*****  പച്ചോലതുമ്പികൾ  *****

അച്ഛമ്മയ്ക്ക് വയ്യെന്നറിഞ്ഞു  അച്ഛൻ അരവിന്ദനും അമ്മ മായയും ഒപ്പം വന്നതായിരുന്നു അപ്പു.

അരവിന്ദൻ എറണാകുളത്തെ ഒരു പൊതുമേഖലാ ബാങ്കിന്റെ എറണാകുളം  ബ്രാഞ്ച് മാനേജരാണ്.
മായ ഒരു പ്രൈവറ്റ് കമ്പനിയിലെ സീനിയർ അക്കൗണ്ടന്റും.
അപ്പു നഗരത്തിലെ തന്നെ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.

തറവാട്ട്മുറ്റത്ത് കാർ നിർത്തി ഇറങ്ങിയപ്പോ മുതൽ തുടങ്ങിയതാണ് അപ്പുവിന്റെ ചുറ്റിലുമുള്ള നോട്ടം. കാരണം ഓർമയുടെ ഒരേഡിൽപോലും അവന്റെ മനസ്സിൽ ഈ തറവാട് വീടും ഈ പരിസരങ്ങളുമിലായിരുന്നു. തീർത്തും അപരിചിതമായൊരിടം.

തന്നെ കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണെന്ന മലതിയാന്റി പറയുന്നത് കേട്ടപ്പോൾ അവനത് ഉറപ്പിച്ചു. നഗരങ്ങളുടെ ബഹളങ്ങളിൽ നിന്ന് പെട്ടെന്നൊരു ദിവസം ദിക്കറിയാതെ മറ്റൊരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെ അമ്പരപ്പ് അപ്പുവിന്റെ മുഖത്തു ണ്ടായിരുന്നു.

മുറിയിൽ അച്ഛമ്മ ദീർഘശ്വാസം വലിക്കുന്നത് പേടിയോടെ അപ്പു നോക്കി നിൽക്കുന്നത് കണ്ട് മാലതി അവനെ അപ്പുറത്തേക്ക് കൂട്ടികൊണ്ട് പോയി. അമ്മയ്ക്കരികിൽ അരവിന്ദൻ സങ്കടത്തോടെ ഇരുന്നു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയെങ്കിലും മകനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞതിന്റെ ചാരുതാര്ഥ്യം അമ്മയുടെ മുഖത്തുണ്ടായിരുന്നു.

' അപ്പു എന്താ ഒന്നും മിണ്ടാതെ' 

അപ്പുവിന്റെ മുഖം പിടിച്ചുയർത്തികൊണ്ടു  മാലതി ചോദിച്ചു. നേർത്തൊരു മൗനം മാത്രയിരുന്നു അപ്പുവിന്റെ ഉത്തരം.

'ഞാൻ ആരാണെന്നു അറിയോ അപ്പുവിന് ?
ചോദ്യംകേട്ട് അറിയാം എന്നർത്ഥത്തിൽ അവൻ തലകുലുക്കി.

' എന്നാ പറ ,  ആരാ ?.  ചിരിച്ചുകൊണ്ടു മാലതി ചോദിച്ചു.

' ആന്റി..  ഒട്ടും സംശയമില്ലാതെ അവൻ പറഞ്ഞു.
 പറഞ്ഞുകഴിഞ്ഞുഉള്ള  അവന്റെ നിഷകളങ്കമായ  ചിരികണ്ട് മാലതി അവനെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മകൊടുത്തു.

' അപ്പൊ അപ്പൂസിന് എന്നെ അറിയാം.

മാലതി ആശ്വസിച്ചു.  പക്ഷെ ഒരു രണ്ടാം ക്ലാസ്സ്കാരന്റെ കണ്ണിൽ അമ്മയോളം പ്രായമുള്ളവർ എല്ലാം ആന്റിമാരാണ് എന്ന കുട്ടികളുടെ പതിവ് സിദ്ധാന്തം മാലതി ഓർത്തില്ല.
മുറ പ്രകാരം അവന്റെ അമ്മായി തന്നെയാണ് മാലതി. പക്ഷെ അവന്റെ നാവിന് വഴങ്ങുന്നത് ആന്റി എന്നാണെന്ന് മാത്രം.
വിധിയുടെ പുസ്തകത്തിലെ കണക്കുകൾ തെറ്റിയില്ലായിരുന്നെങ്കിൽ മാലതി ഇന്ന് അപ്പുവിന്റെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നേനെ.

അരവിന്ദന്റെ മുറപെണ്ണായിരുന്നു മാലതി.
ആ ബന്ധം എല്ലാവർക്കും ഇഷ്ട്ടവും ആയിരുന്നു. അരവിന്ദന് ജോലി ആയികഴിഞ്ഞാൽ ഉടനെ വിവാഹം നടത്താനും കുടുംബക്കാർ തീരുമാനിച്ചു. പക്ഷെ കാലത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഏറെ നാളായി അലട്ടികൊണ്ടിരുന്ന വയറുവേദന ഒരുദിവസം അസഹനീയമായപ്പോൾ ചെയ്യേണ്ടി വന്നൊരു ചെക്കപ്പിൽ നിന്നാണ് ഗർഭാശയത്തിൽ ഒരു മുഴ വളർന്നു, ട്യൂമറായി മാറിയ വിവരം അറിയുന്നത്. ഗര്ഭപാത്രം നീക്കം ചെയ്യുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. അരവിന്ദേന് ഒരു കുഞ്ഞിനെ നൽകാൻ കഴിയില്ലെന്നുള്ള കുറ്റബോധവും അപഹർഷതയും അയാളെ മറ്റൊരു കല്യാണത്തിന് നിർബന്ധിക്കാൻ മാലതിയെ പേരിപ്പിച്ചു.  പക്ഷെ അതിന് ശേഷം മാലതി മറ്റൊരു വിവാഹത്തിനും വഴങ്ങിയില്ല. അമ്മയാവാൻ ഭാഗ്യമില്ലാത്തവളെന്ന കുത്ത് വാക്ക് കേൾക്കാൻ വയ്യെന്ന് അവളന്നെ സ്വയം തീരുമാനിച്ചിരുന്നു.

അപ്പുവിനെ അവന്റെ ചോറൂണിന് കണ്ടതാണെങ്കിലും അവന്റെ ഓരോകാര്യങ്ങളും മാലതിക്ക് നന്നായറിയാം.

