°°°°ജിന്നിനെ തേടി°°°°
=================
കയ്യിലെ പുസ്തകം ഒന്നൂടെ നെഞ്ചിലേക്ക് ചേർത്ത് ഞാൻ വീട്ടിലേക്ക് ഓടി.
പടികൾ ധൃതിയിൽ ഓടി കയറി,
"ഉമ്മിച്ചാ...... ഉമ്മിച്ചാ....."
എന്ന് അലറി വിളിച്ചപ്പോഴാണ് അടുക്കളയിലെ കോലായിൽ പാത്രം വീണ ഒച്ച കേട്ടത്. എന്റെ അലർച്ച കേട്ടപ്പോ ഉമ്മിച്ച എന്നെ തിരഞ്ഞ് അകത്തേക്ക് വന്നു.
"അലച്ചിലും പാച്ചിലും ഒക്കെ കഴിഞ്ഞ് ന്റെ പാത്തു വന്നോ????? ഇങ്ങോട്ട് അടുത്ത് വാ രാജകുമാരീനെ ഞാനൊന്ന് കാണട്ടെ."
മുഖം തിരിച്ച്,
"ഞാൻ ആരടേം രാജകുമാരി ഒന്നും അല്ലാ...." ന്ന് പറഞ്ഞപ്പോ ഉമ്മിച്ചാക്ക് സങ്കടായി തോന്നുന്നു.
കടന്നല് കുത്തിയ പോലുള്ള ന്റെ മോന്ത കണ്ടപ്പോൾ തന്നെ ഉമ്മിച്ച ചോയിച്ചു.
"ന്തേ ണ്ടായേ കുട്ട്യേ...."
"ഇങ്ങള് കണ്ടീലെ ന്റെ മുല്ല വള്ളിയാകെ ചോന്ന് നിക്കണത്. ആരാ അവടാകെ മുറുക്കി തുപ്പിയെ...."
തലയിൽ ഒതുങ്ങി കിടക്കാത്ത തട്ടം ഒന്നൂടെ ചുറ്റി ഉമ്മറത്തെ തിണ്ണയിൽ കേറി ഇരുന്നപ്പോഴാണ് മുറ്റത്ത് ഇറക്കിലും മുറുക്കി തുപ്പിയ ചോന്ന പാട് കണ്ടത്.
"അപ്പൊ ഇതിന്റെ ആള് ന്റെ വല്ലിമ്മന്നെ.... ന്നാലും കുന്നോളം മുല്ലപ്പൂ താഴേം മേലേം വിരിഞ്ഞ് കിടക്കണത് കണ്ടിട്ടും ഈ പണി ചെയ്യണായിരുന്നോ...."
തിണ്ണയിൽ നിന്ന് താഴെ ഇറങ്ങി ഞാൻ നേരെ വല്ലിമ്മാന്റെ നേരെ നടന്നു.
"ഇങ്ങളെന്തിനാ ഇത്തമ്മാ അവിടെ തന്നെ തുപ്പി ചോപ്പിച്ചത്....."
കയ്യിലെ ആട്ടിൻ കുട്ടിയെ ഉമ്മറത്തെ ആര്യ വേപ്പിൽ ചുറ്റി കെട്ടി വല്ലിമ്മ ന്റെ നേരെ വന്നു.
"ന്റെ പാത്തൂന്റെ മുല്ലമ്മൽ ഞാൻ ന്തിനാ തുപ്പുന്നേ..... പെണ്ണേ അനക്ക് അറിയോ അത് ചിലപ്പോ ജിന്ന് തുപ്പിയതാവും....."
"ജിന്നോ....അയിന് മ്മടെ പറമ്പിൽ ന്തിനാ ജിന്ന് കേറണേ...."
ഉമ്മറത്ത് വിരിച്ചിട്ട പുല്ല് പായയിൽ ചെന്നിരുന്ന വല്ലിമ്മ എന്നെ അങ്ങോട്ട് വിളിച്ചു.
"ന്റെ കുട്ടി ഇവിടെ വന്നിരിക്ക് ഒക്കെ പറഞ്ഞ് തരാ.....വന്നിവിടിരിക്ക് പെണ്ണേ......
അനക്ക് അറിയോ ആ കാണുന്ന മ്മടെ പള്ളി പറമ്പിൽ നിക്കണ പള്ളീൽ എന്തൊക്കെ ഉണ്ടെന്ന്.
നേരം പാതിരാ കഴിയുമ്പോ മ്മളൊക്കെ ഉറങ്ങൂലെ അന്നേരം ചുണ്ടിൽ തസ്ബീഹ് മാത്രം ചൊല്ലി വരുന്ന കുറച്ച് ജിന്നുകൾ ഉണ്ട്.
ഇന്നെ ഈ പൊരേൽ കെട്ടി കൊണ്ട്‌വന്ന അന്നൊക്കെ രാത്രി ആയാൽ അന്റെ വല്ലിപ്പ പറയും.
""ഉമ്മറത്തെ റാന്തലിന്റെ ചോട്ടിൽ ആ മുസല്ല വിരിച്ചിടാൻ മറക്കണ്ടാട്ടോ, ഒരു കിണ്ടി വെള്ളം ആ പടിയിലും വെച്ചോ ഐശൂ...."
ന്ന്,
ന്താ അന്ന് അങ്ങനെ പറയണത് അറിയോ. ഈ ഉമ്മറത്തൂടെ ആണ് ജിന്നുകൾ തെക്കേലെ പള്ളീല് നിന്ന് മ്മടെ പള്ളീൽക്ക് പോണത്.
