന്നെ നഷ്ടമാകും എന്ന ചിന്ത, അന്നൊരു ബുനാഴ്ച ഉച്ചഭക്ഷണം കഴിച്ച് ഒരുമിച്ച് കൈകഴുകി വരുകയായിരുന്ന ഞാൻ അവളോട് നിരവധി പ്രേമാഭ്യാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ച വരാന്തയിൽ വെച്ച് പറഞ്ഞു. എന്നിലെ നാഡീവ്യൂഹങ്ങളിൽ ബാധിച്ച അവളെന്ന മഹാമാരിയെ കുറിച്ച്. പക്ഷെ ഒന്ന് നോക്കുക കൂടി ചെയ്യാതെ എന്നെ തനിച്ചാക്കി അവൾ നടന്നകന്നതായിരുന്നു ഫലം. അവിടെ തകർന്നടിഞ്ഞ് ഇല്ലാതായത് ഞാൻ തന്നെയായിരുന്നു. ബാക്കിയായത് ഷാ എന്ന സത്വം മാത്രം. അവളുടെ നടത്തത്തിൻ താളാത്മകമായി ആ കൊലുസിന്റെ കിലുക്കം അന്നേരം എന്നുടെ കർണ്ണപടങ്ങളെ തുളച്ച് കീറി. അതോടെ അവളിൽ പല മാറ്റങ്ങളും വന്നു എന്നോട് ചേർന്നുനിന്നിരുന്ന അവൾ എന്നിൽ നിന്നും വല്ലാതെ അകലം പാലിച്ചു എന്നോട് ചിരിക്കാൻ പോലും അവൾ പിശുക്ക് കാണിച്ചു. അതെന്നിൽ തീർത്ത മാറ്റം കൂട്ടുകാരെ പോലും അമ്പരപ്പിച്ചു. കാരണം അവളുടെ ചിന്തയിൽ മുഴുകിയ എന്നോട് ചോദ്യം ചോദിച്ച ടീച്ചർ എന്നുടെ ഭാഗത്ത് നിന്ന് പ്രതികരണം ഇല്ലാതായപ്പോൾ ബുക് കൊണ്ട് എന്നെ അടിച്ചു. അതിന് എന്നിൽ നിന്നൊരു പൊട്ടിത്തെറി ആയിരുന്നു പ്രതികരണം. അവളെന്റെ ഉള്ളിൽ എത്രമാത്രം നീറിപ്പുകയുന്നുണ്ട് എന്നറിയാതെ അവൾ എന്നിൽ നിന്നും അകന്നപ്പോൾ അവളുടെ സന്തോഷത്തിന് വേണ്ടി ഞാൻ സ്വയം മാറിക്കൊടുത്തു. അവളിൽ നിന്നും ഞാൻ എന്നെ പറിച്ച് നട്ടു തുടങ്ങി.
അന്നൊരു വ്യാഴാഴ്ച ആയിരുന്നു. ഉച്ചക്ക് പുറത്തേയ്ക്ക് ഇറങ്ങിയ ഞാനും ക്ലാസിലേക്ക് പോകുന്ന അവളും വരാന്തയിൽ വെച്ച് മുഖാമുഖം എത്തി. അവളെ നോക്കണമെന്നുണ്ടെങ്കിലും അവളുടെ ഇഷ്ടക്കേടിനാൽ തല താഴ്ത്തി ഞാൻ മുന്നോട്ട് നടന്നു. പെട്ടന്നായിയുന്നു എന്റെ കയ്യിൽ ഒരു പിടി വീണത്. കയ്യിൽ തട്ടിയ വളകളുടെ സാന്നിധ്യത്താൽ അതൊരു പെണ്ണാണെന്നത് ബോധ്യമായി. അത് അവളായിരുന്നു അഞ്ചു. തിരിഞ്ഞ് നോക്കിയ എന്നെയും നോക്കി കൊണ്ടവൾ പറഞ്ഞു "ഇനി മേലാൽ എന്നെ ഒരു സുഹൃത്തായി കാണണം എന്നു പറഞ്ഞ് കൊണ്ട് പിറകെ വരരുത്, ഇനി നിന്നെ അപ്രകാരം എന്നുള്ളിൽ കുടിയിരുത്താൻ എനിക്ക് സാധിക്കില്ല." അവളുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. ഒരു സമാധാന വാക്കിന് പകരം അവളിൽ നിന്നുണ്ടായ പ്രതികരണം എന്നിൽ ക്രൂരമ്പുകൾ തുളച്ച് കയറുന്ന പ്രതീതി സൃഷ്ടിച്ചു. അകമിൽ അലയടിക്കുന്ന സങ്കടത്തിരകളെ മറച്ച് വെച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി ഞാൻ തിരിഞ്ഞതും അവൾ തുടർന്നു :- " എനിക്കും നിന്നോട് പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു ബന്ധം ഉണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരുന്നു. നീ എനിക്ക് ഒരു സുഹൃത്തല്ല , അതിലുമുപരി മറ്റെന്തൊക്കെയോ ആണ്." അവളിൽ നിന്നും പെയ്തിറങ്ങിയ വാക്കുകൾ മണലാരണ്യത്തിൽ ദാഹിച്ച് വലഞ്ഞവനിൽ പേമാരി വർശിച്ചത് പോലെ ആയിരുന്നു. അവളെ എടുത്തുയർത്തി കറക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്ഥലത്തെ മാനിച്ച് കൊണ്ട് ഞാൻ അത് ഉള്ളിലൊതുക്കി. എനിക്കൊരു പുഞ്ചിരി നൽകി നാണത്താൽ ഓടിപ്പോകുന്ന അവളുടെ കൊലുസിൻ കിലുക്കം അന്നേരം എന്നിൽ പ്രണയ രാഗത്തിൻ താളമായി മാറി.
നഷ്ടപ്പെട്ടെന്നു ഉറപ്പിച്ച എന്റെ ജീവിതമായിരുന്നു വീണ്ടും കൈ വന്നത്. ഞങ്ങളുടെ പ്രണയം ആരാലും മനസ്സിലാക്കപ്പെടാതെ മുന്നോട്ട് നീങ്ങി. സ്കൂൾ വരാന്തയിലും മൈതാനത്തിൻ ചാരെ തണൽ വിരിച്ചിരുന്ന വൃക്ഷ ചുവടുകളിലും വഴിയോരങ്ങളിലും ഞങ്ങളുടെ പ്രണയം പുതുനാമ്പിട്ട് മുളച്ച് പൊങ്ങാൻ തുടങ്ങി. ദിവസങ്ങൾ കഴിയും തോറും അതൊരു വടവൃക്ഷമായി കഴിഞ്ഞിരുന്നു. ആരാലും മോഹിച്ച് പോകുന്ന സ്നേഹം. പരാതിയും പരിഭവവും കുശുമ്പും അതിലേറെ സ്നേഹവും കൊണ്ട് നട്ടു വളർത്തിയ ഞങ്ങളുടെ പ്രണയം. കൗമാര കാലത്തെ ഇളം മനസ്സിൽ തോന്നിയ ഒരു വികാരത്തിനും അപ്പുറത്തായിരുന്നു ഞങ്ങളുടെ സ്നേഹം. കൂട്ടുകാർക്കൊപ്പം ചേർന്ന് അല്പം പൊട്ടിത്തെറി എന്നിൽ ഉണ്ടായിരുന്നെങ്കിലും അവൾ പലതിൽ നിന്നും എന്നെ തടഞ്ഞിരുന്നു. അല്ല ഞാൻ വല്ല പ്രശ്നത്തിലും പെടുമ്പോൾ നിറയുന്ന ആ കണ്ണുകൾ എന്നുടെ ഹൃദയാന്തരത്തിൽ നോവായി മാറും, ആ കണ്ണുകൾ ഞാൻ കാരണം നിറയാതിരിക്കാൻ ഞാൻ എന്നെ തന്നെ നിയന്ത്രിച്ചു പലതിൽ നിന്നും. അവളായിരുന്നു എനിക്ക് എല്ലാം എന്റേത് മുഴുവൻ അവൾക്കുള്ളതും ആയിരുന്നു.