മാലതി അവനെ അടുക്കളയിലേക്ക് കൂട്ടികൊണ്ട് പോയി. അരവിന്ദന്റെ അമ്മയ്ക്ക് സുഖമില്ലാത്തത് കൊണ്ട്‌ എപ്പോഴും ആരെങ്കിലും ഒകെയായിട്ട് സന്ദർശകർ ഉണ്ടാവും . അതുകൊണ്ട് തന്നെ അടുക്കളയിൽ അച്ചപ്പവും കായവറുത്തതും ,ഉണ്ണിയപ്പവും അവലോസുണ്ടയും ഒകെ സ്റ്റോക്ക് കാണും.
ഒരു പ്ലേറ്റിൽ കുറച്ചു ഉണ്ണിയപ്പവും അവലോസുണ്ടയും എടുത്തു അപ്പുവിന് നീട്ടി.

ഇരുട്ടറപോലെയുള്ള ആപഴയ അടുക്കളയാകെ നോക്കി നിൽക്കുവായിരുന്നു അപ്പു.
അവന്റെ അടച്ചിട്ട ഫ്ലാറ്റ് ജീവിതങ്ങൾകിടയിൽ അവൻ കണ്ട മോഡ്ലർ കിച്ചനു ചാരുത കൂടുതലായിരുന്നു.  കൂകിങ് ഗ്യാസ ഒഴികെ ഓവനും , ഫ്രിഡ്‌ജും, മാറ്റ് അത്യാധുനിക സംവിധാനങ്ങളൊന്നും  അവനവിടെ കാണാൻ കഴിഞ്ഞില്ല. എങ്ങും കരിയും പുകയും മാത്രം.  അടുക്കള സ്ലാബിനു മുകളിൽ പഴയകുറെ ചെമ്പ് പത്രങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വച്ചിരിക്കുന്നു.

വീട്ടിലെ കാരണവരെ പോലെ ഒരു കാടൻപൂച്ച അടുക്കള വാതിൽ കടന്ന് അകത്തേക്ക് വന്നു , ആരാ എന്ന അർത്ഥത്തിൽ അവൻ അപ്പുവിനെ തലയുയർത്തിയൊന്നു നോക്കി. അപ്പുവും അവനെ തുറിച്ചു നോക്കി. ആനോട്ടം അവന് ഇഷ്ടപ്പെട്ടിലെന്നു തോന്നുന്നു. വാലും ചെവിയും വിറപ്പിച്ചു കാണിച്ചു ഒന്നൂടെയോവനെ നോക്കി മാലതിയുടെ കാൽപ്പെരുമാറ്റത്തിലേക്ക് മറഞ്ഞു.
ങാ അമ്മേടെ മണിക്കുട്ടൻ വന്നോ. മാലതി അവനെ കൊഞ്ചിച്ചു. വിളികേട്ടുകൊണ്ടു അവൻ  മാലതിക്ക് ചുറ്റും പ്രദക്ഷിണം വച്ചു.

മാലതി നീട്ടിയ പ്ലേറ്റ് വാങ്ങി അപ്പു കയ്യിൽ പിടിച്ചു, ഒരു വെല്ലുവിളി പോലെ അതിലേക്കിങ്ങനെ സുദീർഘമായ് നോക്കി നിൽക്കുകയായിരുന്നു

' എന്തേ .... അപ്പു കഴിക്കുന്നില്ലേ?
അവന്റെ സംശയകരമായ നോട്ടംകണ്ടിട്ട് മാലതി ചോദിച്ചു.

'ഇതെന്താ ആന്റി?
ആ സംശയത്തിൽ ഏറെ നേരം അവനു പിടിച്ചു നിൽക്കാൻ പറ്റിയില്ല.
ഒരു പലഹാരം എന്നതിനപ്പുറം അതെന്താണെന്ന് അവനറിയില്ലായിരുന്നു.

'അപ്പു ഇത് കഴിച്ചിട്ടില്ലേ?

ഇല്ലെന്ന്‌ അവൻ ചുമലിളക്കി .
മാലതിക്ക് ആശ്ചര്യം സഹതാപവും തോന്നി.

' ഇതാണ് ഉണ്ണിയപ്പം, ഇത് അവലോസുണ്ട .

ഓരോന്നും തൊട്ട് കാണിച്ചു മാലതി പറഞ്ഞു.

ബർഗ്ഗറും, പിസയും , അൽഫാമും കുബൂസും, മോഡേൺ ജംഗ് ഫുഡ് കഴിച്ചു ശീലിച്ച അപ്പുവിന് ആ പേരുകൾ കൗതുകമുള്ളതായിരുന്നു.

അവലോസുണ്ട മാലതി പ്ലേറ്റിൽ പൊട്ടിച്ചിട്ടു കൊടുത്തു.

സംശയത്തോടെയാണ് അപ്പു അതിലൊരെണ്ണം കഴിച്ചു തുടങ്ങിയത്. പക്ഷെ പെട്ടെന്ന് തന്നെ അവനതിന്റെ രുചിവല്ലാണ്ട് ഇഷ്ടമായി, ഏലക്കയും ശർക്കരയും ജീരകവും പടർത്തിയ മണവും,  ഉള്ളിയപ്പത്തിലെ നേർത്ത തേങ്ങാക്കൊത്തുകളും മധുരവും അവനെ ഒരുപാട് കൊതിപ്പിച്ചു ,
അവൻ അത് ആസ്വദിച്ചു കഴിച്ചു. പാലിൽ നിന്നു മാറി ഇന്നവന് കിട്ടിയത് പാൽകാപ്പിയായിരുന്നു. ഒരു വലിയ ഗ്ലാസ് നിറയെ.
ആദ്യമായ് പാലിനെക്കാളും സാൻവിച്ചിനെക്കാളും ഒക്കെ രുചിയുള്ള മറ്റുപലതും ഉണ്ടെന്ന് അവനറിഞ്ഞു.

അടുക്കളയിൽ നിന്നുതന്നെ വെള്ളമെടുക്കാൻ കഴിയുന്ന ആഴമുള്ള വലിയ, നീളൻ കിണറായിരുന്നു അവന്റെ അടുത്ത കൗതുകം. അവനത്തിനാടുത്ത് ചെന്ന് തലയെത്തിച്ചു ഉള്ളിലേക്ക് നോക്കി. അതിന്റെ ആഴമളക്കാൻ അവന്റെ കുഞ്ഞു കണ്ണുകൾക്ക് കഴിഞ്ഞില്ല. അതിൽ നിന്നൊരു തൊട്ടി വെള്ളം കോരി  മാലതി അവന്റെ മുഖം കഴുകി. അവന് ആകെയൊന്നു കുളിർന്നു.