കാലിൽ വല്ല്യ മെതിയടിയൊക്കെ ഇട്ട്, കയ്യിൽ നീളൻ തസ്ബീഹ് മാലയും ഒക്കെ ആയിട്ടുള്ള ഒരു രൂപം. കാലിലെ മെതിയടി നിലത്ത് അടിക്കുന്ന ഒച്ച ഇങ്ങ് അടുത്ത് കേട്ട് തുടങ്ങുമ്പോഴേ ഞാൻ അന്റെ വല്ലിപ്പാനെ ചുറ്റി പിടിച്ചിണ്ടാവും. ഓലക്കീർ വെച്ച് കെട്ടിയ അഴിയിടെ ഇടയിലൂടെ ഒരു നോക്ക് ഞാനും കണ്ടക്കണ്.
ചുറ്റും വെളിച്ചം നിറച്ച് ഊദിന്റെ ചൂരുള്ള കോലത്തിൽ നല്ല ശേലുള്ള ഒരു കോലം.അത് അങ്ങനെ പള്ളിയിലെ കുളക്കടവും കടന്ന് പള്ളീൽ ചെന്ന് കേറുന്നത് അന്നൊക്കെ ഇവിടെ ഇരുന്നാൽ കാണാർന്ന്.
ആലിപ്പുറത്തെ അബുക്കാൻറെ മോള് സുറുമി ഒറ്റയ്ക്ക് ഇരുന്ന് മുണ്ടണത് കണ്ടിട്ടില്ലേ പാത്തൂ ഇയ്യ്....
ന്താന്നറിയോ, ജിന്നിന് മോഹം കൂടി ഓളെ കൂടെ കൂടിയതാണ്. കൂടെ കൂടെ ഓൾടെ ഉള്ളിലും മുഹബ്ബത്ത് പെരുത്ത്. പെണ്ണ് പിന്നെ ഉറങ്ങാൻ കിടക്കുമ്പോ ഒക്കെ ഉടുത്തൊരുങ്ങാൻ തുടങ്ങി.
ഓൾടെ മൊഞ്ചുള്ള കോലം കണ്ടിട്ടാവും ജിന്ന് പിന്നെ ഓളെ വിട്ട് പോവാണ്ടായി. ഖൽബിൽ മുഹബ്ബത്ത് പെരുത്തപ്പോ പിന്നെ ഓൾക്ക് രാവും പകലും ഏതാന്ന് പോലും അറിയാണ്ടായി.
ഇഷ്ടം പെരുത്താൽ പിന്നെ ഏത് പെണ്ണും കൊതിക്കണ കോലത്തിലാ പിന്നെ ജിന്ന് ഓരേ കാണാൻ വരാ.ഏതൊരു പെണ്ണും മോഹിക്കണ രൂപത്തില്....
ഇയ്യ് കേൾക്കുന്നുണ്ടോ പാത്തൂ....."
വല്ലിമ്മ പറയണതൊക്കെ ഏതോ സ്വപ്ന ലോകത്തെന്ന പോലെയാണ് ഞാൻ കേട്ടത്.
ഒന്നൂടെ ഇന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഒന്നുണർന്നത്.
"കേൾക്കണുണ്ട് ഇത്തമ്മാ.... ഞാനിപ്പോ വരേ......"
എന്നും പറഞ്ഞ് ഞാൻ കോലായിൽ നിന്ന് ഇറങ്ങി സുറുമി താത്താന്റെ പൊരേൽക്ക് ഓടി.അവിടെ ആ മുറിയിൽ നിന്ന് അപ്പോഴും സുറുമി താത്താന്റെ ശേലുള്ള ഒച്ച കേൾക്കാനുണ്ടാർന്ന്.
സുറുമി താത്താന്റെ ഉമ്മേം ഉപ്പേം മരിച്ചിട്ടും താത്ത മാത്രം ന്തേ ഇപ്പോഴും ഈ പൊരേൽ ഒറ്റയ്ക്ക് ഇങ്ങനെ എന്നെനിക്ക് ഇതുവരെ അറിയില്ലാർന്ന്.
പക്ഷേ ഇപ്പൊ എനിക്ക് അറിയാ ജിന്നിനോട് ഉള്ള മുഹബ്ബത്ത് പെരുത്തിട്ട് തന്നെയാ.
ആ ഒഴിഞ്ഞ മുറിയിൽ പതിഞ്ഞ ശബ്ദത്തിൽ സുറുമി താത്ത പറയുന്നത് കേൾക്കാൻ ഞാൻ ചെവി വാതിലിനോട് ചേർത്ത് വെച്ച് നോക്കി.അവിടുന്ന് ഇങ്ങനെ പറയുന്നത് കേൾക്കായിരുന്നു.
"ഈ ഭൂമിക്ക് ശേഷം ഏഴാകാശവും കടന്ന് ചെന്നാൽ റൂഹുകൾ മാത്രം സല്ലപിക്കുന്ന ഒരു ലോകമുണ്ട്.....
അവിടെയാണ് ഞാൻ നമ്മുടെ പ്രണയം തിരയുന്നത്.....
ഇശ്ഖിന്റെ മുസല്ലയിൽ തോരാത്ത പേമാരി പോലെ മുഹബ്ബത്ത് മാത്രം പെയ്യുന്ന ലോകമാണത്.....
കൈ വിരലുകൾ കോർത്ത് നിന്നെയും കൂട്ടി അവിടെ കടന്ന് ചെല്ലണമെനിക്ക്.....
