*____________________________*
 *01💥  ശീഇസവും  💥*
*🍂വ്യതിയാന ചിന്തകളും🍂*
*💚~~~~~◼📗◼~~~~~💚*
Sheeasavum vyathiyaana chinthakalum


*💧Part : 01💧*   

  ✍️🏼അലി(റ)വിന്റെ ഖിലാഫത്തിന് മുമ്പ് തന്നെ അദ്ദേഹത്തോട് പ്രത്യേക സ്നേഹാദരവുകള്‍ വെച്ചുപുലര്‍ത്തിയിരുന്ന ഒരു വിഭാഗം ഇസ്ലാമിക സമൂഹത്തിലുണ്ടായിരുന്നു. ഇവരുടെ ഈ ആദരവിനെ തെറ്റായ നിലയില്‍ ചൂഷണം ചെയ്യാനായിരുന്നു ഇബ്നു സബഉം കൂട്ടരും ശ്രമിച്ചു പോന്നിരുന്നത്...

 ഉസ്മാന്‍(റ)വിന്റെ വധത്തോടെ ഇസ്ലാമിക സമൂഹത്തില്‍ രാഷ്ട്രീയമായ ഭിന്നിപ്പ് ആരംഭിച്ചു. ഭൂരിപക്ഷം മുസ്ലിംകളും അലി(റ)വിന്റെ ഖിലാഫത്ത് അംഗീകരിച്ചുവെങ്കിലും മുആവിയ(റ)വും സിറിയക്കാരും വിഘടിത പ്രതിപക്ഷമായി നിലകൊണ്ടു. അലീപക്ഷത്തെ ശീഅത്തു അലി എന്നും മുആവിയ പക്ഷത്തെ ശീഅത്തു മുആവിയ എന്നും വിളിച്ചു...

 സ്വിഫ്ഫീന്‍ യുദ്ധത്തിനു ശേഷമുണ്ടാക്കിയ മദ്ധ്യസ്ഥ കരാറിന്റെ പ്രഖ്യാപനത്തോടെ ശീഅത്തു അലി ഭിന്നിച്ച് ഖവാരിജ് എന്ന വേറൊരു വിഭാഗവും കൂടി ഉണ്ടായി. അലി(റ) വധിക്കപ്പെട്ടതോടെ ആധിപത്യം മുആവിയ(റ)വിനാവുകയും, ഖിലാഫത്ത് പിന്നീട് അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെ കുടുംബാധിപത്യമാവുകയും ചെയ്തതോടെ മുസ്ലിം ബഹുജനങ്ങള്‍ക്ക് പിന്നെ അവരെ നിരുപാധികം പിന്തുണക്കേണ്ടിവന്നു. അതോടെ ശീഅത്തു മുആവിയ എന്ന പേര് ഇല്ലാതായി. ശീഅത്തു അലി മാത്രം അവശേഷിച്ചു. പിന്നീട് അത് ലോപിച്ച് വെറും ശിയ മാത്രമായി. ശീഅത്ത് എന്നത് അറബി വാക്കാണ്. കക്ഷി, പാര്‍ട്ടി എന്നൊക്കെയാണര്‍ത്ഥം...

 ഇബ്നു സബഅ് പല തെറ്റായ സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചിരുന്നുവെങ്കിലും ആദ്യ കാലത്ത് ശിയാക്കള്‍ അത്തരം തെറ്റായ ചിന്താഗതികളൊന്നും ഉള്‍ക്കൊണ്ടിരുന്നില്ല. അമവി ഭരണത്തിനു കീഴില്‍ ക്രൂരമായ മര്‍ദ്ദനങ്ങളും നിരന്തരമായ അവഗണനകളും സഹിക്കേണ്ടിവന്നപ്പോഴാണ് ഇവര്‍ സുന്നത്ത് ജമാഅത്തില്‍ നിന്നും പുറത്ത് പോയി ഇസ്ലാമിന് തന്നെ നിരക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ തുടങ്ങിയത്...

 അലി(റ)വിനെ സംബന്ധിച്ച് അദ്ദേഹവും ഇസ്ലാമും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്. അല്ലാഹു *ﷻ* ന്റെ പ്രവാചകനായ ഈസാ നബി(അ)നെ ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികള്‍ വിളിച്ചത് പോലെ ഇവരും അലി(റ)വിനോടുള്ള അമിത സ്നേഹത്താല്‍ അദ്ദേഹത്തില്‍ പല അനാവശ്യ പദവികളും ആരോപിച്ചു തുടങ്ങി...

 ചില ഹദീസുകള്‍ വ്യാഖ്യാനം ചെയ്ത് അലി(റ)വിന് ആദ്യത്തെ മൂന്ന് ഖലീഫമാരെക്കാളും ശ്രേഷ്ടതയുണ്ടെന്നും നബി *ﷺ* ക്ക് ശേഷം ഇസ്ലാമിക സമൂഹത്തിന്റെ ഇമാമത്തും ഖിലാഫത്തും അലി(റ)വിനും കുടുംബത്തിനും മാത്രം അര്‍ഹതപ്പെട്ടതാണെന്നും ആദ്യത്തെ മൂന്ന് ഖലീഫമാരും അത് തട്ടിയെടുക്കുകയാണ് ചെയ്തതെന്നും അവര്‍ വാദിച്ചു...