ഫ്രിഡ്ജിൽ മാത്രമല്ല തണുത്ത വെള്ളം ഉണ്ടാവുകയെന്നു അന്ന് അപ്പുവിനു മനസിലായി

'ങാ ഇവൻ ചേച്ചിയുടെ കൂടെയുണ്ടായിരുന്നു ?  ഞാൻ ഇവനെ പുറത്തൊക്കെ നോക്കുന്നു.

പെട്ടെന്ന് അന്വേഷണവുമായി മായ അടുക്കളയിലേക്ക് വന്നു. മേശപ്പുറത്തെ പലഹാരപത്രങ്ങൾ കണ്ട്‌ അവൾ അതിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കി.

'അപ്പുന് ഇതൊന്നും ഇഷ്ട്ടല്ലാട്ടോ മാലതിയേച്ചി,

' ഉം ശരിയാ , അപ്പു അത് പറഞ്ഞു.

മായയുടെ ബാലിശമായ പറച്ചിൽകേട്ട് , അപ്പൂനെ ഒന്ന് നോക്കിയിട്ട് മാലതി പറഞ്ഞു.
ഒന്നും മിണ്ടാതെ മായയെ ഒന്ന് നോക്കി അവൻ തലകുനിഞ്ഞു നിന്നു.
പെട്ടെന്ന് മായയുടെ ഫോൺ റിങ് ചെയ്തു അവൾ call എടുത്തു , അപ്പുറത്തേക്ക് നടക്കുന്നതിനിടയിൽ  അപ്പുവിനെയൊന്നു ചൂഴ്ന്നു നോക്കി. ആ സമയം അപ്പുവിന്റെ  കണ്ണുകളിൽ പേടിയുടെ ലാഞ്ചന മാലതി തിരിച്ചറിഞ്ഞു.

' അപ്പൂന് ഇഷ്ടമില്ലാത്തതോന്നും കഴിക്കണ്ടാട്ടോ.

മായ പറഞ്ഞതിനെ കളിയാക്കികൊണ്ടു പറഞ്ഞു.
അപ്പുവിന്റെ മുഖത്ത് ചിരി പടർന്നു.
അവൾ പോയത് നോക്കി പലഹാരപാത്രം തുറന്ന് രണ്ടുമൂന്നു ഉണ്ണിയപ്പം എടുത്തു അപ്പുവിന് നീട്ടി. അവനത് വാങ്ങി സന്തോഷത്തോടെ തിന്നു. മാലതി അവന്റെ കയ്യിൽ പിടിച്ചു  പുറത്തേക്കിറങ്ങി .

' ഞങ്ങളൊന്നു പടിഞ്ഞാറെ തൊടിവരെ പോയിട്ട് വരാം കുട്ടേട്ടാ.

ജനാലയിലൂടെ അകത്തു നിൽക്കുന്ന അരവിന്ദനോട് മാലതി അനുവാദം ചോദിച്ചു. അപ്പു എന്നു വിളിച്ചു മുടക്കം പറയാൻ തുടങ്ങിയ മായയെ അരവിന്ദൻ തടഞ്ഞു. അയാൾക്കിപ്പോഴും മാലതിയോട് ഒരു അനുകമ്പയുണ്ട്. പഴയ കാമുകി എന്നുമാത്രമല്ല, അയാളടക്കമുള്ള മക്കൾ പലവഴിക്ക് പോയപ്പോൾ 'അമ്മ മാത്രം ആരോടൊപ്പവും പോകാൻ കൂട്ടാക്കിയില്ല.  ഒരു കുറവും ഇല്ലാതെ അമ്മയെ ഇതുവരെ നോക്കിയത് അവളാണ്. ഇനിയങ്ങോട്ടും അവളെ കാണു .
അവൾക്ക് അപ്പു എന്നു പറഞ്ഞാൽ ജീവനാണെന്നു അരവിന്ദനറിയാം. ഇടയ്ക്ക് വിളിച്ചു അപ്പുവിന്റെ ഫോട്ടോ ചോദിക്കുന്നതൊന്നും അയാൾ മായയോട് പറഞ്ഞിട്ടില്ല.  പലതരം ഈഗോയുടെ ഒരു പ്രദര്ശനശാലയാണ് മായയെന്നു താലികെട്ടി അതികം വൈകാതെതന്നെ അരവിന്ദന് മനസിലായി. പുറമെ കാണുന്നവർക്ക് അവരുടെ ജീവിതം സ്വർഗ്ഗമായിരുന്നെങ്കിൽ , മുറിക്കുള്ളിൽ അവർ രണ്ടു ദ്രുവങ്ങളിൽപെട്ടവർ ആയിരുന്നു.  ഇരുവർക്കുമിടയിൽ സംസാരങ്ങൾ തന്നെ വളരെ കുറവായിരുന്നു.

പടിഞ്ഞാറെ തൊടി നിറയെ വലിയ തോട്ടമാണ്.
തൊടിയുടെ ഒരു ഭാഗം മുഴുവൻ കവുങ്ങാണ്.
അതിൽ  നല്ല നാടൻ കുരുളക് വള്ളികൾ പടർത്തിയിട്ടുണ്ട്. പൂത്തു തുടങ്ങിയിട്ടിലിങ്കിലും ദൂരെ കാഴ്ചയിൽ ആ പച്ചപ്പോരു ഭാഗിയായിരുന്നു.
ഇടകൃഷിയായി ചീരയും , ഇഞ്ചിയും.
മാലതി അവന്റെ കൈ പിടിച്ചു  തൊടിയിലേക്കിറങ്ങി. നടക്കുന്നതിനിടയിൽ  ഒരു പഴുത്തടയ്ക്ക  അവന്റെ കാലിൽ തടഞ്ഞു.

'ഇതെന്താ ആന്റി ?.
അതെടുത്ത് സംശയത്തോടെ തിരിച്ചും മറിച്ചും നോക്കിയിട്ട് മാലതിയോട് ചോദിച്ചു.

'അപ്പു ഇത് കണ്ടിട്ടില്ലേ ,?

ഇല്ലെന്നവൻ കണ്ണടച്ചു കാണിച്ചു.

'ഇതാണ് അടയ്ക്ക.