പത്താം തരത്തിൽ എത്തും മുമ്പേ പത്ത് കഴിഞ്ഞാൽ നിന്നെ ഇവിടെ പടിപ്പിക്കില്ല എന്ന ഉപ്പയുടെ വാക്കുകൾ വീണ്ടും മനസ്സിനെ മടുപ്പിച്ചതോടെ പഠനം പതിയെ ഉള്ളിലോട്ട് വലിഞ്ഞു. പകരം പരമാവധി ആഘോഷിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴുപേർ ചേർന്ന ഗ്യാങ് സ്കൂളിൽ ഉള്ള പ്രശ്നങ്ങളിൽ അധികവും ഭാഗവാക്കായിരുന്നു. അത് കൊണ്ട് തന്നെ പലപ്പോഴും പല തരത്തിൽ ഉള്ള പണിഷ്മെന്റുകളും കിട്ടി തുടങ്ങി. പക്ഷെ അതിലെല്ലാം സങ്കടം കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു എന്റെ അഞ്ചു. മനസ്സ് പലപ്പോഴും പലതിലേക്കും തിരിഞ്ഞ് നീങ്ങിയപ്പോൾ അവൾ എന്നെ വീണ്ടും നല്ല വഴിയിലേക്ക് നടത്തി. അവളുടെ ആ കണ്ണുകൾ കലങ്ങി കഴിഞ്ഞാൽ പിന്നെ എനിക്ക് പിടിച്ച് നിൽക്കാൻ ആവില്ലായിരുന്നു. സുഖ ദുഃഖങ്ങളിൽ എന്നോട് ചേരുന്ന അവളെ എന്റെ കാരണം കൊണ്ട് കരയിപ്പിക്കുന്ന ഞാൻ വെറും സ്വാർത്ഥൻ ആയിപ്പോവില്ലേ... കണ്ണുകൾ നിറച്ച് എന്റെ അടുക്കൽ വന്ന് അവൾ സത്യം ചെയ്യിപ്പിച്ച് മടങ്ങി. ഇനി നല്ല കുട്ടിയാവണം എന്ന്. അന്നത് അവളെ കയ്യിലടിച്ച് പറയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം എന്നോട് പറയുന്നുണ്ടായിരുന്നു. ആയുസ്സ് ബാക്കി ഉണ്ടേൽ ഇവൾ മാത്രം ആവണം എന്നും നിന്നുടെ കൂടെ എന്ന്. പക്ഷെ അപ്പോഴും എന്നിൽ നിഴലായി തുടർന്നിരുന്ന ഒരു സംശയം ഉണ്ടായിരുന്നു ഞങ്ങളുടെ മതം. മതത്തിന്റെ വേലിക്കെട്ടുകൾ ഞങ്ങൾക്കിടയിൽ പിടി മുറുക്കുമോ എന്ന്. വളരെ പ്രാധാന്യമുള്ളത് കൊണ്ട് തന്നെയാണ് അന്ന് പതിവ് പോലെ അവളുടെ വീടിന് അടുത്തുള്ള ആരാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത ആ വള്ളിപ്പടർപ്പുകകളാൽ മറക്കപ്പെട്ട അരയാലിൻ ചുവടെ എന്നുടെ തോളിൽ ചാഞ്ഞിരിക്കുന്ന അവളോട് ഞാൻ അത് പറഞ്ഞത്.
ഷാ.... മനുഷ്യനാണോ മതത്തിനാണോ മൂല്യമേറെ...?
മതത്തിനുള്ളിലെ മനുഷ്യനാണ് മൂല്യം.
അങ്ങനെ എങ്കിൽ ഒരേ മതത്തിലെ ഇരുമെയ്യും ഒരു ഹൃദയവുമായ മനുജരായി നാം മുന്നോട്ട് നീങ്ങും.
അവളുടെ ശക്തമായ ആ വാക്കുകൾ തന്നെ മതിയായിരുന്നു ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിച്ച പ്രതീതി സൃഷ്ടിക്കാൻ. അതും പറഞ്ഞു കൊണ്ടവൾ എന്നിലേക്ക് കൂടുതൽ അടുത്തിരുന്നു. കാച്ചിയ എണ്ണയിട്ട് കുളിച്ച് വന്നിരുന്ന അവളുടെ കാർകൂന്തൽ തലോടി ആ സുഗന്ധത്തിൽ ലയിച്ച് ഞാൻ അവളെയും ചേർത്ത് അവിടെ ഇരുന്നു. ഞങ്ങളുടെ പ്രണയം അതിന് ചുവട്ടിൽ ആയിരുന്നു പന്തലിച്ചിരുന്നത്. അവിടെ പ്രണയ സല്ലാപത്തിൽ ഏർപ്പെട്ടിരുന്ന ഞങ്ങളെ ശ്രവിക്കാൻ പക്ഷികളും വൃക്ഷലദാദികളും നിശ്ശബ്ദരാവുമായിരുന്നു. അവിടമിൽ ഞങ്ങളുടെ പ്രണയം വിരിഞ്ഞിരുന്നു.
സെക്കണ്ടറി പഠനം അവസാനിക്കാൻ ആയപ്പോഴേക്കും ഉപ്പയുടെ ദാർഷ്ട്യം കാരണം മറ്റൊരിടത്തേക്ക് എന്നെ പറിച്ച് നടേണ്ടി വരും എന്നായപ്പോൾ അവൾക്കു നൽകിയ ഉറപ്പിനെ മറന്ന് ഞാൻ വീണ്ടും മാറി. അതിൽ പലപ്പോഴും അവൾ പരിഭവം പറഞ്ഞു. എന്നിട്ടും അവൾക്ക് എന്നെ പിരിയാൻ ആവില്ലായിരുന്നു. എട്ടാം തരത്തിൽ അദ്ധ്യാപകരുടെ പ്രതീക്ഷക്ക് ഒത്ത വിദ്യാർത്ഥി ആയിരുന്ന ഞാൻ പത്തിലെ ക്രിസ്മസ് പരീക്ഷക്ക് ശേഷം ഏറ്റവും പഠനം കുറഞ്ഞവരുടെ ക്ലാസിൽ പെട്ടപ്പോ പലർക്കും ആശ്ചര്യം. അപ്പോഴേക്കും എന്നോട് പിണക്കം നടിച്ച് അവൾ പോയിരുന്നു. ദിവസം പോലും ആയുസ്സിലാത്ത ഞങ്ങളുടെ പിണക്കത്തിന് പക്ഷെ അപ്പോഴേക്കും ഒരു മാസത്തോളം പഴക്കം വന്നിരുന്നു. പക്ഷെ ആ ക്ലാസിലും എന്നിൽ അല്പം സന്തോഷം നൽകാൻ കൂട്ടുകാർ നാലെണ്ണം ഉണ്ടായിരുന്നു. പക്ഷെ ക്ലാസിൽ നിന്നും ലഞ്ച് ബ്രെയ്ക്കിന് പുറത്ത് ഇറങ്ങിയ എന്റെ നേരെ അഞ്ചു നടന്ന് വരുന്നുണ്ടായിരുന്നു. അവളുടെ അക്ഷിദ്വന്ദങ്ങൾ കോപാഗ്നിയാൽ ജ്വലിപ്പിച്ച് കൊണ്ട്. എന്നെയും കൊണ്ടവൾ ആളൊഴിഞ്ഞ ആ മൂലയിലേക്ക് നടന്ന് എന്നുടെ മുന്നിൽ നേർക്ക് നേർ നിന്നപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. നിറപ്പിക്കില്ല എന്ന് ഞാൻ കരുതിയ മിഴികൾ വീണ്ടും എന്നുടെ കാര്യകാരണത്താൽ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ എന്റുള്ളം ഒന്ന് പിടച്ചു. കരയരുത് എന്ന് പറയാൻ എന്റെ ശബ്ദം തൊണ്ടാക്കുഴിക്ക് പുറത്തേക്ക് വന്നില്ല. എന്നുടെ മുഖത്ത് നിഴലിച്ച സങ്കടം കൊണ്ടാവണം അവൾ വേഗം കണ്ണുകൾ തുടച്ച് കൊണ്ട് പറഞ്ഞു
നോക്ക് ഷാ.... നാം കണ്ട സ്വപ്നങ്ങളിലൂടെയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത്. ഒരിക്കെ നീ തന്നെ പറഞ്ഞത് ഓർമ ഇല്ലേ... നമ്മുടെ മതങ്ങൾ വീട്ടുകാർ ഒന്നും ചിലപ്പോൾ ഒത്ത് പോവില്ലെന്ന്, നമുക്ക് ഒറ്റക്ക് നിൽക്കേണ്ടി വരും എന്ന്. നല്ലൊരു ജോലിയോ മറ്റോ കയ്യിൽ ഇല്ലാതെ എന്ത് ചെയ്യും , ഇനി നിനക്ക് തീരുമാനിക്കാം എന്ത് വേണം എന്നത്.