എന്റെ ചുണ്ടുകൾ ചേരുന്നിടം മാത്രം നിന്നിൽ ചുംബനങ്ങൾ വിരിയുന്നിടമാണത്.....
എന്നിലെ വാക്കുകൾ അത്രയും അറ്റമില്ലാതെ നിന്റെ കാതുകളെ പുണരുന്നിടമാണത്.....
കണ്പീലിയിൽ വരച്ചിട്ട സുറുമ പോലെ എന്നിലെ കിനാവുകൾ അത്രയും ഉണരുന്നിടമാണത്.....
കവിളുകൾ ചേർന്നുരുമ്മുന്ന നേരത്തൊക്കെയും നമ്മൾ തേടിയ അനുഭൂതിയെ തേടുന്നിടമാണത്.....
കയ്യിലെ മൈലാഞ്ചി ചോപ്പിൽ ഞാനൊളിപ്പിച്ച എന്റെ റൂഹിന്റെ ഹുബ്ബ് ഉറങ്ങുന്നിടമാണത്.....
ഊതി പെരുപ്പിച്ച പൊന്ന് പോലുള്ള നമ്മിലെ മോഹങ്ങളെ സ്വീകരിക്കുന്നിടമാണത്.....
പെരുകി തുളുമ്പിയ നമ്മിലെ മുഹബ്ബത്തിനെ, വിരഹം തിരഞ്ഞെത്താത്ത സ്വർഗ്ഗമാണത്....."
ഇത്രയും ചേലിൽ സുറുമി താത്ത പറയുന്നതിന് ന്തോ അവിടുന്ന് മറുപടി ഒന്നും ഇല്ലായിരുന്നു.
ന്നാലും ഖൽബിൽ മോഹം തുള്ളി തുളുമ്പിയതോണ്ടല്ലേ ഇങ്ങനൊക്കെ പറയണത്.
ഓത്ത് പള്ളീലെ കിതാബിലെ കഥയിലെ സുൽത്താന്റെ മൊഞ്ചുണ്ടാകൊ ജിന്നിന്. ഉണ്ടാകുമായിരിക്കും.
ചിലപ്പോ അയിനേക്കാളൊക്കെ ഏറെ ഉണ്ടാവും. അതോണ്ടല്ലേ പെണ്ണുങ്ങള് ഇങ്ങനൊക്കെ മോഹിക്കണത്.
കാണാൻ മൊഞ്ചുള്ളോരെ മാത്രേ ജിന്ന് കാണാൻ വരുള്ളൂന്നുണ്ടോ?????
സുറുമി താത്താനെ കാണാൻ നല്ല മൊഞ്ചാണ്.
ഇന്റെ കണ്ണും മോറും, കയ്യിലെ മൈലാഞ്ചിന്റെ ചോപ്പൊക്കെ കണ്ട് ന്റെ ഉമ്മേം പറയൂലോ ഇന്നെ കാണാനും നല്ല മൊഞ്ചാണെന്ന്. ന്നിട്ടെന്താ ഇന്നെ കാണാൻ വരാത്തെ??????
മുറ്റത്തെ മുല്ല മുഴുവനും ചോപ്പിച്ചതിൽ പരാതി പറഞ്ഞോണ്ടാവോ റബ്ബേ.....
സുറുമി താത്താനെ കാണാൻ വന്നെങ്കിൽ ഇന്നേം കാണാൻ വരണം.ഇൻക്കും കാണണം പടച്ചോന്റെ ആ പടപ്പിനെ.
"ന്തിനാപ്പോ ന്റെ പാത്തൂ ഇയ്യ് ഇങ്ങനെ പിറു പിറുക്കുന്നെ........"
വേലിയുടെ ചുറ്റും ന്തോ തിരയുന്ന ആലിക്കാൻറെ ചോദ്യം കേട്ടപ്പോ അറിയാതെ പറഞ്ഞ് പോയി.....
"അത് പിന്നെ ന്താ ആലിപ്പാ ജിന്ന് ഇന്നെ കാണാൻ വരാത്തെ."
ഇന്റെ ചോദ്യം കേട്ടതും ആലിപ്പ അന്തം വിട്ട് നിന്നു.
"ന്താ കുട്ട്യേ ഇയ്യ് ഈ പറയണേ. അങ്ങാനൊന്നും പറയാൻ പാടില്ലാട്ടോ"
"ഹും...." എന്നും പറഞ്ഞ് മുഖം തിരിച്ച് ഞാൻ വീട്ടിലേക്ക് പോന്നു.
"ഉമ്മിച്ചാ.... ഉമ്മിച്ചാ.... ഇങ്ങള് ഇൻക്ക് കുറച്ച് മൈലാഞ്ചി താ, ന്റെ കയ്യിന്റെ മൊഞ്ചൊക്കെ പോയിക്കണ്."
"അനക്ക് ഇപ്പൊ ന്താ പെണ്ണേ മൈലാഞ്ചിനോട് ഇത്ര പൂതി.വൈന്നേരം അരച്ച് തരാ...."
അസറ് നിസ്കാരം കഴിഞ്ഞ് എണീക്കുമ്പോ അതാ ഉമ്മിച്ച നിൽക്കണു കയ്യിൽ ഒരു കുഞ്ഞു പാത്രം നിറയെ മൈലാഞ്ചിയുമായി.
കൈ നിറച്ചും അതും ഇട്ട് നേരം ഇരുട്ടാവാൻ കാത്തിരുന്നു.അപ്പോഴോക്കെയും ഉള്ളിൽ പൂതി വല്ലാണ്ട് പെരുക്കായിരുന്നു .