അവന്റെ മുഖത്ത് പിന്നെയും സംശയം വിരിഞ്ഞു.

'നമ്മളിത് ഉണക്കി,  ഇത് കൊണ്ട് മാർക്കറ്റിൽ കൊടുത്താൽ നമ്മുക്ക് കാശ് കിട്ടും. ഒന്നാലോചിച്ചു.
' അച്ഛമ്മ വെറ്റില മുറുക്കുന്നത് അപ്പു കണ്ടിട്ടില്ലേ.?

ഉണ്ടെന്ന് അവൻ തലകുലുക്കി . മാലതി തൊടിയുടെ കിഴക്കേ അരികിലേക്ക് ചൂണ്ടി കാണിച്ചു

'ദേ ആ വെറ്റിലയും , പിന്നെ  ചുണ്ണാമ്പും പുകലയും ഈ അടയ്ക്കയും കൂട്ടിയാണ് അച്ഛമ്മ മുറുക്കുന്നത്.

അവന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മാലതി എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
ഒരിക്കൽ തന്റെ വീട്ടിൽ വന്നു നിന്നപ്പോൾ അച്ഛമ്മ മാലതി പറഞ്ഞപോലെ ചെയ്യുന്നത് അവൻ ഓർത്തെടുത്തു. അവന്റെ മുഖം തെളിഞ്ഞു.

തൊടിയിലൂടെ അവർ പിന്നെയും നടന്നു.
കവുങ്ങിനെയും അതിൽ പടർന്നുകയറിയ കുരുമുളക് വള്ളികളെയും കുറിച്ചായിരുന്നു അടുത്ത് ക്ലാസ് .
പണ്ട് സ്കൂളിൽ പഠിച്ച ചരിത്രവും, പേപ്പറിൽ വായിച്ചറിഞ്ഞതും ഉള്ളിൽ തോന്നിയ യുക്തിയും ചേർത്ത് ഒരു നീണ്ടക്ലാസ് തന്നെ മാലതി അവനു കൊടുത്തു. പിന്നിട്ട  സിലബസിൽ ഒന്നും കെട്ടറിഞ്ഞിട്ടില്ലാത്തതായത് കൊണ്ട് അപ്പു അതെല്ലാം കേട്ട് അവർക്കൊപ്പം നടന്നു.
അതിനിടയിൽ ചീരയും , ഇഞ്ചിയും, കഥയിലില്ലാത്ത മഞ്ഞളുമൊക്കെ ഒന്ന് എത്തി നോക്കിപോയി.
നഗരതീരത്തെ അമ്പരചുംബികളായ കെട്ടിടങ്ങൾക്കിടയിലെ അടുക്കളത്തോട്ടങ്ങൾ മാത്രംകണ്ടു വളർന്ന അപ്പുവിന്  മാലതിയുടെ നാട്ടുകഥകൾ നന്നായി രസിച്ചു.

തൊടിയ്ക്ക് താഴെയൊഴുകുന്ന ചെറിയ കനാലും, അതിലൂടെ വരുന്ന ചെറിയ പരൽമീനും, മരംകേറിയോടുന്ന അണ്ണാനും, ചെറുകിളികളുമെല്ലാം അവന്റെ ഉള്ളിൽ ചെറു കുളിര്  സമ്മാനിച്ചു.

തൊഴിയുടെ വടക്കേ വശംമുഴുവൻ തീർത്തും പച്ചക്കറികളാണ്.  നീട്ടി കെട്ടിയ വള്ളിപന്തലിൽ പാവലും പടവലവും പടർന്നു പന്തലിച്ചു, കായ്ച്ചു നിൽക്കുന്നുണ്ട്. അതിനോട് ചേർന്നു താഴെ ചേനയും ചേമ്പും ആഡിത്യത്തോടെ തലയുയർത്തി നിന്നാടുന്നുണ്ട്. ചേനയുടെ ഇലയും തണ്ടിന്റെ ഭംഗിയും അവന്റെ കണ്ണുകളിൽ വീണ്ടും കൗതുകം ഉണർത്തി. അവനതിനടുത്തേക്ക് ഓടിചെന്നു  കൈ ഉയർത്തി തൊടാൻ തുടങ്ങിയപ്പോഴേക്കും. കാൽപ്പെരുമാറ്റം കേട്ട് ഒരു നെടുനീളൻ ചേരപാമ്പ് ശരവേഗത്തിൽ പാഞ്ഞുപോയി.
അപ്പു ഇതുകണ്ട് പേടിച്ചു പിന്തിരിഞ്ഞു  മാലതിയെ വട്ടം കെട്ടിപിടിച്ചു.

'അതൊന്നും ചെയ്യില്ല അപ്പു. 
മാലതി ആശ്വസിപ്പിച്ചു. എങ്കിലും അവന്റെ മുഖത്തൊരു പേടിയുണ്ടായിരുന്നു.
ഒരിക്കൽ സ്കൂളിൽ നിന്ന് കാഴ്ചബംഗ്ലാവിലെ പോയി ചില്ലുകൂട്ടിൽ കണ്ടതല്ലാതെ, 
ഇങ്ങനൊരനുഭവം അപ്പു പ്രതീക്ഷിച്ചിരുന്നില്ല.

പിന്നീട് തൊടിയിൽ ചുറ്റിനടക്കാൻ അപ്പുവിന്റെ പേടി അവനെ അനുവദിച്ചില്ല. അവൻ മാലതിയുടെ സാരിതുമ്പിലേക്ക് ഉൾവലിയാൻ തുടങ്ങി. അത് മനസിലായിട്ടെന്നോണം അവൾ അവനെ ചേർത്തുപിടിച്ചു.
മാലതി അവനുമായി പുഴക്കരയിലേക്ക് നടന്നു.

ചെത്ത്കാരൻ രാജന്റെ സൈക്കിളും കള്ളുകുടവുംമറ്റും സാധനങ്ങളും പുഴക്കരയിലെ തെങ്ങുംപറമ്പിലിരിപ്പുണ്ടായിരുന്നു.
ചെറിയൊരു ഇടവഴി കടന്ന് മാലതിയും അപ്പുവും പുഴക്കരയിലേക്ക് വന്നു .

