.

ഒരു ദേശക്കാഴ്ച.
__________________


സബ്ന മംഗലം🖋️


മേരിയമ്മ കല്യാണിക്കുട്ടിയമ്മയെ തേടി അകത്തേക്ക് നടക്കുമ്പോൾ അകത്തുനിന്നും കല്യാണിക്കുട്ടിയമ്മയുടെ ശ്വാസംമു ട്ടിക്കൊണ്ടുള്ള ചുമ ഉയർന്നു കേട്ടുകൊണ്ടിരുന്നു.രാത്രിയിൽ തൊട്ടടുത്ത വീട്ടിൽ  ഉറക്കമില്ലാതെ കിടക്കുമ്പോൾ മേരിയമ്മയെ അസ്വസ്ഥമാക്കിയിരുന്നത് കല്യാണിക്കുട്ടിയമ്മയുടെ  നിർത്താതെയുള്ള ചുമയാണ്.

 അപ്പോഴേ കരുതിയതാണ് രാവിലെ തന്നെ അവരെ വന്നു കാണണമെന്ന്.പാവം ഇടക്കിടെ വരുന്ന ശ്വാസം മുട്ടലും ചുമയും കൊണ്ട് വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട്‌.

 കല്യാണിക്കുട്ടിയമ്മയുടെ മരുമകൾ ജോലിക്കു പോകുന്നതും നോക്കി മേരിയമ്മ അവരുടെ ഉമ്മറത്ത് തന്നെ ഇരുന്നു .അവള് പോണേ മുന്നേ അങ്ങോട്ട് ചെന്നാൽ കടന്നൽ കുത്തിയ പോലെ മുഖം വീർപ്പിച്ച് അവർ കല്യാണിക്കുട്ടിയമ്മയോട് ആജ്ഞാപിക്കുന്നതൊക്കെ കാണേണ്ടിവരും .
അതുകൊണ്ട് അവൾ പോയ ശേഷമാണ് മേരിയമ്മ പുറത്തിറങ്ങിയത്.

 കല്യാണിക്കുട്ടി.....നിനക്കൊരു ഡോക്ടറെകൊണ്ടുപോയി കാണിച്ചാൽ എന്താ.. ,എത്രയെന്ന് വെച്ചിട്ടാ ഇങ്ങനെ ചുമച്ചു കൊണ്ടിരി ക്കുന്നേ? എനിക്കിത് കാണാൻ വയ്യ. നിന്റെ മരുമോളെ ചെവി അടഞ്ഞു പോയിട്ട് ഒന്നുമില്ലല്ലോ ഇതു കേൾക്കാതിരിക്കാൻ . വല്ലാത്ത കഥ തന്നെയാണിത് മേരിയമ്മ സഹതാപത്തോടെ അവരുടെ നെഞ്ചു തടവി കൊടുത്തു.
അതുകൊണ്ട് അവർക്ക് കുറച്ചാശ്വാസം കിട്ടി. മേരിയമ്മ അടുക്കളയിൽ ചെന്ന് ഇത്തിരി ചൂടുവെള്ളം ഉണ്ടാക്കി കൊടുന്ന്‌ അത് കുടിക്കാനും കൊടുത്തു.

നീ വാ....ഞാനും വരാം നമുക്ക് ഡോക്ടറെ കാണാം മേരിമ്മ പറഞ്ഞപ്പോൾ കല്യാണിക്കുട്ടിയമ്മ അവരെ നിസ്സഹായതയോടെ നോക്കി. എൻറെ കയ്യിൽ കാ ശൊന്നുമില്ല മേരിക്കുട്ടി. പിന്നെ എങ്ങനെ പോകാനാ ചുമച്ച്കൊണ്ട് അവർ പറഞ്ഞൊപ്പിച്ചു.

 പൈസ എന്റടുത്തുള്ളത് ഞാൻ എടുത്തോളാം...നീ വാ...ഇവിടെ നമ്മുടെ നാട്ടിലു പുതിയൊരു ഡോക്ടറു വന്നിട്ടുണ്ട്. മനുഷ്യത്വമുള്ള ഡോക്ടറാ പൈസ തികഞ്ഞില്ലെങ്കിൽ മുപ്പരു മരുന്നു ഫ്രീയായി തരും. നല്ല കൈപ്പുണ്യ മുള്ള ഡോക്ടറാ,,ഇന്നാളു ഞാൻ പോയിട്ട് എന്റെ കയ്യിൽ നിന്നും പൈസ ഒന്നും വാങ്ങിയില്ല .ഞാനും വരാം നമുക്ക് പോയി ആ ഡോക്ടറെ കാണാം.
     മേരിയമ്മയുടെ നിർബന്ധത്താൽ കല്യാണിക്കുട്ടി അമ്മയും കുടെ പോയി.
മേരിയമ്മ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഡോക്ടറെ കണ്ടപ്പോഴേ അവർക്ക് ബോധ്യമായി.