നേരം നല്ലോണം ഒന്നിരുട്ടിയപ്പോ അടുത്തിരിക്കുന്ന സുറുമ കുപ്പിയെടുത്ത് കണ്ണാടിയുടെ മുന്നിലേക്ക് ചെന്നു.
"ഇന്ന് ന്താ റബ്ബേ ന്റെ കണ്ണിന് ഇത്രേം തിളക്കം.ന്റുള്ളിലെ കിനാവിന് പെരുപ്പം കൂടിയോണ്ടാണോ????"
അടുത്തിരിക്കുന്ന ഊദിന്റെ അത്തറെടുത്ത് ഒന്ന് മണപ്പിച്ച് നോക്കി.
"ന്റെ അല്ലോഹ് ന്തൊരു ചൂരാണ് ഇതിന്."
ഇരുട്ടിന് പിന്നെയും ശക്തി കൂടി.പടി കടന്ന് വരുന്ന വിരുന്നുകാരനേയും നോക്കി അവിടിരുന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും ആരും വന്നില്ല.ഇടയ്ക്ക് എപ്പോഴോ ഉറങ്ങി പോയി.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. മുല്ല വള്ളിയിൽ ഉണ്ടായ ചുവന്ന നിറങ്ങൾ എല്ലാം മാഞ്ഞ് തുടങ്ങി.ഒപ്പം ന്റെ ഖൽബിലെ മോഹവും.
ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം മുല്ലയ്ക്ക് ചുറ്റും നടക്കുമ്പോൾ ന്തോ ഉള്ള് വല്ലാതെ തേങ്ങുന്നുണ്ടായിരുന്നു. ഉള്ളിലെ പരിഭവവും ഇടങ്ങേറും നാവിൻ തുമ്പിൽ എത്തിയത് ഞാൻ പോലും അറിഞ്ഞീല.
"ഈ ദുനിയാവിൽ ബഹറോളം പെണ്ണുങ്ങളുണ്ട്. ഓരൊക്കെ കൂടെ നടന്ന് പൂതി തീർത്തോ, ന്റെ കിനാവിൽ ഈ പടപ്പ് ഇനി ഉണ്ടാവൂലാ."
അതും പറഞ്ഞ് തിരികെ നടക്കാൻ നേരം മുല്ല വള്ളികൾ ചുറ്റി കിടക്കുന്ന മാവ് ആരോ പിടിച്ച് കുലുക്കിയ പോലെ,എനിക്ക് ചുറ്റും പെരുമഴ പോലെ മുല്ലപ്പൂക്കൾ പെയ്തിറങ്ങി.ചുറ്റിലും വീശുന്ന കാറ്റിന്റെ അതേ താളത്തിൽ ഉള്ളിൽ സ്നേഹം തുള്ളി തുളുമ്പുന്ന പോലെ തോന്നി എനിക്ക്.
പാതി ഇരുട്ടിൽ നേരം രാത്രിയോട് അടുക്കുന്നു.എന്റെ കഴുത്തിനെ ചുറ്റി തിരിഞ്ഞ് തണുത്ത കാറ്റ് വീശി.കാതുകളിൽ ആരോ പതിയെ എന്നോ കേട്ട് മറന്ന ഇശല് മൂളുന്ന പോലെ. എന്റെ നെഞ്ചാകെ പടപടാന്ന് ഇടിക്കാൻ തുടങ്ങി.
"പാത്തൂ......"
വിളി കേട്ട ഞാൻ ഒന്ന് ഞെട്ടി.ചുറ്റിലും നോക്കിയെങ്കിലും ആരെയും കണ്ടില്ല.കണ്ണിലെ ഇരുട്ട് പെരുകുന്നു.
വീട്ടിലേക്ക് ഓടാൻ ഒരുങ്ങിയതും ആ ശബ്ദം വീണ്ടും അവിടെ കേട്ടു.
"എന്നെ കാണാൻ മോഹം കൂടിയതല്ലേ നിനക്ക്.എന്നിട്ടിപ്പൊ ഇന്നെ കാണാതെ പോവാണോ????"
വിറയലും കിതപ്പും ചേർന്ന ശബ്ദത്തിൽ ഒരു വിധം ചോദിച്ചു.
"ആരാ, ഇങ്ങക്ക് ന്താ വേണ്ടേ......"
ശൂന്യതയിലേക്ക് നോക്കിയുള്ള ന്റെ ചോദ്യം കേട്ടതും അവിടെ ഒരു ചിരി മുഴങ്ങി.
"ഇയ്യ് ഇന്നെ കാണാൻ ശ്രമിക്കണ്ട. ഈ ഇരുട്ടിൽ അനക്ക് ഇന്നെ കാണാൻ ഒക്കൂല. അന്റെ മുന്നിൽ ഞാൻ വരും നീ കാണാൻ കൊതിച്ച അതേ ചേലിൽ."
പെട്ടെന്ന് അവിടാകെ നിശബ്ദമായി. ഞാൻ വേഗം വീട്ടിലേക്ക് ഓടി മുറിയിൽ കയറി വാതിലടച്ചു.
"ന്താ ന്റെ അല്ലാഹ്.....ഞാൻ ഈ കണ്ടതും കേട്ടതും."
മുഖം പൊത്തി കമിഴ്ന്ന് കിടന്നു.മുഖത്ത് ന്തോ വെളിച്ചം വന്ന് വീണപ്പോഴാണ് ഉണർന്നത്.
പുറത്തേക്ക് നോക്കുമ്പോൾ ആകെ ഇരുട്ട് പരന്നിരുന്നു.നേരം പാതിര കഴിഞ്ഞിരിക്കുന്നു.