അതും പറഞ്ഞ് കൊണ്ടവൾ പോകുമ്പോൾ ഞാൻ ഒന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്ത് വന്നാലും ഇവളെ കൂടെ കൂട്ടിയിട്ടേയുള്ളൂ ബാക്കി എന്തും എന്നത്. അവിടെ നിന്ന് തിരിച്ച് ക്ലാസിൽ കയറുമ്പോൾ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... അഞ്ചു.
ക്ലാസ് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ അവൾക്കൊപ്പം നടന്നെത്താൻ ഞാൻ അല്പം വേഗത കൂട്ടി. അവളുടെ ഒപ്പം എത്തിയതും വിറയാർന്ന കൈകളാൽ അവളുടെ കൈയ്യിൽ കോർത്ത് പിടിച്ചു. അവളുടെ കരങ്ങളും മുറുകി ദൃഢമാകുന്നത് കണ്ടപ്പോൾ അല്പം നടന്ന ശേഷം ഞാൻ അവളിലേക്ക് ഒന്ന് ചെരിഞ്ഞ് നോക്കി. അവളെന്നെയും. പുഞ്ചിരിക്കുന്നുണ്ടെങ്കിലും അവളുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളെ നേരെ മുന്നിൽ പിടിച്ച് നിർത്തി ആ മിഴിനീർ എൻ കരങ്ങളാൽ ഒപ്പിയെടുത്തു. ശേഷം അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു.
ഇത്ര എ പ്ലസുകൾ വാങ്ങാം എന്ന പാഴ്‌വാക്ക് ഞാൻ നിനക്ക് നൽകുന്നില്ല. പക്ഷെ ഒന്ന് ഞാൻ ഉറപ്പ് തരാം ഇനിയുള്ള എന്റെ പ്രവർത്തനങ്ങൾ അത് നിനക്ക് വേണ്ടിയാകും. നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടിയും. ഇനി ഈ മിഴികൾ ഈറനണിയുന്നുണ്ടേൽ സന്തോഷം കൊണ്ടോ അല്ലേൽ എന്റെ മരണം കൊണ്ടോ....
ആ വാക്കുകളെ മുഴുവനാക്കാൻ സമ്മതിക്കാതെ അവളെന്റെ വായ പൊത്തിയിരുന്നു. എന്നിട്ട് വേണ്ട എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു. അവളുടെ കണ്ണുകളിലെ സന്തോഷത്തിന് അലയൊലികൾ എനിക്ക് കാണാമായിരുന്നു. ആ മിഴികളിൽ നിന്ന് വന്ന കണ്ണുനീർ ഒപ്പിയെടുത്ത് അന്നേരം എന്റെ ഷർട്ടായിരുന്നു. എന്നിലേക്ക് ചാഞ്ഞ അവൾ അല്പം കഴിഞ്ഞപ്പോൾ അകന്നുമാറി. ഞങ്ങൾ വീണ്ടും ഞങ്ങളുടെ യാത്ര തുടർന്നു. ഭൂതകാലത്തിലെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക്.
പഠനം, അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല എന്നെ സംബന്ധിച്ചിടത്തോളം. അവളുടെ സപ്പോർട്ട് കൂടെ ഉണ്ടായപ്പോൾ അത് മുറപോലെ നടന്നു. അതിനിടയിലും ഞങ്ങൾക്കായി ഞങ്ങൾ സമയം കണ്ടെത്തി. അവളുടെ കുസൃതികൾ ആസ്വദിക്കാനും, അവളുടെ സ്വപ്നങ്ങൾ കേൾക്കുവാനും അതിന് തണലാകുവാനും എല്ലാം. അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങളെ നിറവേറ്റാനും. പരീക്ഷ ചൂടിലേക്ക് കടന്നു. എന്നെ സംബന്ധിച്ചിടത്തോളം ചൂട് ഒന്നും ഇല്ലായിരുന്നു. കൂൾ ആയിരുന്നു ഞാൻ. പരീക്ഷക്ക് മുമ്പ് എല്ലാവരും ഒരു ക്ലാസിൽ ഒത്ത് കൂടി പാട്ട് പാടി ഡസ്കിൽ താളം കൊട്ടി ഇരിക്കും. അന്ന് ഫെയ്‌മസ് ആയി നിൽക്കുന്ന റഫീഖ് അഹമ്മദിന്റെ വരികൾക്ക് മോഹൻലാൽ ശബ്ദം നൽകിയ ആറ്റു മണൽ പയായിലും ശ്രീറാമും വൈക്കം വിജയക്ഷ്മിമിയും ശബ്ദം നൽകിയ കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ എന്ന പാട്ടുമാണ് കാര്യമായി ആലപിക്കാർ. പിന്നെ അത് അവസാനിക്കാൻ പരീക്ഷ സമയത്തിനും അഞ്ചു മിനുട്ട് മുന്നേ ക്ലാസിൽ വരുന്ന എക്‌സാമിനർ എത്തണം. ചിരി കളികളിലും കാര്യങ്ങളുമായി ആ പരീക്ഷകൾ അവസാനിച്ചപ്പോൾ ആയിരുന്നു സുഹൃത് ബന്ധങ്ങളുടെ വില അറിഞ്ഞത്. പലരും കെട്ടിപ്പിടിച്ച് പൊട്ടിക്കാരയുന്നുണ്ടായിരുന്നു.
"ഒന്ന് പോടാ തെണ്ടി... നീ ഒക്കെ എവിടെ പോയാലും ഇവിടെ ഉണ്ടാവും" എന്ന് പറഞ്ഞ് കൂട്ടുകാരനെ നെഞ്ചോട് ചേർക്കുമ്പോൾ പോലും മുറിഞ്ഞ് പോകുന്ന വാക്കുകൾ ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇരുവരും ഇറങ്ങി നടന്നു. ഇനി ആ സ്കൂൾ വരാന്തകളിൽ ഞങ്ങളുടെ പ്രണയം പൂക്കുമോ... സംശയത്തോടെ നിറമിഴികളാൽ ഒന്ന് കൂടി പ്രിയ വിദ്യാലയത്തെ തിരിഞ്ഞ് നോക്കി ഞങ്ങൾ മുന്നോട്ട് നടന്നു.
