*വസന്തം വിരിയിച്ച ലോക്ക് ഡൗൺ*

ലോകം കോറോണയുടെ ഭീതിയിലമർന്നു കൊണ്ടിരിക്കുമ്പോൾ ഫ്രണ്ടിന് അസുഖമായതിനാൽ
ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു.അപ്പോഴാണ് മോദിജി ജനത കർഫ്യൂ പ്രഖ്യാപിക്കുന്നത്. കോളേജിൽ എല്ലാം കർശനമാക്കുന്നു. പലതരത്തിലുള്ള പുതിയ നിയന്ത്രണങ്ങൾ. വീട്ടിൽ നിന്നും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ് വീട്ടിലേക്ക് പെട്ടെന്ന് വരാൻ. എല്ലാ യാത്രാ സംവിധാനങ്ങളും നിർത്തിവെച്ചിരിക്കുന്നത്രേ. കൂട്ടുകാരനെയും വെയ്യാതെയായ അവന്റെ ഉമ്മയെയും ഒറ്റക്കാക്കി പോവാനാണെങ്കിൽ എനിക്ക് മനസ്സ് വരുന്നില്ല. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. അവൻ ഡിസ്ചാർജ് ആയി. കണ്ണൂരിൽ അവന്റെ വീട്ടിലാക്കി തിരിച്ചു വരുമ്പോൾ വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു.എനിക്ക് വയനാട്ടിലെത്തണം  ലോക്ക് ഡൗൺ പ്രഖ്യപിച്ചിരിക്കുന്നു. രണ്ട് ബൈക്ക്, ഒരു കാർ, രണ്ട് ലോറി, ഒരു ജീപ്പ് പിന്നെ വീട്ടിൽ നിന്നും പറഞ്ഞയച്ച ബൈക്ക് ഇവയിലൊക്കെയായി വീട്ടിലെത്തുമ്പോഴേക്ക് ഒരുപാട് സ്ഥലത്ത് പോലിസിന് സത്യവാങ്മൂലം കാണിക്കേണ്ടി വന്നു. വീട്ടിലെത്തിയെപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കൊറോണയെന്ന മഹാവ്യാധി എല്ലാവർക്കും ആദിയായിരുന്നു സമ്മാനിച്ചത് ഞങ്ങൾക്കും. ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും എല്ലാവരും അവനവന്റെ വാസസ്ഥലങ്ങളിൽ ഭയവിഹ്വലരായി ഒതുങ്ങി കൂടിയപ്പോൾ വിത്യസ്‌ത ദിക്കുകളിൽ ഭിന്നമായ ഏർപ്പാടുകളിൽ ഒറ്റപ്പെട്ടുപോയിരുന്ന ഞങ്ങൾ എട്ടുപേർ ഒന്നിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരുമിക്കൽ ആണ്ടിൽ രണ്ടു പെരുന്നാളുകളിലാണ് ഉണ്ടാവാറുള്ളത്. ഉപ്പയും ഏഴു മക്കളും. അതുതന്നെ ഏതാനും ദിവസങ്ങൾ മാത്രം. എന്നാൽ എല്ലാവരെയും പിടിച്ചു കെട്ടിയ ലോക്ക് ഡൗൺ ഇന്നേവരെയമില്ലാത്ത ആരവങ്ങളുടെ ആഘോഷങ്ങളായിരുന്നുയിരുന്നു ഞങ്ങൾക്ക് സമ്മാനിച്ചത്. ഉസ്താദായ ഉപ്പയുടെ വിട്ടുവീഴ്ചയില്ലാത്ത മതനിഷ്ഠ അഞ്ചു നേരവും ജമാഅത്തായി നിസ്കരിക്കാനും പ്രധാന സമയങ്ങളിൽ പ്രാർത്ഥനാ നിരതരായി നിലക്കൊള്ളുവാനും ഞങ്ങളെ പ്രേരിപ്പിച്ചു. അപൂർവമായി ഒത്തുകൂടുന്ന ഞങ്ങൾ ആദ്യമായിട്ടാണ് ഇത്ര കാലം ഒരുമിച്ചു കൂടുന്നത്. നിത്യവും വ്യാധിയുടെ ആദിയിൽ നിന്ന് രക്ഷനേടാനുള്ള പ്രാർത്ഥനയും പ്രവർത്തനങ്ങളും സർവസജ്ജമായിരുന്നു. ജ്യേഷ്ഠൻ അനിയൻ എന്ന ബന്ധങ്ങൾക്കുപരി ഞങ്ങൾ എല്ലാ സീമകളെയും കവച്ചു വെച്ച കൂട്ടുകാരായിരുന്നു. നൽകേണ്ട ബഹുമാനാദരവുകൾ നൽകിക്കൊണ്ട് തന്നെ എല്ലാം മനസ്സറിഞ്ഞ് ഇടപഴകുന്ന പ്രിയ ജേഷ്ഠ അനുജന്മാർ. ആത്മീയാനുഭൂതിയിൽ നിറഞ്ഞു നിൽക്കുന്ന ദിനങ്ങൾ.