എന്തൊക്കെയോ ചിന്തകൾ ഉള്ളിൽ കിടന്ന് മുറവിളി കൂട്ടുന്ന പോലെ.പെട്ടെന്ന് ആരോ തസ്ബീഹുകൾ ചൊല്ലുന്നത് കാതിൽ പതിഞ്ഞത്.കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന അത്രയും ഈണത്തിൽ.
അത് പിന്നെ അടുത്തേക്ക് വരുന്ന പോലെ, ഞാൻ മുറിയ്ക്ക് പുറത്ത് ഇറങ്ങി.മൂക്കിലൂടെ ഊദിന്റെ ഗന്ധം ഇരച്ച് കയറി.അത് വരുന്നിടം ലക്ഷ്യമാക്കി ഞാൻ ഇറങ്ങി നടന്നു.
അപ്പോഴാണ് അകലെ ഒരു വെളിച്ചം എന്റെ നേരെ അടുക്കുന്നത് കണ്ടത്.പേടിച്ച് ഞാൻ തിരികെ ഓടാൻ തുടങ്ങിയതും ആരോ വീണ്ടും എന്റെ കാതിൽ പറഞ്ഞു.
"പേടിക്കല്ലേ പാത്തൂ...... ആ വരുന്നത് ഞാൻ തന്നെയാ. നീ ഏറെ മോഹിച്ച പടച്ചോന്റെ ആ പടപ്പ്."
അയാൾ അത് പറഞ്ഞ് തീരുമ്പോൾ ഞാൻ മാഞ്ചോട്ടിൽ എത്തിയിരുന്നു.
അടുക്കും തോറും ആ രൂപം എന്റെ കണ്ണുകളിൽ അത്ഭുതം തീർത്തിരുന്നു.കയ്യിലെ നീളൻ തസ്ബീഹ് മാലയ്ക്ക് ഒപ്പം കൈ വിരലുകൾ അനങ്ങുന്ന അതേ ഈണത്തിൽ ആ ചുണ്ടുകളും അനങ്ങുന്നുണ്ടായിരുന്നു.
തിളങ്ങുന്ന കണ്ണുകളിൽ വറ്റാത്ത മുഹബ്ബത്ത് ഒളിപ്പിച്ച് വെച്ച പോലെ,ചുണ്ടുകൾ തെളിഞ്ഞ് നിൽക്കുന്ന പാതി ചിരിയിൽ ആരിലും ഉള്ള നോവിനെ മാറ്റാൻ കരുത്തുള്ള പോലെ.
ചുറ്റിലും വീശുന്ന കാറ്റ് പോലും ഞങ്ങളുടെ ഇടയിലെ മൗനത്തിൽ വഴി മാറി പോയി.
"ആരാ പാത്തൂ അന്നോട് ഇന്നെ മോഹിക്കാൻ പറഞ്ഞത്."
പെട്ടന്ന് വന്ന ചോദ്യത്തിൽ ഞാനൊന്ന് പതറി.
"അത് പിന്നെ സുറുമി താത്ത അവിടിരുന്ന് മുണ്ടണത് കേട്ടപ്പോ......"
ഏതോ പേകിനാവ് കാണുന്ന ലോകത്തിൽ ആണ് ഓള്.
"സുറുമി എന്നോട് മിണ്ടുന്നെന്ന് അനക്ക് എങ്ങനെ അറിയാം...."
"അത് പിന്നെ ഓരല്ലേ അടച്ചിട്ട മുറിയിൽ ഇരുന്ന് മുണ്ടണത്.അത് പിന്നെ ആരോടാ..... ജിന്ന് കൂടീതാണത്രേ...."
ചുറ്റിലും തൊട്ടുരുമ്മി നിന്നിരുന്ന ഊദിന്റെ ചൂരൊക്കെ പെട്ടെന്ന് ഇല്ലാണ്ടായി.
"അതേയ്,ഇൻക്ക് ഇങ്ങളെ പേടിയാണ് ട്ടോ, മുണ്ടാനും കാണാനും ഒക്കെ പൂതി ഉണ്ടെങ്കിലും കാണുമ്പോ ഖൽബിൽ ഒരു ബേജാറാണ്. കേൾക്കണുണ്ടോ ഞാൻ പറയണത് ഒക്കേം...."
മറുപടി ഒന്നും ഇല്ലായിരുന്നു.മാഞ്ചോട്ടിൽ തങ്ങി നിന്നിരുന്ന വെളിച്ചം ഇരുട്ടായി പോയിരിക്കുന്നു. കാത്ത് നിന്നെങ്കിലും ആരെയും കണ്ടില്ല.ഞാൻ തിരിച്ച് മുറിയിൽ വന്ന് കിടന്നു.
വെളുപ്പിനേ മാഞ്ചോട്ടിൽ വട്ടം ചുറ്റി കൊറേ നടന്നെങ്കിലും ആരെയും കണ്ടീല. പിന്നെ തോന്നി വെളിച്ചത്ത് ജിന്ന് വരൂല്ലല്ലോ. അതാവുംന്ന്.
അന്ന് ആദ്യമായി പകലുകളുടെ ദൈർഘ്യം ഞാൻ അറിഞ്ഞു. കാണാൻ മനസ്സ് പൂതി വെക്കുമ്പോഴൊക്കെ പലപ്പോഴും അത് കണ്ണീരായി ന്റെ രണ്ട് കവിളുകളെയും മാറി മാറി ചുംബിച്ചോണ്ടിരുന്നു.