അപ്പുവിന്റെ കയ്യിൽ കുറച്ചു അപ്പൂപ്പൻ താടികളും വലിയ രണ്ട് കട്ടചെമ്പരത്തിപ്പൂവും ഉണ്ടയിരുന്നു. LKg യുടെ പുസ്തകത്താളിൽ കണ്ടുമറന്ന പൂവിനെപോലൊന്നിനെ ഒരിക്കൽ കൂടി കണ്ടപ്പോ അവനതിനോടൊരു മോഹം. മാലതി അത് സാധിച്ചും കൊടുത്തു.
ഇരുവരും രാജന്റെ സൈക്കിളിന് അടുത്തെത്തിയപ്പോൾ മുകളിൽ നിന്നൊരു വിളികേട്ടു

'മാളോട്ട്യേ...
ചെത്തുകഴിഞ്ഞു തെങ്ങിൽ നിന്നിറങ്ങി രാജൻ അവർക്കടുത്തേക്ക് വന്നു.
മുറി തോർത്തും , കള്ളിന്റെ കൂജയും , പിന്നിൽ ചെത്ത്കത്തികൂടും കെട്ടി ,  ഭീകരരൂപത്തെ പോലെ വരുന്ന രാജൻ കണ്ടിട്ട് പേടിയോടെ അപ്പു മാലതിക്ക് പിന്നിൽ ഒളിച്ചു. അവൻ കണ്ടുതീർത്ത കാർട്ടൂൺ ചിത്രത്തിലൊന്നിലും ഇതുപോലോരാളെ അവൻ കണ്ടിട്ടില്ലായിരുന്നു.

'നീയിതെങ്ങോട്ടാ മാളു ?.   ഏതാ ഇവൻ?

പിന്നിലൊളിക്കുന്ന അപ്പുവിനെ കണ്ടിട്ട് രാജൻ ചോദിച്ചു.

'കുട്ടേട്ടന്റെ മോനാ അപ്പു...  അവൾ പറഞ്ഞു

മറവിൽ ഒളിച്ച അപ്പുവിനെ രാജൻ പിടിച്ചു മുന്നിലേക്ക് നിർത്തി.
 ' അപ്പൂന്നാ പേര്..?

'അല്ല... രോഹിത്...  അപ്പു തിരുത്തി.

അവൻ അയാളെ അടിമുടി നോക്കിക്കൊണ്ടിരുന്നു. കത്തിക്കൂടിന്റെ അരികിൽ തൂക്കിയ കള്ള് കൂജയിലേക്ക് അപ്പു എത്തിനോക്കി.

'എന്തേ വേണോ നിനക്ക്?  അവന്റെ നോട്ടം കണ്ട് രാജൻ പതിയെ ചിരിച്ചു.
കൂജയിൽ തിളങ്ങുന്നതെന്താനെന്നറിയന്നുള്ള ആകാംക്ഷ യായിരുന്നു അപ്പുവിന്റെ കണ്ണുകളിൽ. രാജൻ കൂജയുടെ അരികിൽ അരികിലിരുന്നു പച്ചോലയെടുത്ത് നിവർത്തി ചെറിയൊരു തവിപോലെയാക്കി കൂജയിൽനിന്ന് കള്ള് മുക്കിയെടുത്തു.  മാലതി അതിനെ വിലക്കിയെങ്കിലും അയാൾ അപ്പുവിന്റെ വായിൽ രണ്ടു മൂന്നു തുള്ളി ഇറ്റിച്ചു കൊടുത്തു.
നേർത്ത കയ്പ്പും തരിപ്പും രുചിച്ചു അപ്പുവിന്റെ മുഖത്ത് രോമാഞ്ചം വിരിയുന്നത് കണ്ട് മലതിക്ക് ചിരിവന്നു.

' ഇനി വേണോ.. ?
രാജന്റെ ചോദ്യത്തിന് മുന്നിൽ അപ്പു നിറഞ്ഞ ചിരിയോടെ  നിന്നു.

'അമ്പട ..    വീണ്ടുമൊരിക്കൽ കൂടെ അപ്പു ചെത്ത്കള്ളിന്റെ  രുചിയറിഞ്ഞു.

'ഇവന്റെ അച്ഛനും ഇത് പോലെ തന്നെയായിരുന്നു. എന്നൊരു പ്രസ്താവനയും രാജൻ ഇറക്കി.

'വേഗം ചെത്തി തീർത്തിട്ട ഞാൻ അങ്ങട് വരാം അവനോട് പറഞ്ഞേക്ക്. 
അടുത്ത തെങ്ങിലേക്ക് കയറാൻ തുടങ്ങി കൊണ്ട് രാജൻ പറഞ്ഞു.

'അവര് വൈകീട്ട് പോകും രാജൻ  മാമേ.
നിരാശയോടെ അപ്പുവിനെ തലോടികൊണ്ടു അവൾ പറഞ്ഞു.

'ഉം.. എന്നാലും പോണെന്നും മുന്നേ വരാം. കുട്ടനെ ഒന്ന് കാണാല്ലോ.

പറഞ്ഞിട്ടയാൾ തെങ്ങിലേക്ക് കയറി.
നേരത്തെ തെങ്ങിൽ കയറുന്നത് കണ്ട അണ്ണന്റെ ഒരു വിദൂരസാദൃശ്യം പോലെ തോന്നി അപ്പുവിന് രാജന്റെ കയറ്റംകണ്ടിട്ട്. അവനത് കണ്ണെടുക്കാതെ നോക്കി നിന്നു.

പുഴയോരത്ത് തൈതെങ്ങിന്റെ തണലിൽ കുറെ പേര് ഇരുന്നു ചീട്ട് കളിക്കുന്നുണ്ടായിരുന്നു. ചിലരുടെ കാതിൽ ചെറിയ വെള്ളക്കയും ഈർക്കിലും കോർത്ത വലിയ കമ്മൽ, ചിലർക്ക് പാച്ചോലയിൽ തീർത്ത കിരീടം. മറ്റ്‌ ചിലർക്ക് മാല. അവരെ കണ്ട് അപ്പു അത്ഭുതത്തോടെ നോക്കി.  അവർ നോക്കിനിൽക്കുന്നത് കണ്ട് കളിക്കാർക്കിടയിൽ നിന്ന് കിരീടവുമായി മാലതിയുടെ അച്ഛൻ വാസുദേവൻ എഴുനേറ്റ് വന്നു. അയാളെ അടിമുടിയൊന്നു നോക്കി അപ്പു ചെറുതായൊന്നു ചിരിച്ചു.

'അച്ഛൻ ഇവിടെ വന്നിരിക്കുവാണല്ലേ.?