 "അലിയേ, മൂസാ നബിക്ക് ഹാറൂന്‍ പോലെയാണ് താങ്കളെനിക്ക്, എന്നാല്‍ എന്റെ ശേഷം നബിയില്ല" എന്ന ഹദീസും "അലി എന്റെ സഹോദരനും എന്റെ കാര്യസ്ഥനും എന്റെ പിന്‍ഗാമിയുമാണ്, നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കണം" എന്ന ഹദീസും "നിങ്ങള്‍ അഹ്ലുബൈതിനെ പിന്തുടരണമെന്ന" ഹദീസുമൊക്കെ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവുകളായി ശിയാക്കള്‍ ഉദ്ധരിക്കാന്‍ തുടങ്ങി...

 അലി(റ)വിന്റെ മരണം വരെ ശിയ മതപരമായി അപകടകരങ്ങളായ ഭിന്ന വീക്ഷണങ്ങളൊന്നും പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ പല വിചിത്ര വാദങ്ങളും തൊടുത്തുവിട്ടു. അലി(റ) നബി *ﷺ* യുടെ വസ്വിയ്യാണ്, അതായത് നബിക്ക് ശേഷം ഇസ്ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ നേതൃത്വം അലിയിലും പിന്നീട് അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിലുമാണെന്ന് നബി *ﷺ* വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്, എന്നാണ് പ്രധാനമായും അവരുന്നയിച്ച വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അബൂബക്കർ(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നീ ഖലീഫമാരെ തള്ളിപ്പറഞ്ഞു...

 പക്ഷേ, ഇതിന് ചരിത്രപരമായ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അലി(റ) മരണപ്പെട്ടതോടെ ഇറാഖുകാര്‍ അദ്ദേഹത്തിന്റെ മൂത്ത മകന്‍ ഹസന്‍(റ)വിനെ ഖലീഫയായി അവരോധിച്ചു. എന്നാല്‍ മുസ്ലിംകളുടെ രക്തം ചിന്തുന്നത് ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം ഇസ്ലാമികൈക്യം നിലനിര്‍ത്താന്‍ സ്ഥാനം ഒഴിഞ്ഞു. ഭരണം മുആവിയ(റ)വിന് വിട്ടുകൊടുത്തു. അതോടെ ബനൂ ഉമയ്യത്ത് അജയ്യ ശക്തിയായി. അവര്‍ ഹാശിമികളോട് കടുത്ത ക്രൂരത കാണിച്ചുവന്നു...

 ഹസന്‍(റ) സംശയകരമായ സാഹചര്യത്തില്‍ മരണപ്പെടുകയും കര്‍ബലയില്‍ അലി(റ)വിന്റെ  രണ്ടാമത്തെ മകന്‍ ഹുസൈന്‍(റ)വും അദ്ദേഹത്തിന്റെ ചെറിയ അനുയായി വൃന്ദവും കൂട്ടക്കൊല ചെയ്യപ്പെടുകയും ചെയ്തതോടെ മുസ്ലിം ബഹുജനങ്ങള്‍ക്ക് അലി കുടുംബത്തോട് അവാച്യമായ അനുകമ്പ തോന്നി. അലി കുടുംബത്തെ അധികാരത്തില്‍ കൊണ്ടുവരാനുള്ള തീവ്ര യത്നങ്ങള്‍ നടന്നു. പലപ്പോഴും ഈ ശ്രമങ്ങള്‍ പരാജയത്തില്‍ കലാശിച്ചെങ്കിലും, ചില പ്രവിശ്യകളില്‍ ഈ പക്ഷം അധികാരത്തിലെത്തുകയുണ്ടായി. അവിടങ്ങളില്‍ അധികാരം ഉപയോഗിച്ച് അവര്‍ ശീഇസം നടപ്പാക്കി. ചില അമവികള്‍ ഖുത്വുബയില്‍ പോലും അലി(റ)വിന് ലഅ്നത്ത് ചൊല്ലുമായിരുന്നത്രെ. അതിന് തിരിച്ചടിയായി ആദ്യത്തെ മൂന്ന് ഖലീഫമാരുടെ പേരില്‍ ചില ശീഇകളും പ്രതികാരം വീട്ടി...

 മുസ്ലിം സമുദായത്തിലെ അര്‍ഹരായ ആര്‍ക്കും ഇസ്ലാമിക ഖലീഫയാകാമെന്ന് സുന്നികള്‍ സമ്മതിക്കുമ്പോള്‍ പിന്‍ഗാമിത്വം അലി കുടുംബത്തില്‍ പരിമിതമാണെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു...

*തുടരും ... ഇന്‍ ശാ അള്ളാഹ് ...💫*