നേരം ഇരുട്ടാവുമ്പോഴേക്കും ഞാൻ കുളിച്ചൊരുങ്ങി കാത്തിരുന്നു.മുത്ത് പോലെ പൊഴിയുന്ന തസ്ബീഹുകളുടെ ഈണം കേൾക്കാൻ ഞാൻ കാതോർത്തിരുന്നു.
കാത്തിരുന്ന് കണ്ണുകൾ അടയും എന്ന് തോന്നിയ അവസാന നിമിഷത്തിൽ ആ ശബ്ദം ന്റെ കാതുകളിൽ എത്തി.
"ന്താ പാത്തൂ ഉറങ്ങണോ നിനക്ക്,ഇയ്യ് ഉറങ്ങിയാൽ ഇൻക്ക് പിന്നെ ആരാ മുണ്ടാൻ ഉള്ളത്."
തലയിലെ തട്ടം തപ്പി തടഞ്ഞ് നേരെയാക്കി ഞാൻ അവിടേക്ക് നോക്കി.
ഇന്നെ പൂതി കേറ്റി കൊന്ന ന്റെ ഉള്ളിലെ ഹുബ്ബിന്റെ നേർപാതി അതാ ഇന്നേം നോക്കി അവിടെ നിക്കുന്നു.
"അപ്പൊ ഇന്നോട് മുണ്ടാൻ ആണോ ഇങ്ങള് വന്നത്??????"
കയ്യിൽ നിന്ന് ഊർന്ന് വീഴുന്ന മഞ്ചാടി മണികൾ പോലെ മൊഞ്ചുള്ള ഒരു ചിരിയായിരുന്നു ഇന്നെ നോക്കി അന്നേരം ന്റെ പാതി ചിരിച്ചത്.
"ന്തേ അന്നേ കാണാൻ ഇൻക്ക് വന്നൂടെ പെണ്ണേ....."
നാണം കൊണ്ടെന്റെ കൈവിരലുകൾ തമ്മിൽ ചുറ്റി പിണഞ്ഞു.
"അപ്പൊ ഇങ്ങക്കെന്നോട് മുഹബ്ബത്താണല്ലേ????"
തിളങ്ങുന്ന കണ്ണുകളിലെ ന്റെ റൂഹെടുക്കാൻ കരുത്തുള്ള നോട്ടം ഇന്നെ മുന്നോട്ട് നടത്തി.ചുണ്ടുകൾ തമ്മിൽ ഒരു നൂലിഴയുടെ അകലം തീർത്ത ആ നിമിഷത്തിൽ ജിന്നിന്റെ കയ്യിലെ തസ്ബീഹ് മണികളുടെ താളത്തിനൊത്ത് തന്നെ ഇന്നോട് പറഞ്ഞു.
"അതേ പെണ്ണേ, ഇൻക്ക് അന്നോട് മുഹബ്ബത്താണ്. ഞാൻ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന ന്റെ ഖൽബിൽ തോരാതെ പെയ്യുന്ന ഒരു കുളിരുണ്ട്. ന്റെ ശ്വാസങ്ങളെ നെഞ്ചിൽ തട്ടി ഉറക്കുന്ന കടലോളം തുടിക്കുന്ന ഒരു ജീവനുണ്ട് എന്നിൽ അത് നീയാണ്."
ചുമരിലേക്ക് ചാരി നിന്ന എന്റെ മുഖം താഴ്ന്നു.
ചുവന്ന് തുടുത്ത എന്റെ മുഖം പതിയെ ഞാൻ ഉയർത്തി നോക്കും നേരം ഒരു വെളുത്ത നൂല് പോലെ ആ രൂപം ദൂരേയ്ക്ക് അകന്നു.
പിന്നെയും നാളുകൾ അകന്നു.ഇരുട്ടിൽ ഇഷ്ടം പെരുത്തു.
പെട്ടെന്ന് ഒരുനാൾ കാത്തിരിപ്പുകൾ മാത്രമായി. ഇരുട്ട് മൂടി വെളുക്കും വരെ നോക്കി ഇരുന്നിട്ടും നിരാശ മാത്രമായി. കണ്ണുകൾ നിറഞ്ഞ് തുടങ്ങി.മനസ്സിലെ കിനാവുകൾ ഓരോന്നും കണ്ണീര് വീണ് മാഞ്ഞ് തുടങ്ങി.ചങ്ക് പൊട്ടി പൊളിയുന്ന പോലെ, പ്രാർത്ഥനകൾ നിലയ്ക്കാതെയായി. ചുണ്ടുകൾ പിന്നെയും പിന്നെയും ദൈവത്തിന് മുന്നിൽ യാചകരായി.
തേങ്ങിയുള്ള കരച്ചിലുകൾക്ക് മറുപടി എന്ന പോലെ ഒരു രാത്രിയിൽ ഊദിന്റെ ചൂരോടെ തസ്ബീഹ് മാല കിലുങ്ങി തുളുമ്പുന്നത് ഞാൻ കേട്ടു.
മുഖം തുടച്ച് ഞാൻ എണീറ്റ് നോക്കുമ്പോൾ അതാ എനിക്ക് മുന്നിൽ ചെറു ചിരിയിൽ എനിക്ക് മോഹങ്ങളെ തന്നവൻ നിൽക്കുന്നു.
"പാത്തൂ.....അന്നോട് യാത്ര പറയാൻ ആണ് ഞാൻ വന്നത്......"