വീടുകൾ തമ്മിൽ അധികം ദൂരമില്ലാത്തത് കൊണ്ട് ഞങ്ങൾക്ക് പിരിഞ്ഞിരിക്കേണ്ടി വന്നില്ല. അവളുടെ വീട്ടിലേക്ക് എനിക്ക് പ്രവേശന സ്വാതന്ത്രവും ഉണ്ടായിരുന്നു. കുഞ്ഞുനാളിലെ ചുവപ്പിലെ വിപ്ലവ വീര്യം കേട്ടറിഞ്ഞത് കൊണ്ടാവണം അതിലെ നന്മകൾ മനസ്സിലാക്കി ആ വഴിക്ക് ചിന്തിച്ചത്. വായിച്ചും കെട്ടും മനസ്സിലാക്കി ആ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഞാൻ അടിയുറച്ച് നിന്നു. അവളുടെ അച്ഛനാവട്ടെ നാട്ടിലെ പാർട്ടിയുടെ വേണ്ടപ്പെട്ട ആളും. നിമിത്തമാവാം ഞങ്ങൾ തമ്മിലുള്ള ബന്ധം അത് വഴിയേ ശക്തിപ്പെട്ടു. ഒപ്പം കുഞ്ഞുനാളിലെ അറിയാവുന്നവരായത് കൊണ്ട് ഞങ്ങൾക്കിടയിൽ വീട്ടുകാർ തടസ്സവും നിന്നില്ല. പക്ഷെ ഞങ്ങൾ ഒരു മറ സൂക്ഷിച്ചിരുന്നു. പലപ്പോഴും അവളൊത്ത് ആ ആലിൻ ചുവട്ടിൽ ഇരിക്കുമ്പോൾ എല്ലാം മറന്ന് ഞങ്ങൾ വേണ്ടും ആ കുഞ്ഞുനാളിലേക്ക് തീരുമായിരുന്നു.
ദിവസങ്ങൾ മാറി മറിഞ്ഞു. റിസൾട്ട് വന്നു. എന്റെ വാക്കിനെ ഞാൻ പുലർത്തിയിരുന്നു. എൺപത്തൊന്ന് ശതമാനം മാർക്കോടെ ഞാൻ പാസായി. അവൾ തൊണ്ണൂറ്റിഎട്ട് ശതമാനം മാർക്കോടെയും. റിസൾട്ട് വന്ന അന്ന് സന്തോഷം പങ്കിടാൻ ഞാൻ ആ ആലിൻ ചുവട്ടിൽ എത്തി. ഞാൻ അവിടെ ഇരുന്ന് ഒന്ന് പിറകോട്ട് ചിന്തിച്ചിരുന്നു. കരിയിലകൾ ഞെരിച്ച് കൊണ്ടുള്ള കാൽപെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത് കണ്ണെഴുതി ചന്ദനക്കുറി തൊട്ട് വന്ന് നിൽക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി. എന്തേ എന്നവൾ കണ്ണുകൾ കൊണ്ട് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് ഞാൻ കണ്ണ് ചിമ്മിതുറന്നു കൊണ്ട് പറഞ്ഞു. അവൾ പതിയെ എന്നരികിൽ വന്നു. കൈകൾ പിന്നോട്ട് പിടിച്ച് വന്നിരുന്ന അവൾ എന്നോട് കണ്ണടക്കാൻ പറഞ്ഞു. അവൾ നൽകുന്ന സമ്മാനം ഏറ്റുവാങ്ങാൻ കൈകൾ തുറന്ന് പിടിച്ച് കണ്ണടച്ച് ഇരുന്നു. അത് വഴി വന്ന കിഴക്കൻ കാറ്റ് അവളുടെ സമ്മാനം ആരും കാണാതിരിക്കാൻ വേണ്ടി വള്ളിപ്പടർപ്പുകളാൽ ഞങ്ങളെ മറച്ചു. കണ്ണടച്ച് ഇരിക്കുന്ന എന്റെ മുഖത്ത് അവളുടെ ചൂടുള്ള നിശ്വാസം തട്ടുന്നുണ്ടായിരുന്നു. അവളുടെ അധരം എൻ കവിളിൽ പതിഞ്ഞതും എന്റെ കണ്ണുകൾ അറിയാതെ തുറന്ന് പോയി. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം. എന്നാൽ ഞാൻ അവളിൽ നിന്ന് അത് ആഗ്രഹിച്ചിരുന്നു താനും. കണ്ണുകൾ തുറന്ന് അവളെ നോക്കിയപ്പോഴേക്കും അവൾ നാണത്താൽ എനിക്ക് മുഖം നൽകാതെ എന്നിൽ ചാരി ഇരുന്നു. അവളെയും കൂട്ടുപിടിച്ച് സ്വപ്നലോകത്തെ മേച്ചിൽ പുറങ്ങളിലേക്ക് ഞങ്ങൾ കയറിപ്പോയി. അവിടെ ഞങ്ങൾ ഞങ്ങളുടേതായ സ്വർഗം തീർത്തു. ഞങ്ങളുടെ പ്രണയത്തിന് സാക്ഷികളാവാൻ എങ്ങുനിന്നോ പറവകൾ പാറി എത്തിയിരുന്നു.
കാലം ചിലപ്പോൾ നമ്മോട് ചില കുസൃതികൾ കാണിക്കും. ചിലപ്പോൾ അത് നോവായി മാറുമ്പോൾ ചിലപ്പോൾ അത് അതിനേക്കാൾ സന്തോഷം നല്കാനുമാവും. അന്നൊരു ശനിയാഴ്ച അവളെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ അറിഞ്ഞില്ല. ഇനി എന്നിൽ വന്ന് ചേരാൻ പോകുന്ന നോവിന്റെ വ്യാപ്തി. രാത്രി വീട്ടിൽ ഇരുന്ന് നാളത്തെ മാച്ചിൽ എങ്ങനെ കളിക്കണം എന്നൊക്കെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ഉപ്പ വരുന്നത്. ഉപ്പയുടെ വാക്കുകൾ എന്നിൽ ഒരു ഇടിമുഴക്കം പോലെയാണ് വീണത്.
"വേഗം എല്ലാം ഒരുക്കിക്കോ.., നാളെ രാവിലെ പോകണം. " മറുത്തൊരു വാക്ക് പറയാൻ ആവാത്ത സ്ഥിതി. പിറ്റേന്ന് രാവിലെ തന്നെ പുറപ്പെട്ടു. അവളോട് ഒന്ന് പറയാൻ പോലും അന്നേരത്തെ അവസ്ഥ എന്നെ അനുവദിച്ചില്ല. അങ്ങനെ അറുപത് കിലോമീറ്ററപ്പുറത്തേക്ക് എന്നെ പറിച്ച് നട്ടു. അവിടെ എത്തി പോരുവാൻ നേരം കയ്യിലുള്ള ഫോൺ ഉപ്പാക്ക് കൊടുക്കേണ്ടി വന്നു. അവിടെ ഫോൺ ഉപയോഗിക്കാൻ പറ്റില്ല പോൽ. അവിടെ ഉള്ള ഒരു ഫോണിൽ നിന്നായിരുന്നു പുറത്തേക്ക് ഉള്ള വിളികൾ. വിധിയുടെ ക്രൂര വിനോദമാവാം അവളുടെ നമ്പറും കുറച്ച് ദിവസം മുമ്പാണ് മാറ്റിയത്. അതോടെ അവളോട് ബന്ധപ്പെടാൻ ഒരു വഴിയും കിട്ടിയില്ല. നമ്പർ അറിഞ്ഞാൽ പോലും അവിടെ നിന്ന് വിളിക്കാൻ ആവാത്ത അവസ്ഥ. മനസ്സ് വെന്ത് ഉരുകുന്നുണ്ടായിരുന്നു. അവളുടെ ഓർമകൾ നീറ്റലായി ഉള്ളിൽ കിടക്കുന്നു. അവളുടെ കാര്യം സുഹൃത്തുക്കളോട് പറയാൻ അതിലേറെ മടിയും അല്പം പേടിയും. എന്ത് ചെയ്യണം എന്നൊരു പിടിയും കിട്ടിയില്ല. അവളുടെ മധുരിക്കും ഓർമകളും അവൾ നൽകിയ വിശ്വാസവാക്കും മുതലാക്കി അടുത്ത ലീവിനായി ഞാൻ കാത്തിരുന്നു.