വെളുത്ത നിറവും ഒത്ത വണ്ണവുമോക്കെയുള്ള സുമുഖനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ഡോക്ടർ ഷെഫീഖ് .
 കാണുന്നവരുടെ മനസ്സിന് സമാധാനം നൽകുന്ന പുഞ്ചിരിയോടെയുള്ള മുഖം.

എന്തുപറ്റി അമ്മയ്ക്ക് എന്നു ചോദിച്ച് താൻ ഇരിക്കുന്ന കസേര അവർക്കടുത്തേക്ക്‌ നീക്കിയിട്ട്‌ അമ്മയുടെ അസുഖവിവരങ്ങളെല്ലാം  ഡോക്ടർ സാവകാശം ചോദിച്ചു മനസ്സിലാക്കി.
ഞാൻ തരുന്ന മരുന്ന് കൃത്യമായി കഴിച്ചാൽ അമ്മയുടെ അസുഖ മൊക്കെ പെട്ടെന്ന് മാറും എന്നു പറഞ്ഞു ഡോക്ടർ അവരെ ചേർത്ത് പിടിച്ചപ്പോൾ നിറഞ്ഞു തുവിയ കണ്ണുകൾ തുടച്ചുകൊണ്ട് കല്യാണിക്കുട്ടിയമ്മ ഡോക്ടറെ നോക്കി പുറത്തേക്കുന്തിയ വിടവുള്ള പല്ലുകൾ  കാണിച്ചുകൊണ്ട് ചിരിച്ചു. 

 മകൻ ചന്ദ്രൻ  തന്നെ ഇങ്ങനെ യൊന്നു ചേർത്തു പിടിച്ചതെന്നാണെന്ന് അവരപ്പോൾ ഓർമ്മയിലൊന്ന് പരതി നോക്കി. അന്യോഷണം ഒരുപാട് പിറകിലേക്ക് നീണ്ടു പോയപ്പോൾ അവരാ ശ്രമം ഉപേക്ഷിച്ചു.

  കൺസൾട്ടിംഗ് ഫീസ് വാങ്ങാതെ കല്യാണിക്കുട്ടിയമ്മയെ പറഞ്ഞയക്കുമ്പോൾ തന്റെ കൈകളെ  ചേർത്തു പിടിച്ച ആ  അമ്മയുടെ കൈകളിൽ അവർക്ക് ആവശ്യമുള്ള മരുന്നുകൾ വെച്ച് കൊടുക്കാൻ ഡോക്ടർ മറന്നില്ല.

 അമ്മ മരുന്നു വങ്ങുന്നില്ലെ..?

 പുറത്തേക്കിറങ്ങുമ്പോൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും ഉടമ വിളിച്ചുചോദിച്ചു.
 'മരുന്നൊക്കെ ഡോക്ടർ തന്നല്ലോ കുട്ടിയെ 'എന്ന് പറഞ്ഞവർ നടന്നപ്പോൾ മെഡിക്കൽ സ്റ്റോർ ഉടമയുടെ മുഖം ഇരുളുകയും എന്തൊക്കെയോ പിറു പിറുക്കുകയും ചെയ്തു.

 പുതിയ ഡോക്ടറുടെ കേളി ദേശം മുഴുവൻ വ്യാപിച്ചു. ഡോക്ടറുടെ മനുഷ്യത്വപരവും സാമൂഹിക പരവുമായ സേവനം എല്ലാവർക്കും അയാളെ പ്രിയങ്കരനാക്കി. ഡോക്ടറുടെ പരിശോധന മുറിയിൽ ഏത് സമയവും തിരക്കായിരുന്നു.

കല്യാണിക്കുട്ടിയമ്മയെ പോലെ നിസ്സഹായരായ ജന്മങ്ങൾക്ക് ഡോക്ടർ ദൈവതുല്യനായി.

 പാവപ്പെട്ട രോഗികൾക്ക് സൗജന്യ പരിശോധന ക്യാമ്പും മരുന്നുവിതരണവും ഡോക്ടറുടെ മേൽനോട്ടത്തിൽ  ഇടവിട്ട് നടത്തിയിരുന്നു. മരുന്ന് കമ്പനിക്കാരുടെ  റെപ്രസെന്ററ്റിവുമാർ അയാളുടെ പരിശോധന മുറിക്കു മുൻപിലും ക്യൂ നിന്നു നിരവധി ഓഫറുകൾ അയാൾക്കു മുൻപിൽ ചൊരിഞ്ഞു.
 പക്ഷേ...തന്റെ ജോലിയോടുള്ള ആത്മാർത്ഥതയും സ്നേഹവും... അർപ്പണമനോഭാവവും കൈമുതലായുള്ള ഡോക്ടറാവട്ടെ അതെല്ലാം നിരസിക്കുകയാണുണ്ടായത്.