പറഞ്ഞ് തീരും മുൻപേ എന്റെ ഉള്ള് ഒന്ന് പിടഞ്ഞു.മുഖം പൊത്തി കരയാനാണ് തോന്നിയത്. വാക്കുകൾ കിട്ടാതായി.ഒരുവേള എങ്ങനെ ഒക്കെയോ ഞാൻ പറഞ്ഞ് ഒപ്പിച്ചു.
"പാതിയിൽ ഇട്ടിട്ട് പോവാൻ ആയിരുന്നേൽ ന്തിനാ ഇങ്ങളെന്നെ തേടി വന്നത്.ആശിച്ചപ്പോഴും കൊതിച്ചപ്പോഴും ഇന്നെ കാണാതെ പോവായിരുന്നില്ലേ......
കൊറേ ഏറെ മോഹങ്ങളും അതിലേറെ സ്വപ്നങ്ങളും തന്നത് ഇതിനായിരുന്നോ. തേടുന്ന വഴികളും മുഖങ്ങളും എല്ലാം ഇങ്ങളായി പോയത് അത്രേം ഇഷ്ടം ഉള്ളോണ്ടല്ലേ. ന്നിട്ടും ഒടുക്കം ഞാൻ......."
പറയാൻ ഏറെ ഉണ്ടായിട്ടും ഒന്നും പറയാൻ വയ്യാതായി.
പിന്നെ അവിടുന്ന് ഒച്ചയും അനക്കമൊന്നും കേട്ടില്ല.തിരിഞ്ഞ് നോക്കിയിട്ടും കണ്ടില്ല.
ഒന്നും മിണ്ടാതെ എല്ലാം ഒറ്റ വാക്കിൽ പറഞ്ഞത് ഓർത്ത് ഒരുപാട് കരഞ്ഞു.
ദിവസങ്ങൾ പിന്നെയും പൊട്ടിയ നൂലിൽ നിന്നും ഊർന്ന് വീഴുന്ന മുത്ത് പോലെ പൊഴിഞ്ഞ് പോയി കൊണ്ടിരുന്നു.
എന്റെ ഉള്ളിലെ മോഹം മാത്രം പൊഴിഞ്ഞില്ല അത് പിന്നെയും കണ്ണീരിന്റെ നനവേറ്റു വളർന്നു.
സുറുമി താത്തയിലേക്കുള്ള വഴിയിലാണ് ഞാനെന്ന് തോന്നി.ഒറ്റയ്ക്കുള്ള നടപ്പും ഇരിപ്പും സംസാരവും ഇരുട്ടിൽ മുല്ല ചോട്ടിൽ ചെന്നിരിക്കലും അങ്ങനൊക്കെ.
ഒടുക്കം പടച്ചോനും കൈ വിട്ടു എന്ന് തോന്നി പോയ ഒരു രാത്രിയിൽ ചങ്ക് പൊട്ടി കരയാൻ തുടങ്ങി.ഉള്ളിലെ നോവ് മുഴുവൻ വാക്കുകളായി പുറത്തേക്ക് ഒഴുകി തുടങ്ങി.
"കരളേ ന്റെ റൂഹൊഴിയാൻ കാത്തിരിക്കാണ് ഞാൻ....
ഇൻക്ക് അന്റെ കൂടെ കൂടാൻ......
അന്റെ ദ്വീപുകളിലെ രാജകുമാരിയാവാൻ, അന്റെ കിനാവിലെ ഹൂറിയാകാൻ......
കണ്ടോ ഇയ്യ് ന്റെ കയ്യിലെ മൈലാഞ്ചിന്റെ ചോപ്പ്, അത് അത്രേം അന്നോടുള്ള ഇഷ്ടാണ് ട്ടോ.....
ഇയ്യ് എന്നാ ഇന്നെ തേടി വരാ എന്നൊന്നും ഇൻക്ക് അറീലാട്ടോ, ന്നാലും ഇരുട്ട് മൂടുമ്പോഴൊക്കെ ഉള്ളിൽ പൂതി കേറി ഞാൻ ആകെ അങ്ങട് ഇല്ലാണ്ടാവും.....
അന്റെ തസ്ബീഹ് കിലുങ്ങുന്നത് പോലെ തോന്നും,ഇയ്യ് ഗസൽ മൂളുന്നത് പോലൊക്കെ തോന്നും,ചുറ്റിൽ ഊദ് മണക്കുന്നത് പോലൊക്കെ തോന്നും.....
മാവിൻചോട്ടില് മുല്ലവള്ളിന്റെ താഴെ ചുറ്റി തിരിഞ്ഞ് നടക്കുമ്പോഴും അന്നെ ഞാൻ തിരയും.....
ചുറ്റിലും പിന്നെയും പിന്നെയും തിരയും.....
കൂടെ കൂടെ തോരാത്ത മഴ പോലെ മുല്ലപ്പൂ പെയ്യുന്നുണ്ടോ ന്നൊക്കെ നോക്കും.....
പിന്നെ കഴിയുമ്പോ കണ്ണ് നിറയും കവിളൊക്കെ ആകെ ചോക്കും.....
ഒന്നും മിണ്ടാണ്ട് മുറിയിലേക്ക് പോരും,കണ്ണാടിയ്ക്ക് മുന്നിൽ നോക്കിയാൽ കാണാം അന്നെ കാണാൻ കൊതിച്ച് കണ്ണിൽ വരച്ച സുറുമ ആകെ കലങ്ങി കിടക്കണത്.
ഇയ്യ് ഇന്നെ മോഹം കേറ്റി കൊന്നോണ്ടല്ലേ ഇന്നിപ്പോ ഇങ്ങനൊക്കെ.....
പടച്ചോനോട് ഇനി എങ്ങനാ ഞാൻ പറയണ്ടേ.....