ആദ്യ ലീവ് കിട്ടി നാട്ടിലേക്ക് വരുമ്പോൾ മനസ്സ് നിറയെ സന്തോഷം അലതല്ലുകയായിരുന്നു. അവളെ കാണണം സങ്കടങ്ങൾ പറയണം , അവളോട് ചേർന്നിരുന്നു പഴയ ഷാ ആയി മാറണം. മനസ്സിലെ ഭാരങ്ങൾ ഇറക്കി വെക്കണം. ഒരുപാട് ആഗ്രഹങ്ങളുമായി ഞാൻ രാവിലെ ആറെ പത്തിനുള്ള ബസിൽ നാട്ടിലേക്ക് തിരിച്ചു. ബസിന്റെ വേഗതയേക്കാൾ എന്റെ ഉള്ളം സഞ്ചരിക്കുന്നുണ്ടായിരുന്നു നാട്ടിലേക്ക്. വീട്ടുകാരെയും കൂട്ടുകാരെയും അവളെയും വിട്ട് മാറി മറ്റൊരിടത്ത് ഞാൻ സഹിച്ച സുഖമുള്ള നോവിന് ഒരു താത്കാലിക അറുതി. അതായിരുന്നു ആ യാത്ര. വീട്ടിലെത്തി അവളെ കാണാൻ ഇറങ്ങിയ എന്നെ നോക്കി വിധി വീണ്ടും ഇളിച്ചു കാട്ടി. അവറ് അവിടെ നിന്നും വീട് മാറിപ്പോയിരുന്നു. പക്ഷെ എങ്ങോട്ട് കൃത്യമായ സ്ഥലം ആർക്കും അറിയില്ല. ഫോണിൽ ഉള്ള അവളെ പുതിയ നമ്പറും പോയി. ഉണ്ടായിരുന്ന നാലുദിവസത്തെ ലീവ് അവളെ തിരഞ്ഞ് ഞാൻ നടന്നു പക്ഷെ ഫലമോ നിരാശ മാത്രം. അവിടെ നിന്നും തിരിച്ച് മടങ്ങുമ്പോൾ അവൾ മാത്രം ആയിരുന്നു എന്നുള്ളിൽ.
വൈകുന്നേരത്തെ ഒഴിവ് സമയങ്ങളിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ കയറി ഇരിക്കുന്നത് ഒരു പതിവായിരുന്നു. കഴിഞ്ഞ ജീവിതത്തിലെ സുന്ദരമായ സന്ധ്യാസമയങ്ങൾ മനസ്സിലേക്ക് ഓടി വരും. ബാറ്റും പന്തുമായി ഗ്രൗണ്ടിൽ നിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ ഓടി വരും. പടിഞ്ഞാറിൽ നിന്നും ഒഴുകി വരുന്ന ആ ഇളം തെന്നൽ അവളെയും കൊണ്ട് വരും മനസ്സിലേക്ക്. വിദൂരതയിൽ കാണുന്ന പച്ചപ്പ് നിറഞ്ഞ കുന്നിലേക്ക് നോക്കി അവളുമായി ഒരുമിച്ച് ഇരുന്ന സമയവും അവൾ നൽകിയ മധുരമൂറും ഓർമ്മകളും ഉള്ളിലേക്ക് കടന്ന് വരും. ഒരു സുഖമുള്ള നോവ്. ലൈലയെ തേടി ഖൈസ് നടന്നത് പോലെ അവളെ കാത്തിരുന്നത് പോലെ അവന്റെ ഉള്ളം അവളാൽ തിളച്ച് മറിഞ്ഞത് പോലെ എന്നുള്ളും തിളച്ച് മറിയുകയായിരുന്നു. അവളാൽ. അവളുടെ പുഞ്ചിരി വിടർത്തിയ കണ്ണെഴുതിയ മുഖത്താൽ... വർഷവും വസന്തവും ശൈത്യവും ഉഷണവും മാറി മറിഞ്ഞ് വന്നു. അവളുടെ ഓര്മകളാൽ ജീവിച്ച് തീർക്കുകയായിരുന്നു ഞാൻ. അവൾ നൽകിയ വാക്കിലും. വർഷം ഒന്ന് പിന്നിട്ടു അവളുമായി പിരിഞ്ഞിരുന്നിട്ട്. വിരഹത്തിന്റെ സുഖമുള്ള നോവ് എന്തെന്ന് ഞാൻ രുചിച്ചറിഞ്ഞു. അവളുമായി ബന്ധപ്പെട്ട വല്ലതും കാണുമ്പോഴേക്ക് കേൾക്കുമ്പോഴേക്ക് ഓര്മകളായി ഓടിയനഞ്ഞ് മനസ്സിൽ തീർക്കുന്ന സുഖമുള്ള നോവ്. കാണാതെ ഉള്ള പ്രണയം അത് കൂടുതൽ മനസ്സിനെ അടുപ്പിക്കും എന്നത് സത്യമായിരുന്നു. അവൾ എന്നിൽ അത്രത്തോളം രൂഢമൂലമായിരുന്നു.
അന്നൊരിക്കൽ ഇല്ലാത്ത മെഡിക്കൽ ലീവും വാങ്ങി ഞാൻ നാട്ടിലേക്ക് തിരിച്ചു. എന്നും നാട്ടിലേക്കുള്ള യാത്രയിൽ അവൾ മാത്രമായിരുന്നു ഓടി വന്നിരുന്നത്. കാണുന്ന ചില മുഖങ്ങൾ പോലും അവളാണെന്ന് തോന്നിപ്പോകും. പക്ഷെ അടുത്ത് എത്തുമ്പോഴേക്കും അത് മറ്റൊരാളായി മാറും. നാട്ടിലെത്തി പിറ്റേന്ന് ടൗണിലേക്ക് ഇറങ്ങിയ ഞാൻ അന്നും ബസിൽ കണ്ടു അവളെ പോലെ ഒരാളെ. പക്ഷെ ഇനിയും ഇളിഭ്യനാവാൻ വയ്യാത്തതിനാൽ ഞാൻ നോട്ടം പിൻവലിച്ചു. ബസ് ഇറങ്ങി നേരെ നോക്കിയതും ആ മുഖം കണ്ട് എനിക്ക് വിശ്വസിക്കാൻ ആയില്ല. നീണ്ട ഒന്നര വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു സംഗമം. പക്ഷേ സമയവും സ്ഥലവും ഞങ്ങൾക്ക് ഒത്ത് ചേരാൻ തടസ്സം സൃഷ്ടിച്ചു. എന്നെ നോക്കി പുഞ്ചിരിച്ച് കൂട്ടുകാരികൾക്ക് ഒപ്പം അവൾ നടന്ന് നീങ്ങിയതും ഞാനും അവരെ അനുഗമിച്ചു. കുറച്ച് അപ്പുറം എത്തിയതും എന്നെ ഒന്ന് തിരിഞ്ഞ് നോക്കി അവൾ ഒരു കടലാസ് മടക്കി നിലത്തിട്ടു. ഓടി ചെന്ന് അത് എടുത്ത് തുറന്ന് നോക്കുമ്പോൾ ഞാൻ ചുറ്റുപാടിനെ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അത് തുറന്ന് ഞാൻ അതിലെ വരികളിലേക്ക് കണ്ണുകളെ പായിച്ചു.