 അനാവശ്യമായി മരുന്നുകൾ വാരിവലിച്ചെഴുതി
കൊച്ചു കുഞ്ഞുങ്ങളെ പോലും മരുന്നിന്റെ കിഴിൽ തളച്ചിടുന്നതിന് അയാൾ എതിരായിരുന്നു. ആവശ്യമില്ലാത്ത മരുന്നുകൾ അമിതമായി കഴിക്കുമ്പോൾ ക്ഷയിച്ചു പോകുന്ന ആരോഗ്യത്തെക്കുറിച്ച്
ചിന്തിക്കണമെന്നയാൾ ആ ദേശത്തെ ആളുകളെ ബോധവാന്മാരാക്കി കൊണ്ടിരുന്നു.

 എല്ലാവരും ഡോക്ടറെ കുറിച്ച് പാടി പുകഴ്ത്തുമ്പോൾ  അദ്ദേഹത്തിന്റെ ഈ സാമൂഹ്യ സേവനത്തിൽ കടുത്ത വിദ്വേഷം പ്രകടിപ്പിച്ചുകൊണ്ടൊരു വിഭാഗം ആ ദേശത്തുണ്ടായിരുന്നു.

അല്ലെങ്കിലും അതങ്ങനെയാണല്ലോ, എല്ലാ ദേശത്തുമുണ്ടാകും സ്വന്തം താൽപര്യങ്ങൾക്കു മാത്രം മനസ്സ്‌ കൊടുക്കുന്ന ചിലർ അവർക്ക് നാടിന്റെ നന്മയല്ല പ്രധാനം,,' തനിക്ക് എന്ത് കിട്ടും   ഇങ്ങനൊരു കാര്യത്തിൽ തനിക്ക് എന്ത് ഗുണം'എന്ന ചിന്ത മാത്രമായിരിക്കും അവർക്ക് . അങ്ങനെ മനസ്സ് കറുത്തു പോയവർ ,,,മനുഷ്യത്വം ഇല്ലാതായവർ.അവർക്കെല്ലാം ബിസിനസ്സ് മാത്രം.

അതെ...അവർ ഇവിടെയും പ്രവർത്തിച്ചു.
ഡോക്ടർക്കുമേൽ അവർ ആരോപണങ്ങളുടെ കെട്ടഴിച്ചു വിട്ടു. ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു സമൂഹത്തിൽ ഡോക്ടറെ ഒറ്റപ്പെടുത്തി.

അയാൾചെയ്തകുറ്റം എന്തായിരുന്നു?

ശാരീരിക അവശതകളുമായി തന്റെ അരികിൽ വരുന്ന പാവം ജനങ്ങളെ ആവശ്യമില്ലാത്ത മരുന്നുകൾ എഴുതി അമിതമായ ബില്ലുകൾ മെഡിക്കൽ സ്റ്റോറുകാർക് ഉണ്ടാക്കി കൊടുത്തില്ല. രോഗികളിൽ നിന്ന് അമിതമായ ഫീസ് ഇൗടാക്കിയില്ല. കാശ് തികയാതെ വരുമ്പോൾ  തന്റെ പക്കലുള്ള മരുന്നുകൾ അയാൾ അവർക്ക് വെറുതെ കൊടുത്തു.
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധചെലുത്താത്ത പാവം ജനങ്ങളെ അയാൾ അതിൻറെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.
ഇതായിരുന്നു ആ ഡോക്ടർക്ക് എതിരെയുള്ള കുറ്റപത്രം.

 ചൂഷണങ്ങൾക്കു മുൻപിൽ വായടച്ചു പിടിച്ചു നിന്നു കൊടുക്കുന്ന പൊതുജനങ്ങൾ ഇവിടെയും മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ല. ആ ദേശത്തെ  ആളുകളും
മൗനത്തിലാണ്ടു താൽഫലമോ.. ആ ഡോക്ടർ ദേശം വിട്ടുപോയി. അല്ലെങ്കിലും ഇത്തിരി മനുഷ്യത്വമുള്ള വരെ ഇങ്ങനെ ഓടിച്ചു കൊണ്ടിരിക്കാൻ എല്ലാ ദേശത്തുമൂണ്ടാകും ചിലർ.

 കല്യാണിക്കുട്ടിയമ്മയ്ക്ക് വീണ്ടും വലിവ് കൂടിയപ്പോൾ അവർ  പുഞ്ചിരിക്കുന്ന സ്നേഹമുള്ള ഡോക്ടറെ കാണാൻ മേരിയമ്മയു ടെ കൂടെ പുറപ്പെട്ടു.
ഡോക്ടറുടെ മുറിയിൽ ചെന്നപ്പോൾ തിളങ്ങുന്ന മുഖത്തിനു പകരം കർക്കശ മുഖത്തോടെ ഒരു കഷണ്ടിതല.