അവൾ അച്ഛനെ ശാസിച്ചു. ചമ്മലോടെ അവളിൽ നിന്ന് കണ്ണെടുത്തു അയാൾ അപ്പുവിനെ നോക്കി ചിരിച്ചു. അവരെയും കൂട്ടി അയാൾ പുഴക്കരയിലേക്ക് നടന്നു.

അൽപ്പം മാറി കുറച്ചു കുട്ടികൾ പഴയബാറ്റും റബർ ബോളും കൊണ്ടു ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. പുഴക്കരയിലിരുന്നു കുറച്ചു നേരം അവരത് കണ്ടിരുന്നു. അതിനിടയിൽ വാസുദേവൻ തന്റെ കിരീടം എടുത്ത് ചെറുതാക്കി അപ്പുവിന്റെ തലയിൽ വെച്ചുകൊടുത്തു. അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു . ഒരു യുവരാജാവിനെ പോലെ അവർക്കൊപ്പം അവൻ കളി കണ്ടിരുന്നു.
താഴെ കിടന്ന കുറെ ഓലക്കീറുകൾ എടുത്ത് വാസുദേവൻ ചില നുറുങ്ങ് വിദ്യകളുണ്ടാക്കി.

ഒരു കൊച്ചോല കണ്ണട ഉണ്ടാക്കി അവന്റെ കണ്ണിൽ വച്ചു കൊടുത്തു.
കിരീടത്തിനു മോടികൂട്ടാൻ തൊങ്ങലും മാലയും കാതിലും കഴുത്തിലും ചാർത്തി.
വാച്ചുണ്ടാക്കി കൈത്തണ്ടയിൽ കെട്ടികൊടുത്തു. ചെറുമോതിരങ്ങൾ വിരലിൽ നിറഞ്ഞു. വാദ്യഘോഷത്തിനായി ഒരു ഓലപ്പീപ്പി. പുഴക്കാറ്റെറ്റു കറങ്ങുന്ന കൊച്ചു കാറ്റാടികളും , ഓല തൊപ്പിയും വേറെ.
ഇതുവരെ കണ്ട കൊച്ചു ടീവിയും പോഗോയും വീഡിയോ ഗെയിംമുകളും  നല്കിയിട്ടില്ലാത്ത കൗതുകവും ആശ്ചര്യവുമായിരുന്നു അപ്പുവിന്റെ കണ്ണിലും മനസിലും നിറയെ.
ഓലപന്തുണ്ടാക്കി, താഴെകിടന്നൊരു മരക്കഷ്ണം കൊണ്ട് വാസുദേവനും അപ്പുവും പുഴയോരത്ത് ക്രിക്കറ്റ് കളിച്ചു.
ജീവിതത്തിൽ താൻ ഇപ്പോഴാണ് യഥാർത്ഥ സന്തോഷം അനുഭവിക്കുന്നതെന്ന് ഒരു നിമിഷം അവന്റെ കുഞ്ഞു മനസ് ചിന്തിച്ചുപോയി..

ഡിസിപ്ലിൻ പഠിപ്പിക്കാനും, എന്തിനും ഏതിനും  ശാസിക്കാനും മാത്രം വരുന്ന അമ്മയെ അവന് എന്നും പേടിയായിരുന്നു.

ഉറങ്ങിയൊന്നേറിയാൻ എത്തി നോക്കുന്ന ,  ചേർത്ത് നിർത്തി ലാളിക്കുമെന്ന കരുതിയ , ഒരു വട്ടമെങ്കിലും തന്നെയും കൂട്ടി പുറത്ത് പോകുമെന്ന് മോഹിപ്പിച്ചു പലപ്പോഴും തന്നെ നിരാശപ്പെടുത്തിയ അച്ഛനോട് ഒന്ന് പരിഭവം പറയാൻ പോലും അവൻ പറ്റിയിരുന്നില്ല.
അവരെന്നും തിരക്കുകളുടെ ലോകത്തായിരുന്നു. ഫ്ലാറ്റ് വിട്ടാൽ ജോലി, ജോലി കഴിഞ്ഞാൽ ഫ്ലാറ്റ്. വീട്ടിൽ എത്തിയാലും അരവിന്ദൻ ചിലപ്പോൾ ബെഡ്റൂം ഓഫീസ്ക്യാബിൻ ആക്കും.  അടുക്കളപണികൾക്കിടയിൽ കിച്ചൻ മായയുടെ കണക്ക് മേശയും.
മൊബൈൽ ഗെയിമുകളും കൊച്ചുടീവിയും പോഗോയും , മിനി മിൽട്ടിയും നിറഞ്ഞ ലോകത്തിൽ അവനും. കൂട്ടുകൂടാനും, കളിക്കാനും ഒരാള് പോലുമില്ലാതെ  സ്കൂൾ , വീട്, ഹോം വർക് അതിൽ ഒതുങ്ങിപോയ യന്ത്രികമായൊരു ജീവിതമായിരുന്നു അപ്പുവിന്റെ.
എന്നും ഒരേ ചിട്ടവട്ടങ്ങൾ, ഒരേ നിറങ്ങൾ,  അലസതയിൽ ഒഴുകിയലഞ്ഞ സ്കൂൾവാസം. ഒരേ കടന്നുപോകലുകൾ. കൊച്ചു മനസിനും മടുപ്പുതോന്നിതുടങ്ങിയിരുന്നു. പക്ഷെ
ഇന്നത്തെ കുറച്ചു നിമിഷം കൊണ്ട് അപ്പുവിന്റെ മനസിലെ വലിയൊരു  നിരാശയുടെ മഞ്ഞുരുകി തുടങ്ങിയിരുന്നു. മാലതി അതിനൊരു നിമിത്തമായി.

വെയിൽ പടിഞ്ഞാറൻ ചെരുവിലേക്ക്  ചാഞ്ഞു തുടങ്ങി. 

'നമുക്ക് പോവണ്ടെ അപ്പു,
മലതിയുടെ ചോദ്യം കേട്ട് അപ്പുവിന്റെ മുഖം വാടി.
അമ്മയുടെ വഴക്ക് പറച്ചിലിനെ കുറിച്ചോർത്തപ്പോൾ പോകാതിരിക്കൻ അവനായില്ല.