" ഷാ.... ഒന്ന് കൂടെ സുന്ദരനായിട്ടുണ്ടല്ലോ.. ഈ വേഷത്തിൽ. നമ്മളെ ഒക്കെ മറന്ന് അവിടെ വല്ല മൊഞ്ചത്തിയുടെയും പിറകെ കൂടിയോ..., അങ്ങനെ ഉണ്ടേൽ അതങ്ങോട്ട് മാറ്റി വെച്ചോ..."
നിന്റെ സ്വന്തം അഞ്ചു.
അതിന് താഴെ അവളുടെ നമ്പറും. ഒപ്പം അഞ്ചെ മുപ്പത് പി.എം എന്നും. എനിക്ക് ലോകർക്ക് മുന്നിൽ വെച്ച് വലിയൊരു സമ്മാനം ലഭിച്ചത് പോലെ ആയിരുന്നു അത്. വീട്ടിലേക്ക് മടങ്ങി എത്തി എന്റെ സന്തോഷം കണ്ട് വീട്ടുകാർ പോലും അത്ഭുതപ്പെട്ടു. എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരം ആവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. വീട്ടിലെത്തി ബെഡിലേക്ക് മറിയുമ്പോൾ എന്നിലേക്ക് ഓടി വന്നത് എന്നുടെ മിഴികളെ കവർന്നെടുത്ത് അവൾ നൽകിയ വാക്കുകളായിരുന്നു. " എനിക്കൊരു ജീവിതം ഉണ്ടേൽ അത് നിന്നോടൊപ്പം ആയിരിക്കും..." സമയം അഞ്ചര ആയതും ഞാൻ ആ നമ്പർ ഡയൽ ചെയ്തു. എന്റെ വിളിയെ അവൾ പ്രതീക്ഷിച്ച് ഇരിക്കുകയാണെന്ന കാര്യം ആദ്യ റിങ്ങിൽ തന്നെ അവൾ അറ്റൻഡ് ചെയ്തപ്പോൾ എനിക്ക് മനസ്സിലായി. ഹലോ എന്ന് പരസ്പരം പറഞ്ഞപ്പിഴേക്കും ഞങ്ങൾക്ക് ശബ്ദം എവിടെയോ നഷ്ടപ്പെട്ടിരുന്നു. ഒരുപാട് ചോദിക്കാൻ ഉണ്ടായിട്ട് പോലും ഒന്നും ഉരിയാടാൻ ആവാത്ത അവസ്ഥ. ആ മൗനത്തെ ഭേദിച്ച് കൊണ്ട് ഞാൻ തുടർന്നു.
"സുഖമല്ലേ... അഞ്ചു മോളെ..?
അതിനുള്ള മറുപടി അവൾ നൽകുമ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞ് പോകുന്നതും ഇടറുന്നതും കേട്ടപ്പോൾ എനിക്ക് മനസ്സിലായി അവൾ കരയുന്നുണ്ടെന്നത്. പക്ഷെ അത് ചോദിക്കുവാൻ എന്റെ നാവ് ഉയർന്നില്ല. കാരണം ആ ചോദ്യം ഉന്നയിക്കുമ്പോൾ എന്റെ ശബ്ദവും ഇടറിയിരുന്നു.... അവസാനം നാളെ കാണാൻ സമയവും സ്ഥലവും നിശ്ചയിച്ച് ആ കാൾ അവസാനിപ്പിച്ചു. പിന്നീട് കാതിരിപ്പായിരുന്നു. അടുത്ത ദിവസം വൈകുന്നേരം ആവാൻ. ഒരു സുന്ദര സംഗമത്തിന് വേണ്ടി. അതും ഒരുപാട് കാലങ്ങൾക്ക് ശേഷം.
അവൾ പറഞ്ഞതനുസരിച്ച് അവൾ പറഞ്ഞ ഇടത്ത് ഞാൻ കാത്തിരുന്നു. അവൾ പറഞ്ഞത് പോലെ ആൾ സഞ്ചാരം ഇല്ലാത്ത നയന മനോഹരമായ പ്രകൃതി നിറഞ്ഞാടുന്ന ഇടമായിരുന്നു അത്. അൽപ സമയം കഴിഞ്ഞതും അവൾ എന്നിലേക്ക് വന്നു. കണ്ണെഴുതി സുന്ദരിയായി. അവർക്കറിയാം വാലിട്ട് കണ്ണെഴുതുന്നത് എനിക്ക് ഇഷ്ടമാണെന്ന്. അവൾ മുന്നിൽ വന്ന് നിന്നപ്പോഴും അവളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കിനിന്നു. ഒരു പാട് കാലത്തിന് ശേഷം നേരിൽ കാണുന്ന അവളെ ഒന്ന് ചേർത്ത് പിടിക്കണം എന്നുണ്ടായിരുന്നു. അവൾ ഒന്ന് കൂടി അടുത്ത് നിന്നു. ഞങ്ങൾ പരസ്പരം മിഴികളെ കവർന്നെടുത്തു. പറയാതെ തന്നെ ഞങ്ങൾ ഞങ്ങളുടെ പ്രണയം പങ്കിടുന്നുണ്ടാതിരുന്നു. അവളോട് ഒന്ന് കൂടെ ഞാൻ ചേർന്ന് നിന്നപ്പോൾ അവൾ ഏന്തി വലിഞ്ഞ് എൻ നെറ്റിതടത്തിൽ ഒരു സ്നേഹ ചുംബനം സമ്മാനിച്ചു. അവളെയും കൂട്ടി അല്പം മാറി ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് കൊണ്ട് ഞങ്ങൾ പരസ്പരം എല്ലാം കൈ മാറി. അത് വരെ അനുഭവിച്ചറിഞ്ഞ നോവുകളെല്ലാം സ്നേഹാർദ്രമായ നിമിഷത്തിൽ മിഴിനീരായി ഒലിച്ചിറങ്ങി ഇല്ലാതാവുന്നത് ഞങ്ങൾ അറിഞ്ഞു. വീണ്ടും ഞങ്ങളുടെ പ്രണയ വൃക്ഷം പൂത്തുലഞ്ഞു. അത് പുഷ്പങ്ങൾ വർഷിപ്പിക്കാൻ തുടങ്ങിയിരുന്നു. സംസാരത്തേക്കാൾ അന്ന് മൗനം ഞങ്ങളിൽ തളം കെട്ടി. വൃക്ഷചില്ലകൾകിടയിലൂടെ കാണുന്ന വാനത്തേക്ക് നോക്കി ഇരുന്ന് ഞങ്ങൾ സ്നേഹം പങ്കു വെച്ചു. അല്ല ഹൃദയം പകുത്തു നൽകി. എല്ലാം പറഞ്ഞ് പിരിയാൻ നേരം ഇനി എന്ന് ഇത് പോലെ ഒരുമിക്കും എന്ന ചോദ്യത്തിന് ഞാൻ ഉടനെ വരും എന്നുത്തരം നൽകി ഞങ്ങൾ പിരിഞ്ഞു.