ഇയ്യൊന്ന് ഇൻക്ക് പറഞ്ഞൊണ്ടാ.....
ന്തിനാ ഇന്റെ മുന്നിൽ വന്നത്,ഈ ദുനിയാവ് പോലും മറന്നീലെ ഞാൻ,ആർക്കും വേണ്ടിയാ അതൊക്കെ......
ന്റെ ഉള്ള് പിടയണത് കാണുണ്ടോ ഇയ്യ്,ഇൻക്ക് അറിയാ ഇയ്യ് ഇരുന്ന് ചിരിക്കാവും......
ഉള്ള് പിടയാണ് ഹുബ്ബീ.....
ഇനീം ഇന്നെ കൊണ്ട് വയ്യാ ട്ടോ......"
നെഞ്ചിൽ കൈ വെച്ച് ഉള്ള് പൊട്ടി വിളിച്ചു.
"ഒന്നൂടെ ന്റെ മുന്നിൽ വാ.....
ഇന്നെ കൊണ്ടിനിയും കാണാതിരിക്കാൻ വയ്യാ.....
ഒന്നൂടെ ഒന്ന് വന്നൂടെ...."
ദൂരെ എങ്ങോ തസ്ബീഹ് കിലുങ്ങുന്ന പോലെ,
അഴിയോട് കാതുകൾ ചേർത്ത് വെച്ചു അന്നേരം ഊദിന്റെ ചൂര് മൂക്കിലേക്ക് ഇരച്ച് കയറി.
ഓലക്കീറിന് ഇടയിലൂടെ മാഞ്ചോട്ടിലോട്ട് നോക്കിയതും ന്റെ കണ്ണ് നിറഞ്ഞു തുളുമ്പി.
"ന്റെ അല്ലാഹ്....."
മാഞ്ചോട്ടിൽ ആകെ മുല്ലപ്പൂ കൊഴിയുന്നു.കണ്ണിമ ചിമ്മി തുറക്കും മുൻപേ ന്റെ കണ്ണിന്റെ മുന്നിൽ അതാ തസ്ബീഹ് മണികൾ തൂങ്ങിയാടുന്നു.
കണ്ണുകൾ രണ്ടും തുറന്നതും കണ്പീലിയോട് ചേർന്ന് ന്റെ റൂഹിന്റെ കണ്ണുകൾ തിളങ്ങി നിൽക്കുന്നു. ആ ചുണ്ടിൽ എന്നത്തേക്കാളും അധികം പുഞ്ചിരി.
"ന്റെ പാത്തൂ......"
"ഓയ്........."
"പോണ്ടേ മ്മക്ക്......"
"എങ്ങ്ടാ പോണ്ടേ മാഞ്ചോട്ടിൽക്കോ???"
"അല്ലെ പെണ്ണേ....... അന്നെ ഞാൻ കൊണ്ടോവട്ടെ???"
"എങ്ങട്ട് കൊണ്ടോവണ കാര്യാ മനുഷ്യാ ഇങ്ങളീ പറയണേ......"
"ന്റെ ദ്വീപുകളുടെ രാജകുമാരിയാക്കാൻ......"
"പോണോ കരളേ......."
"പോണ്ടേ പാത്തൂ....."
"ഹ്മം...... പോണം,ന്തായാലും പോണം......."
"ന്നാലെ ന്റെ കുട്ടി കണ്ണടയ്ക്ക്......"
ഞാൻ പതിയെ ന്റെ കണ്ണുകൾ അടച്ചു.ആദ്യം വല്ലാത്തൊരിരുട്ടും പിന്നെ ചുറ്റും ചേലുള്ളൊരു നിലാവും കണ്ണിൽ തെളിഞ്ഞു.
ആദ്യമാദ്യം തൊണ്ടയിൽ വല്ലാതെ ശമിയ്ക്കാത്ത ദാഹവും പിന്നെ പിന്നെ തണുത്തൊരു നീരുറവ പൊട്ടിയൊഴുകും പോലെ.
കൈകളും കാലുകളും ദേഹമാസകലം ആരൊക്കെയോ ബന്ധിച്ചിരിക്കുന്ന പോലെ.
ഞാനൊരു ശലഭം പോലെ മേലോട്ട് പറന്നുയർന്നു.കൂടെ ന്റെ നല്ല പാതിയും.
അകലെ കാണുന്ന ഒരു ചില്ല് ജാലകം ലക്ഷ്യമാക്കി ഞങ്ങൾ പറന്നു.
അപ്പോഴേക്കും താഴെ ഭൂമിയിൽ വെളിച്ചം വീണിരുന്നു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.എന്റെ മുറിയിൽ ന്റെ ഉമ്മീ എന്നെ പോലെ തോന്നിയ്ക്കുന്ന ഏതോ ഒരു രൂപം നോക്കി കുലുക്കി വിളിച്ച് പൊട്ടി കരയുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല.
അന്നേരം മുല്ല വള്ളിയ്ക്ക് താഴെ തലേന്ന് പെയ്ത മുല്ല പൂക്കളെ ചവിട്ടി മെതിച്ച് ആരൊക്കെയോ അടക്കം പറഞ്ഞേർന്നു.
"ഓളെ ജിന്ന് പിടിച്ചതാവും അല്ലാണ്ടിപ്പോ എങ്ങനാ ജീവൻ പോവ്വാ....."
സ്നേഹത്തോടെ,
Aashiee Elevenz
(ഒരു തൃശൂര്ക്കാരൻ ഗെഡി)

0 Comments
Post a Comment