പടിഞ്ഞാറെ തൊടികടന്നു മാലതിയും അപ്പുവും വാസുദേവനും തിരിച്ചെത്തി. കയ്യും മുഖവും കഴുകി അവൾ അപ്പുവിനെ അകത്തേക്ക് കയറ്റി. തിരക്കിട്ടവൻ അടുക്കളുടെ മൂലയിലേക്ക് ഓടി. കയ്യിൽ കാത്ത് വെച്ച അപ്പൂപ്പൻ താടി മുതൽ വാസുദേവൻ ഉണ്ടാക്കി കൊടുത്ത
ഓലകളിപ്പാട്ടങ്ങൾ വരെ അവിടെ കിടന്ന പഴയൊരു കവറിലാക്കി സൂക്ഷിച്ചു പിടിച്ചു മാലതിയെ ഏൽപ്പിച്ചു.

'ഞാൻ പോകുമ്പോൾ എനിക്കിത് അമ്മ കാണാതെ കൊണ്ടതരോ ആന്റി.?

മായ കണ്ടാൽ വഴക്ക് പറയും എന്നവന്നുറപ്പാണ്.
അവന്റെ ആ ചോദ്യത്തിൽ നിന്ന് അവന്റെ സങ്കടം മാലതി വായിച്ചെടുത്ത്. അവന്റെ മുടിയിൽ തലോടി അവളവനെ ചേർത്ത് പിടിച്ചു.

മുറിയിൽ അച്ഛമ്മയുടെ നിലയിൽ മാറ്റമൊന്നുമില്ലയിരുന്നു. ഏത് വിധേനയും പോയാൽ മതിയെന്ന് കരുതി നിൽക്കുകയായിരുന്നു മായ. അമ്മയുടെ നെറുകയിൽ ഒരു മുത്തം നൽകി അരവിന്ദൻ അമ്മയോട് യാത്ര പറഞ്ഞു.
മാലതി അപ്പുവുമായി മുറിയിലേക്ക് വന്നു. അവനേകണ്ടു അരവിന്ദൻ അപ്പുവിനെ കൈകാട്ടി വിളിച്ചു.

'അച്ഛമ്മയ്ക്ക് ഒരു ഉമ്മ കൊടുത്തെ..

അടുത്തേക്ക് വന്ന അപ്പുവിനോട് അയാൾ പറഞ്ഞു.. അച്ഛമ്മയെ വട്ടം കെട്ടിപിടിച്ചു അപ്പു അവർക്കൊരു മുത്തം സമ്മാനിച്ചു.
ഉള്ളുകൊണ്ടത് തിരിച്ചറിഞ്ഞ അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നത് അപ്പു കണ്ടു.

'നിങ്ങൾ  ഇന്ന് പോകുന്നുണ്ടേൽ ഇരുട്ടാൻ നിക്കണ്ട. നല്ല മഴക്കോളുണ്ട്.
പറഞ്ഞു കൊണ്ട് വാസുദേവൻ അകത്തേക്ക് വന്നു. അമ്മയെ ഒന്നു ദീർഘമായ നോക്കിയിട്ട് അരവിന്ദൻ എഴുനേറ്റു.
ഇരുങ്ങുകയാണെന്നു ഒരിക്കൽ കൂടി പാതി മരിച്ച മനസിനെ ഓർമിപ്പിച്ചു , പതിയെ പുറത്തേക്കിറങ്ങി.
അപ്പു മാലതിയെ ഒന്നു നോക്കി. 
ശരി എന്നർത്ഥത്തിൽ അവനു നേരെ അവൾ കണ്ണടച്ചു കാണിച്ചു.
കാറിൽ കേറാൻ തുടങ്ങിയപ്പോഴേക്കും വാസുദേവൻ അകത്തു നിന്ന് കുറച്ചു കവറുകളുമായ് വന്നു.

' കുറച്ചു പച്ചക്കറിയാ , നമ്മടെ ഇവിടെഉണ്ടായതാ.

എന്നു പറഞ്ഞു കാറിലേക്ക് വെക്കാൻ ഒരുങ്ങിയപ്പോ മാലതി വേഗംചെന്ന് അത് പിടിച്ചു വാങ്ങി.

' ഇങ്ങു താ ഞാൻ വെക്കാം.
നേരത്തെ കാറിൽ കേറി ഇരിപ്പുറപ്പിച്ചു മായയ്ക്ക് അതൊന്നും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല..
അപ്പു മാലതിക്ക് മുന്നേ ഓടി
കാറിന്റെ ഡോർ തുറന്നു കൊടുത്ത് അതിൽ കയറിയിരുന്നു.  അവൻ ഏൽപ്പിച്ച കവർ അമ്മയാറിയാതെ ഭദ്രമായി മാലതി കാറിൽ വെക്കുന്നത് കണ്ടപ്പോൾ അപ്പുവിന്റെ മുഖം തുടുത്തു. അവൻ അവളെ നോക്കി ആർദ്രമായ പുഞ്ചിരിച്ചു. അവൾ അവന്റെ മുഖത്ത് തടവികൊണ്ട് ഡോർ അടച്ചു തിരിഞ്ഞു നടന്നു. അരവിന്ദൻ കാർ സ്റ്റർടാക്കി. എല്ലാരും അത് നോക്കി നിന്നു. വണ്ടി എടുക്കാൻ തുടങ്ങിയതും, പെട്ടെന്ന് ഡോർ തുറന്ന് അപ്പു പുറത്തേക്ക് ഇറങ്ങി. എല്ലാരും ഒന്നു ഞെട്ടി. ആന്റി എന്നു വിളിച്ചു അപ്പു മാലതിയുടെ അടുത്തേക്ക് ഓടിയടുത്തു.

'എന്താ അപ്പു . അവൾ കുനിഞ്ഞിരുന്നു ചോദിച്ചു.

അപ്പു അവളെ കെട്ടിപിടിച്ചു കവിൾ ഒരു ഉമ്മ കൊടുത്തു.അവളുടെ കണ്ണ് കലങ്ങി മാലതി അവനെ ഗാഢമായി തലോടി, അവൻ പിടിവിടാതെ ഏറെനേരം അങ്ങിനെ നിന്നു. കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് അവൻ അവളിൽ നിന്നുള്ള പിടുത്തം വിട്ടത്.
അപ്പുവിന്റെ കണ്ണുകളിലെ നനവ് അവളറിഞ്ഞു.  മാലതിയുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾ അവനെ എടുത്ത് കാറിൽ കേറ്റിലിരുത്തി നെറുകയിൽ മുത്തം കൊടുത്തു.
ഇതൊന്നും ഇഷ്ടപ്പെടാതെ മായ അരവിന്ദനെ രൂക്ഷമായി നോക്കി. അയാൾ മൗനം ദീക്ഷിച്ചു.
കാർ മുന്നോട്ട് പോയി. ചില്ലിലൂടെ അപ്പു മാലതിയെ നോക്കി കൈവീശി. അവളുടെ കണ്ണ് നിറഞ്ഞൊഴുകി. കണ്ണീരിന്റെ ചൂടിൽ കാർ ദൂരേയ്ക്ക് മറയുന്നത്അവൾകണ്ടില്ല

അടുത്ത ദിവസം ക്ലാസ്സിൽ അപ്പു അവന്റെ അമൂല്യ നിധി ശേഖരം കൂട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഏതോ അന്യഗ്രഹ ജീവികളുടെ  ആയുധപോലെ പലരും അതെടുത്ത് തിരിച്ചും മറിച്ചും നോക്കി.