പിന്നീട് വസന്തകാലമായിരുന്നു. പൂവണിഞ്ഞ ഞങ്ങളുടെ പ്രണയം പിന്നീട് വാടിയില്ല. അത് പൂത്തുലഞ്ഞ് കൺ കുളിര്മയേകി കൊണ്ട് ഇരുന്നു. ഓരോ ലീവിന് വരുമ്പോഴും ഞങ്ങൾ സംഗമിച്ചു. അതേ മാവിൻ ചുവട്ടിൽ പലപ്പോഴും മാവാതിന്റെ ചില്ലകൾ താഴ്ത്തി ഞങ്ങളെ തലോടി കൊണ്ടിരുന്നു. അന്നും ലീവിന് വന്ന ഞാൻ അവളെ കാണാൻ പോയി. എന്നോട് ചേർന്നിരുന്നവൾ മറ്റൊരു ലോകത്തേക്ക് ചേക്കേറി. സൗഹൃദം പ്രണയമായി മാറിയോ എന്ന കുടുംബത്തിന് സംശയം അവൾ പറഞ്ഞപ്പോൾ ഇനി എന്ത് ചെയ്യണം എന്നറിയാതെ മൗനത്തെ കൂട്ടുപിച്ച് ഞങ്ങൾ വാനനിരീക്ഷകർ ആയി.
ഷാ.... നിനക്ക് ഇപ്പോൾ എത്ര വയസ്സായി...? മൗനം വെടിഞ്ഞവൾ ചോദിച്ചു.
ഈ വരുന്ന ഡിസംബറിൽ ഇരുപത് ആവും. എന്തേ... ? അവളോട് ചേർന്നിരുന്നു അവളെ നോക്കി കൊണ്ട് ചോദിച്ചു.
അടുത്ത ഡിസംബറിൽ നിനക്ക് ഇരുപത്തി ഒന്ന് അല്ലെ.... അപ്പോൾ നമുക്ക് പോയി രെജിസ്റ്റർ മാരേജ് ചെയ്യാം. പിന്നെ നല്ലൊരു ജോലി കിട്ടിയിട്ട് വീട്ടിൽ പറയാം. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി....?
എന്താ അഞ്ചു... നീ തമാശിക്കുകയാണോ...?
അല്ല ഷാ.... എനിക്ക് ഭയമാണ്, നമ്മുടെ മതക്കാർ വീട്ടുകാർ സമ്മതിച്ചില്ലേൽ... പക്ഷെ ഈ ഒരു സംഗതി നടന്നാൽ നിയമത്തിന്റെ മുമ്പിലും നമ്മൾ ഒന്നാവും പിന്നെ നമ്മെ പിരിക്കാൻ അവർക്ക് ആവില്ല. നമ്മുടെ മരണം കൊണ്ടല്ലാതെ... അപ്പോൾ എനിക്ക് നിന്റെ കൂടെ കൂടാം ഒരു തടസവും ഇല്ലാതെ...തമാശ അല്ല. ഞാൻ സീരിയസ് ആയി പറഞ്ഞതാണ്.
അവളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ച് കേട്ടു. അവൾ പറഞ്ഞതിലും കാര്യമുണ്ട്. ഞാൻ ഒന്ന് ചിന്തിച്ചു. പിന്നീട് ഞങ്ങൾ അത് ഉറപ്പിച്ചു. അല്ലേലും ഞങ്ങളുടെ ചിന്തകൾ പലപ്പോഴും എല്ലാം മുൻകൂട്ടി കണ്ടിരുന്നു. എന്തിനേറെ സ്വപ്നങ്ങളിൽ ഞങ്ങൾക്ക് പിറന്നു വീണ കുഞ്ഞുങ്ങൾക്ക് വരെ പേരിട്ട് കഴിഞ്ഞിരുന്നു. അവളുമായി ലോക സഞ്ചാരവും തുടങ്ങിയിരുന്നു. വീണ്ടും ഞങ്ങൾ ഞങ്ങളുടെ പ്രണയ ലോകത്തേക്ക് ചേക്കേറിയപ്പോൾ അവിടം ഒരു സുന്ദരമായ കാറ്റ് ഞങ്ങളെ തലോടി. അവളുടെ സുന്ദരമായ മുടിയിഴകൾ അവളെ അനുസരിക്കാതെ എന്നുടെ മുഖത്ത് ചിത്രങ്ങൾ വരച്ച് കൊണ്ടിരുന്നു. അവക്ക് പോലും എന്നോട് പ്രണയമായിരുന്നു. സാധാരണ പോൽ പിരിഞ്ഞ് പോരുമ്പോൾ അവൾ എന്നോട് ഒന്ന് ചേർന്നു നിന്നു. ഇനിയെന്നു കാണും എന്ന ചോദ്യവുമായി. ഉടൻ തന്നെ.... ഞാൻ അവളുടെ മൂർധാവിൽ ഒന്ന് അമർത്തി ചുംബിച്ചു.
കാലചക്രം വീണ്ടും കറങ്ങി. വിളിയും കാണലുമായി ഞങ്ങളുടെ പ്രണയം വീണ്ടും പൂത്തുലഞ്ഞു. അന്നൊരിക്കൽ അവളെ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല, പല പ്രാവശ്യം ശ്രമിച്ചപ്പോഴും നിരാശയായിരുന്നു ഫലം. ദിവസം മൂന്നായി അവൾ ഫോൺ എടുക്കുന്നില്ല. എന്റെ ഉള്ളിൽ പല ചിന്തകളും ഉടലെടുത്തു. പക്ഷെ മിനിഞ്ഞാന്ന് വിളിച്ചപ്പോൾ ഉമ്മ പറഞ്ഞ വാർത്ത അത് മനസ്സിലൂടെ മിന്നൽ പോലെ പ്രവഹിച്ചു. നാട്ടിൽ പടർന്ന് പിടിച്ച ഡെങ്കിപ്പനിയും പലരും മെഡിക്കൽ കോളേജിലും മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിലും കിടക്കുന്നതും എല്ലാം. അവൾക്ക് ഒന്നും വരുത്തരുതെ എന്ന് മനമുരുകി പ്രാർത്ഥിച്ച് ഞാൻ വീണ്ടും അവൾക്ക് വിളിച്ചു. ഇത്തവണ ഫോൺ അറ്റൻഡ് ചെയ്തു. പക്ഷെ അത് അവളുടെ അനിയത്തി ആയിരുന്നു. ആ വീട്ടിൽ ഞങ്ങളുടെ കാര്യം അറിയുന്ന ഒരേ ഒരാൾ. ഫോൺ എടുത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ കിടക്കുന്ന ഏട്ടത്തിയെ പറ്റി അവൾ പറയുമ്പോൾ ഇടറുന്ന ശബ്ദം അവസ്ഥ മോശമാണെന്ന് എനിക്ക് മനസ്സിലാക്കി തന്നു. വീണ്ടും ഇല്ലാത്ത കാരണം പറഞ്ഞ് എനിക്ക് ഞാൻ തന്നെ ഉപ്പയായി ഫോൺ വിളിച്ച് ലീവും വാങ്ങി ഞാൻ നാട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലേക്ക് ഉള്ള യാത്രയിൽ മുഴുവൻ അവളുടെ പുഞ്ചിരിക്കുന്ന മനസ്സായിരുന്നു മനം നിറയെ. അവൾക്ക് വേണ്ടി പ്രാർത്ഥനകൾ ഉരുവിട്ട് കൊണ്ട് ഞാൻ യാത്ര തുടർന്നു. മനസ്സറിഞ്ഞ പ്രാർത്ഥന.
