*01🌿 ത്വരീഖത്തും 🌿*
      *സാധാരണക്കാരും*
*💚~~~◼📗◼~~~💚*

*💧Part : 01💧* 
 

*💚കഥകളുടെ📗 കിതാബ് 💚*
    ```🌙⚡Islamic.Group```
thwareegathum sadharanakkarum

   ✍️🏼മനുഷ്യനെ അവന്റെ ബുദ്ധിയുടെ തോതനുസരിച്ചു സമീപിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു.  ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാവുന്നവ മാത്രം ശരിയായ രൂപത്തിലും അളവിലും അവതരിപ്പിക്കണമെന്നാണ് ഇസ്ലാമിന്റെ നിലപാട്. വിശ്വാസകാര്യത്തില്‍ വരെ ഇസ്ലാം സ്വീകരിച്ച നയമിതാണ്...

 ഈ നയം ലംഘിക്കപ്പെടുന്നിടത്തു മനുഷ്യന്‍ വഴി തെറ്റുമെന്ന് ഇസ്ലാം കണക്കാക്കുന്നു. ത്വരീഖതിന്റെ കാര്യത്തില്‍ മാത്രം ഈ തത്വത്തിനു പ്രസക്തിയില്ലെന്നു വാദിക്കുന്നതില്‍ കഴമ്പില്ല. അതുകൊണ്ടു ത്വരീഖതിന്റെ വ്യവസ്ഥാപിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പടി സാധാരണക്കാരനില്‍ അടിച്ചേല്‍പിക്കുന്നത് അനുചിതമാണ്. വിപരീതഫലമാണ് അതുളവാക്കുക. ത്വരീഖതിന്റെ ചരിത്രത്തില്‍ പൊതുജനങ്ങള്‍ക്കു സാര്‍വത്രികമായ പ്രാധാന്യം നല്‍കപ്പെട്ടതിനു രേഖയില്ല...

 അതേ സമയം, തര്‍ബിയതിന്റെ പദവിയില്‍ വിരാജിച്ച മഹാന്മാര്‍ തങ്ങളുടെ ആത്മകാന്തി കൊണ്ടു അധമരായ പലരെയും ഉയരങ്ങളില്‍ എത്തിച്ചിട്ടുണ്ട്. തര്‍ബിയതിന്റെ തലത്തില്‍ സാധാരണക്കാരനെ ചേര്‍ത്ത് ത്വരീഖത് വിപുലപ്പെടുത്തണമെന്ന് ഏതെങ്കിലും മഹാന്‍ ആവശ്യപ്പെട്ടതായി കാണാനുമാവില്ല. സത്യമായ ത്വരീഖതില്‍ ചേരുന്നവരെ സാധാരണക്കാരന് ഉള്‍ക്കൊള്ളാനാകാത്ത പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വൈജ്ഞാനിക ചര്‍ച്ചകള്‍ക്കും വിധേയമാക്കിയിരുന്നതായാണു ചരിത്രം...

 പൊതുജനത്തിന്റെ ആവശ്യം ശരീഅതാണ്. വിശ്വാസപരമായും കര്‍മപരമായും പാകപ്പെടാത്തവനായിരിക്കും സാധാരണക്കാരന്‍. നിസ്കാരത്തിന്റെ കാര്യത്തില്‍ തന്നെ നിബന്ധനകള്‍ കൃത്യമായി പാലിക്കാന്‍ അവന്‍ അറിവുള്ളവനായിരിക്കില്ല. ഇത്തരമൊരാളെ ത്വരീഖതില്‍ മുരീദാക്കണമെന്നു ശഠിക്കുന്നതു ബുദ്ധിക്കു നിരക്കുന്നതല്ല. നന്നായവരെ ആത്മീയമായി ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന സരണിയാണ് ത്വരീഖത്...

 കള്ളുകുടി, പെണ്ണുപിടി, പലിശ വാങ്ങല്‍ തുടങ്ങിയവ നിറുത്തല്‍ ചെയ്യുക ശരീഅതിന്റെ പ്രബോധന വിഷയമാണ്. അതുപോലെ, നിസ്കരിക്കാത്തവന്‍ നിസ്കാരം തുടങ്ങേണ്ടതു ശരീഅതിന്റെ ആവശ്യവും കല്‍പനയുമാണ്. ത്വരീഖതിന്റെ ആവശ്യം നേരത്തെ തന്നെ നിസ്കരിച്ചു കൊണ്ടിരിക്കുന്നവരുടെ നിസ്കാരത്തില്‍ അന്യചിന്തകള്‍ വെടിഞ്ഞു അല്ലാഹു *ﷻ* ല്‍ ലയിക്കാന്‍ പ്രേരിപ്പിക്കലാണ്. ശരീഅത്തില്‍ വട്ടപ്പൂജ്യമായവനെ ത്വരീഖതിലേക്കു തള്ളി വിടുന്നതു സമുദ്ര സഞ്ചാരം ഉദ്ദേശിക്കുന്നയാളെ കപ്പലില്ലാതെ കടലില്‍ തള്ളുന്നതിനു തുല്യമാണ്. ത്വരീഖത് വയറ്റിപ്പിഴപ്പിനുള്ള വകയായി ധരിച്ചവര്‍ക്കേ ഇതിനു സാധിക്കൂ...