ചുമച്ചു കൊണ്ട് തന്റെ മുന്നിൽ വന്നിരുന്ന കല്യാണിക്കുട്ടിയമ്മയുടെ നേരെ ഒന്ന് മുഖമുയർത്തി നോക്കുകയോ , എന്തെങ്കിലും ചോദി ക്കുകയോ ചെയ്യാതെ   നിളത്തിൽ എഴുതി കുട്ടിയ ഒരു ലിസ്റ്റ് അയാൾ
  അവർക്ക് നേരെ  അലക്ഷ്യമായി നിട്ടി.

തന്റെ അസുഖം പറയാൻപോലും അവർക്ക് വായ്തുറക്കേണ്ടി വന്നില്ല.

 . അടുത്ത ആൾ കടന്നു വരാൻ വേണ്ടി ബെല്ലടിച്ചു കൊണ്ട് ഡോക്ടർ മുഖമുയർത്തി അക്ഷമയോടെ അവരെ നോക്കിയപ്പോൾ
അമ്പരപ്പോടെ  തളർന്ന് പോകുന്ന ശരീരവുമായി അവരെഴുനേറ്റു,

അയാൾ ഈർഷ്യ യോടെ ഫീസെവിടെ എന്നുചോദിച്ചപ്പോൾ
കയ്യിൽ ചുരുട്ടിപിടിച്ച ഏതാനും നോട്ടുകൾ അയാൾക്ക് നേരെ നീട്ടി ഇയാൾക്ക് പറയാതെ രോഗം അറിയാനുള്ള കഴിവുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു കല്യാണിയമ്മയുടെ മനസ്സ്.

കയ്യിലെ മുഷിഞ്ഞ ഒരു പത്തുരൂപ നോട്ട് മാത്രം ബാക്കിവെച്ച് ബാക്കിയെല്ലാം ഡോക്ടറുടെ മേശവലിപ്പിലേക്ക് എറിയപ്പെട്ടു.

 സാരമില്ല എന്റെ കയ്യിലുള്ള പൈസകൊണ്ട് മരുന്ന് വാങ്ങാം നിസ്സഹായതയോടെ നിന്ന കല്യാണിക്കുട്ടിയമ്മയെ മേരിയമ്മ ആശ്വസിപ്പിച്ചു.

 മരുന്നുകളുടെ സമ്മിശ്ര ഗന്ധം നിറഞ്ഞ മെഡിക്കൽ സ്റോറിന്റെ മുന്നിലെ നീണ്ട ക്യൂവിൽ കല്യാണിയമ്മയും മേരിയമ്മയും നിന്നു. ഒടുവിൽ  ഉഴമെത്തിയപ്പോൾ കയ്യിലുള്ള ലിസ്റ്റിലെ മരുന്നിന് എത്രരൂപയാകും എന്നു ആകാംക്ഷയോടെ ചോദിച്ചു. കണക്ക് കൂട്ടി എണ്ണൂറ്റി മുപ്പത് എന്ന്‌ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥൻ വിടർന്ന ചിരിയോടെ പറഞ്ഞപ്പോൾ മേരിയമ്മ പതിയെ തന്റെ കൈവെള്ളയൊന്ന്  നിവർത്തിനോക്കി.
 ചുരുട്ടി പിടിച്ച രണ്ടു നൂറു രൂപാ നോട്ടുകൾ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി അവർക്ക് തോന്നി.
 ആ നിമിഷം തന്റെ പിറകിലെ നീണ്ട ക്യു വിലേക്ക്‌ ഒന്ന് നോക്കി തളർച്ച വകവെക്കാതെ കല്ല്യാണിയമ്മ മേരിയമ്മയുടെ കയ്യും വലിച്ച് മരുന്ന് വാങ്ങാതെ തിരിഞ്ഞുനടന്നു.
 എല്ലാരും കൂടി ആ ഡോട്ടറെ ഓടിച്ചു വിട്ടു കാണും അല്ലേ.. മേരിമ്മെ

,ഇൗ നാട് നന്നാവില്ല.ഒരിക്കലും നന്നാവില്ല.
ഷെഫീഖ് ഡോക്ടറുടെ പുഞ്ചിരിക്കുന്ന  നന്മ നിറഞ്ഞ മുഖം ഓർമയിൽ വന്നപ്പോൾ കല്യാണിയ മ്മ പിറുപിറുത്ത് കൊണ്ടിരുന്നു .

           ~~~~~~~~~~
oru dheshakalcha
oru dhesha kazhcha
share chat
helo