വീട്ടിൽ എത്തിയതും ഉടൻ അവളെ കാണാൻ പോകാൻ ഒരുങ്ങി. പുറത്തേക്ക് ഇറങ്ങിയതും പിറകിൽ നിന്ന് ഫോൺ എന്നെ വിളിച്ചു. സ്ക്രീനിൽ തെളിയുന്ന നമ്പർ എന്റെ നെഞ്ചിടിപ്പിന്റെ ആക്കം കൂട്ടി " അമ്മ " അത് കണ്ടതും വേഗം കാൾ അറ്റൻഡ് ചെയ്തു. അച്ഛനായിരുന്നു മറുതലക്കൽ.
ഹാലോ... മോനെ നിനക്ക് പെട്ടന്ന് ഒന്ന് മഞ്ചേരി മെഡിക്കൽ കോളേജ് വരെ വരാൻ പറ്റുമോ..? അവൾക്ക് നിന്നെ കാണണം എന്ന് പറയുന്നുണ്ട്..
അതിനെന്താ അച്ഛാ ഞാൻ ഇതാ ഇറങ്ങി...
അദ്ദേഹത്തിന്റെ അപേക്ഷ ആജ്ഞയായി കണ്ട് ഞാൻ അങ്ങോട്ട് കുതിച്ചു. അവിടെ എത്തി ഐ. സി. യൂ വിൻ മുന്നിൽ എത്തി നോക്കുമ്പോൾ ആ കണ്ണാടിയിലൂടെ ഞാൻ കണ്ടു, എന്റെ അഞ്ചുവിനെ. മുഖം ചുളിഞ്ഞ് ശരീരം ശോഷിച്ച് പക്ഷെ അപ്പോഴും ആ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു.
ഏട്ടാ..... ആ വിളി എന്നെ ചിന്തകളുടെ ആഴങ്ങളിൽ നിന്ന് വർത്തമാനത്തിൻ ഇന്നിലേക്ക് തിരിച്ച് കൊണ്ട് വന്നു. നോക്കുമ്പോൾ അവളുടെ അനിയത്തി ആയിരുന്നു. എന്നരികിൽ നിന്നും അവൾ നീങ്ങിപ്പോയിരുന്നു. അപ്പോഴേക്കും അമ്മയും അവിടെ ഇരുന്നിരുന്ന അച്ഛനും എഴുന്നേറ്റു. അവരെ കണ്ടതും ഞാൻ പതിയെ എണീറ്റ് അകത്തേക്ക് ഒന്ന് നോക്കി. ശേഷം എരിയുന്ന ചിരാതുമായി നടക്കുന്ന അവർക്ക് പിറകിൽ ഞാനും നടന്നു. അപ്പോഴേക്കും എന്റെ മനസ്സ് വീണ്ടും രണ്ടു വർഷങ്ങൾ അപ്പുറത്തേക്ക് ആ ദിവസത്തിലേക്ക് ഓടിക്കയറി.
ഓടി കിതച്ച് ഐ. സി. യൂ വിന് മുന്നിൽ എത്തി അവളെ കണ്ട നിമിഷം. പക്ഷെ അടുത്ത നിമിഷം എന്റെ ഹൃദയഭേദകമായ കാഴ്ചക്ക് ഞാൻ സാക്ഷ്യം വഹിക്കേണ്ടി വന്നു. അവൾക്കരികിൽ നിന്നിരുന്ന ശുഭ്ര വസ്ത്രധാരി അവളുടെ മുഖത്തേക്ക് നെഞ്ചുവരെ മറച്ചിരുന്ന ആ വെള്ള തുണി കയറ്റി ഇട്ടു. ഞാൻ അവിടെ എത്തിയപ്പോഴേക്കും എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടായിരുന്നിട്ടും എന്നെ തനിച്ചാക്കി അവൾ പോയിരുന്നു. ആ പ്രാണൻ അന്തരീക്ഷത്തോട് ചേർന്ന് കഴിഞ്ഞിരുന്നു. അത് കണ്ടതും ഒരു വിറയൽ എന്റെ പെരുവിരൽ മുതൽ തലച്ചോറ് വരെ പെരുത്ത് കയറി. കാലുകൾക്ക് തളർച്ച ബാധിച്ചു കണ്ണുകളിൽ ഇരുൾ മൂടി. അവിടെ ഉണ്ടായിരുന്ന കസേരയിലേക്ക് ഞാൻ ഇരുന്നു. അവിടെ നടക്കുന്നത് ഒന്നും എനിക്ക് വ്യക്തമായിരുന്നില്ല. ഒരു കൈ വന്ന് തോളിൽ പതിച്ചപ്പോഴാണ് എനിക്ക് സ്ഥല കാല ബോധം വന്നത്. നോക്കുമ്പോൾ അവളുടെ അച്ഛനായിരുന്നു. അയാൾക്ക് എന്നെയോ എനിക്ക് അദ്ദേഹത്തെയോ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥ എങ്ങനെയൊക്കെയോ വീട്ടിൽ എത്തിച്ചേർന്നു. നേരെ ബാത്റൂമിൽ കയറി ഷവർ ഓൺ ചെയ്ത് അതിന് ചുവട്ടിൽ നിന്നു. സങ്കടമെല്ലാം കണ്ണുനീരായി പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് അവളെ അച്ഛൻ എന്റെ അടുക്കൽ വന്നു. അവൾ ഇല്ലാത്ത ലോകത്ത് അവളുടെ അവസാന വാക്കുകൾ എന്നെ അറിയിക്കാൻ. അവൾക്ക് എന്നോട് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളൂ... " എന്നെ ആലോചിച്ച് വിഷമിച്ച് ജീവിതം നശിപ്പിക്കരുത്. നിനക്കായ് ഒരുവൾ നിന്നെ ഇഷ്ടപ്പെട്ട് നിന്നെ തേടി വരും, അവളോട് നീ എന്നെ പറഞ്ഞ് കൊടുക്കണം എന്നിട്ട് എന്നെക്കാൾ അവളെ സ്നേഹിക്കണം, അത് കാണാൻ ഞാൻ വരും.." പണ്ടും അവൾ എന്നോട് പറയാറുള്ള വാക്കുകൾ.
പടിഞ്ഞാറ് നിന്നും വീശിയ നനുത്ത കാറ്റ് കുളിർ പടർത്തിയപ്പോഴാണ് ഞാൻ വീണ്ടും ഓർമകളുടെ ലോകത്ത് നിന്നും മോചിതനായത്. അപ്പോഴേക്കും എണ്ണയൊഴിച്ച് അവളുറങ്ങുന്ന കുടീരത്തിൽ മഞ്ജു വിളക്ക് തെളിയിച്ചിരുന്നു. അവർ തിരിയും മുന്നേ ഞാൻ തിരിഞ്ഞ് നടന്നിരുന്നു. യാഥാർഥ്യത്തിൽ ലോകത്തേക്ക്. അവിടെ അപ്പോഴും കത്തി തീരുന്നത് എന്റെ ഉള്ളകമാണെന്ന് അവൾ അറിയുന്നുണ്ടോ...? തിരിഞ്ഞു നടന്ന എന്നെ ഒരു ഇളം തെന്നൽ ആവരണം ചെയ്തു. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ വരാറുള്ള ആ കുസൃതി നിറഞ്ഞ കാറ്റ്. അതിൽ അവളുണ്ടായിരുന്നു, ഞങ്ങളുടെ ദിവ്യമായ പ്രണയവും.
*ശുഭം*
ഇതും ഒരു സംഭവ കഥ. പ്രണയാലോകത്ത് വിരാചിച്ച് നടന്ന് അവസാനം വിധിയുടെ കുസൃതിയാൽ ഒരുമിക്കാൻ ഭാഗ്യം സിദ്ധിക്കാതെ പോയവർക്ക് മുന്നിൽ കണ്ണീരോടെ സമർപ്പിക്കുന്നു.
*cms_alanallur*
*9605211968*

0 Comments
Post a Comment