 സാധാരണക്കാരന്‍, വിശേഷക്കാരന്‍ എന്നിങ്ങനെ രണ്ടു വിഭാഗത്തെ ആധ്യാത്മ ചര്‍ച്ചയില്‍ അവതരിപ്പിച്ചതു കാണാം. ‘അവാമുന്നാസ്’ എന്ന സംജ്ഞ ഉപയോഗിച്ചാണു സാധാരണ പൊതുജനത്തെ പരിചയപ്പെടുത്തുന്നത്. മറ്റുള്ളവരെപ്പറ്റി ‘ഖവാസ്വ്’ എന്നും പറയും. ഖവാസ്വില്‍ തന്നെ കൂടുതല്‍ ഉന്നതങ്ങള്‍ കരസ്ഥമാക്കിയവരെ ‘ഖവാസ്വുല്‍ഖവാസ്വ്’ എന്നു പിന്നെയും വകതിരിക്കാവുന്നതാണ്. ഇത്തരമൊരു വകതിരിവ് ആവശ്യമായി വന്നതു തസ്വവ്വുഫിന്റെ കാര്യത്തില്‍ സാധാരണക്കാരന്റെ അതിരും വരമ്പും വ്യക്തമാക്കാനാണ്. ഖുര്‍ആന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്...

 ‘തഖ് വ’ എന്ന ആധ്യാത്മ ആശയത്തെ ഉദാഹരണമായെടുത്താല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്. തഖ് വ പരിശുദ്ധ ദീനിന്റെ നാരായ വേരാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ശരീഅതിലും ത്വരീഖതിലും തഖ് വയാണു പ്രധാനം. സാധാരണക്കാരനും അസാധാരണക്കാരനും, അസാധരണക്കാരില്‍ അസാധാരണക്കാരനും തഖ് വ വേണം. എന്നാല്‍ ഈ മൂന്നുവിഭാഗത്തിനും തഖ് വ വ്യത്യസ്തമാണ്.അല്ലാമാ അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നതു കാണുക:

“ഇസ്ലാമില്‍ തഖ് വ എന്നു പറഞ്ഞാല്‍ ദുന്‍യാവിന്റെയും ആഖിറത്തിന്റെയും അപകടങ്ങളെ കാത്തു രക്ഷിക്കലാണ്. ഇത് ഏറെ വ്യാപ്തിയുള്ളതും ഏറ്റക്കുറച്ചിലുകള്‍ക്കു വിധേയവുമാണ്. തഖ് വയുടെ ഏറ്റവും താഴ്ന്നപടി ശിര്‍കില്‍ നിന്നുള്ള മോചനമാണ്. ഏറ്റവും ഉയര്‍ന്ന പടി നിരോധനപരമായ ശാസനകളുടെ പേരില്‍ വരുന്ന ശിക്ഷയെ കാത്തു രക്ഷിക്കലും"

 എന്നാല്‍ ഹഖീഖതിന്റെ വാക്താക്കളുടെ വീക്ഷണത്തില്‍ തഖ് വ രൂപപ്പെടണമെന്നുണ്ടെങ്കില്‍ മേല്‍ പറഞ്ഞതിനു പുറമെ അല്ലാഹുവല്ലാത്തവയില്‍ വ്യാപൃതമാകുന്നതില്‍ നിന്നു മനസ്സിനെ പ്രതിരോധിക്കലും പരിപൂര്‍ണമായി അവനിലേക്ക് അലിഞ്ഞുചേരലും ഉള്‍പ്പെടും. വിധിപ്രകാരം തഖ് വ പുലര്‍ത്തണമെന്ന ഖുര്‍ആനിക ആജ്ഞയുടെ പൊരുള്‍ ഇതാകുന്നു...

തഖ് വ ഉണ്ടാകാന്‍ വ്യക്തവും അവ്യക്തവുമായ ശിര്‍ക്കില്‍ നിന്നു മോചിതനാവേണ്ടതുണ്ട്. വ്യക്തവും അവ്യക്തവുമായ ശിര്‍ക്കിന്റെ തോതു വ്യക്തികള്‍ക്കനുസരിച്ചു മാറി വരും. സാധാരണക്കാരനെ സംബന്ധിച്ചു വ്യക്തമായ ശിര്‍ക്ക് എന്നു പറയുന്നതു തനി കുഫ്റ് അഥവാ സത്യനിഷേധമാകുന്നു. അവ്യക്തമായ ശിര്‍ക്ക് നാവുകൊണ്ട് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അകത്തളം അല്ലാഹുവല്ലാത്തവയില്‍ പിടികൊടുക്കലുമാണ്. സാധാരണക്കാരെ സംബന്ധിക്കുന്ന അവ്യക്തമായ ഈ പങ്കുചേര്‍ക്കലാണ് അസാധാരണക്കാരുടെ (ഖവാസ്വ്) വ്യക്തമായ ശിര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക് ദുന്‍യാവിലേക്കും ഭൗതിക മാര്‍ഗങ്ങളിലേക്കും തിരിയലാകുന്നു. ഖവാസ്വിന്റെ ഈ അവ്യക്ത ശിര്‍കാണു ഖവാസ്വുല്‍ഖവാസ്വിന്റെ വ്യക്തമായ ശിര്‍ക്ക്. ഇവരുടെ അവ്യക്തമായ ശിര്‍ക്ക് പരലോക സുഖത്തിലേക്ക് കണ്ണ് നടലും ഇബാദത്തു കൊണ്ടു ശിക്ഷ-രക്ഷകളെ ലക്ഷ്യം വെക്കലുമാകുന്നു. ഈ വിഭാഗമാകുന്നു ദൂരങ്ങള്‍ താണ്ടിക്കടന്ന സമീപസ്ഥര്‍. ഈ മൂന്നു കൂട്ടരുടെയും പരലോക ഫലങ്ങളെ ക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്...
  (ജാമിഉല്‍ഉസ്വൂല്‍: 326)

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*