'What is this ?    ഓലപ്പീപ്പിയെടുത്ത് കുട്ടികളോലൊരാൾ ചോദിച്ചു.
' ഇതാണ് ഓലപ്പീപ്പി , ഇത് ഓലപന്ത്.
ഓരോന്നും അവൻ വിശദീകരിച്ചു. പലർക്കും സംശയം. 
'ഓലയോ ? What is that? കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.
'എടമണ്ടാ ഓല mean by കോക്കണട്ട് ലീഫ്.
ഇടയ്ക്ക് കയറി ഒരു പെണ്കുട്ടി പറഞ്ഞു .

'ഇത് ക്യുബിക്കണോ രോഹിത്? ഓലപന്ത് എടുത്ത് കാണിച്ചു മറ്റൊരു കുട്ടി ചോദിച്ചു.
' ഏയ് നോ നോ .. its ബോൾ.. ഓലപന്ത്. ഇതുകൊണ്ട് നമുക്ക് ക്രിക്കറ്റ് കളിക്കാം. ഞാൻ കളിച്ചിട്ടുണ്ട്. അപ്പു വാചാലനായി ,  ഡിജിറ്റൽ യുഗത്തിൽ ജനിച്ച കുട്ടികളിൽ അവയെല്ലാം ആശ്ചര്യം കൗതുകവുമായിരുന്നു.
ക്ലാസ് റൂമിൽ കൂട്ടം കണ്ട് വരാന്തയിലൂടെ പോയ പ്രിൻസിപ്പൽ അവിടേയ്ക്ക് വന്നു .

'What going on here?
പ്രിൻസിപ്പലിന്റെ ശബ്ദം കേട്ട്, പുലിയെ കണ്ട മാൻകൂട്ടം പോലെ കുട്ടികൾ പലവഴിയോടി അവരവരുടെ സ്ഥലങ്ങളിൽ പോയിരുന്നു. വെപ്രാളത്തിനിടയിൽ അപ്പുവിന് അതൊന്നും ബാഗിൽ എടുത്തു വയ്ക്കാൻ കഴിഞ്ഞില്ല.

'ഈ വക സദനങ്ങളൊന്നും സ്കൂളിൽ കൊണ്ട് വരരുതെന്ന് രോഹിതിനു അറിയില്ലേ.?

ഡെസ്കിന് മുകളിലെ സാദനങ്ങൾ കണ്ടു പ്രിൻസിപ്പൽ ദേഷ്യം പിടിച്ചു. നിസഹായനായ് അപ്പു തലകുലുക്കി.
' then what is this. ? പ്രിൻസിപ്പാൾ അലറി.
നിമിഷനേരം കൊണ്ട്  അവരത് മുഴുവൻ കൈക്കലാക്കി.
'നാളെ parentsമായിട്ട് എന്നെ വന്ന കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി. 

എന്നു പറഞ്ഞു അവർ നോട്ട്ബുക്കിൽ ഒരു കുറിപ്പെഴുതി,  മറ്റ് കുട്ടികളെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്ക് കടന്നപോയി..
അമ്മയുടെ പ്രതികരണത്തെ കുറിച്ചു ആലോചിച്ചു അവന്റെ കുഞ്ഞു മനസ് ആകുലമായി, കണ്ണുകളിൽ ഭയം നിഴലിച്ചു.
നേരിടാൻ പോകുന്ന വലിയ പ്രതിസന്ധിയെ കുറിച്ചോർത്തപ്പോൾഅപ്പുവിന്റെ പേടി കൂടിവന്നു.

മായയുടെ ഈഗോയുടെ ഷോക്കേസിൽ നാളെ മുതൽ പുതിയൊരു അലങ്കാരംകൂടി വന്നു ചേരും.
നമ്മുടെകുട്ടികൾ ഇലക്ട്രോണിക് യുഗത്തിലേക്ക് നടന്നടുക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന ഒന്നുണ്ട്. ബന്ധങ്ങളുടെ വിലയും ആഴവും.പഠിപ്പിക്കാൻ നമ്മൾ മറക്കുന്നു.
ബന്ധങ്ങളെ വാട്ട്സാപ്പ്ഗ്രൂപ്പ്കളിലും ഫേസ്ബുക്കിലും മാത്രമൊതുക്കി തിരക്കുകൾക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന, ആധൂനികരുടെ ലോകം.  തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ ആരെന്നുപോലും അറിയാതെ പോകുന്ന , എതിരെ വരുന്നവന് ചെറിയൊരു പുഞ്ചിരി പോലും സമ്മാനിക്കാതെ കടന്നുപോകുന്ന കുറെ മനുഷ്യ ജീവിതങ്ങൾ. പച്ചപ്പിൽ നിന്ന് നഗര ഹൃദയങ്ങളിൽ ഇടം കണ്ടെത്തിയവർ..
ആ തിരക്കിനിടയിൽ  ടീവിയും മൊബൈലും വീഡിയോ ഗെയിമും ഒന്നുമില്ലാതെ കുറച്ചു സമയം നമ്മുടെ മക്കൾക്ക് വേണ്ടി കൊടുത്താൽ. കളിയും ചിരിയും തമാശകളുമായി അവർക്കൊപ്പമിരുന്നാൽ ഇനി വരുന്ന അവരുടെ ഓർമകളിൽ നമ്മൾ വസന്തമായി വിരിയും. ഒരായിരം പാച്ചോല തുമ്പികൾ പാറി കളിക്കും.
പക്ഷെ സ്വയം നമ്മൾ മറന്ന്പോകുന്നു..

        തൂലിക.
( എഴുത്തിനെ പ്രണയിച്ച സഹയാത്രികൻ )