സുബ്ഹി ബാങ്ക്‌ വിളിച്ചാൽ അനിയന്റെ ഹോംതീയേറ്ററിൽ സുദൈസിയുടെ ഓത്തുയരും.നിസ്കാരനാന്തരം ഒരു യാസീനും ഉപ്പ നിർണയിക്കുന്ന അദ്കാർ 100തവണയും അല്പം ഖുർആൻ പാരായണവും.പിന്നെ നല്ലൊരു ചൂടു  കാപ്പി കുടിക്കുമ്പോയേക്ക് സൂര്യൻ തലയുയർത്തിയിട്ടുണ്ടാകും ദിവസാരമ്പം  അതിഗംഭീരം.പിന്നെ അല്പം മയങ്ങണം ബ്രേക്ക് ഫാസ്റ്റ് ആവുന്നത് വരെ.ബ്രേക്ക് ഫാസ്റ്റിലെ അതിഥി വീട്ടിലുണ്ടാക്കുന്ന ചായ പൊടിയാണ്.അന്നത്തെ ചായ ചായപ്പൊടി ഉണ്ടാക്കിയവർക്കനുസരിച്ചിരിക്കും.പിന്നെയങ്ങോട്ട് പണികളാണ് വീടും പരിസരവും ലോക്ക് ഡൗൺ കൊണ്ട് സന്തോഷിക്കാൻ പോകുന്നു. അവിടെ മാനേജർ ഉമ്മയാണ്, ഉമ്മ പറയുന്നതനുസരിച്ച് പണിയെടുക്കണം, വിറക് ശേഖരിക്കണം, അത് വെട്ടി റെഡിയാക്കണം, അത് ഉമ്മ പറയുന്നിടത്ത് അടക്കി വയ്ക്കണം. അതു കഴിഞ്ഞു പിറ്റേ ദിവസം ഉള്ള പണി വേസ്റ്റ് വെള്ളത്തിന് ഒരുകുഴി വെട്ടണം. അത് കല്ലുവെച്ച് കെട്ടി അങ്ങനെ വേസ്റ്റ് വെള്ളം തിരിച്ചു വിട്ടു. അപ്പോഴാ പറയുന്നത് ചപ്പുചവറുകൾ ഇടാൻ വേണ്ടി വേറൊരു കുഴി എടുക്കണമെന്ന് അതും ചെയ്തു. പിന്നെയോ കൃഷിത്തോട്ടം ഉണ്ടാക്കണം.പയറും മുളകും ചീരയും വെണ്ടയും തക്കാളിയും വഴുതനയും എല്ലാം അങ്ങനെ ഞങ്ങളെ വീട്ടുമുറ്റത്ത് മുളച്ചു. എന്നും ഒരു മണിക്ക് ളുഹർ നിസ്കാരം ആരംഭിക്കും ജമാഅത്തിനെത്തിയിട്ടില്ലെങ്കിൽ അന്നത്തെ ഫുഡ് സ്വാഹ. ജമാഅത്ത് കഴിഞ്ഞാൽ നാട്ടിലെ വാട്സപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യപിക്കുന്ന അദ്കാർ ചൊല്ലൽ. ഞങ്ങളുടെ ഫാമിലിയായ ദാറുസ്സഖാഫ 10000 ഏറ്റെടുക്കും ഓരോ ജമാഅത്തിനു ശേഷവും വീതംവെച്ച് അത് പൂർത്തിയാക്കും. നിസാക്കാരം കഴിഞ്ഞാൽ നേരെ കിച്ചണിലേക്ക്. ഫുഡ് കഴിഞ്ഞാൽ പിന്നെ ഒരു ഉച്ചമയക്കം.വാപ്പ അനുവദിച്ചിരുന്നത് ഉച്ചമയക്കത്തിനാണങ്കിലും ഞങ്ങളെല്ലാവരും തോണ്ടാൻ കുത്തിരിക്കും. കൃത്യം നാലുമണിക്ക് അസർ ജമാഅത്ത്100 ദിക്ർ ഒരു കട്ടൻ ചായ. നേരെ പണി സ്ഥലത്തേക്ക്. ഇടക്കൊക്കെ തോണ്ടൽ ഒഴിവാക്കി ബൈക്ക് പഠിക്കാനും, മീൻ പിടിക്കാനും,നീന്തി കുളിക്കാനും പുഴയിൽ പോകും. ആ പോക്കൊരു പോക്കാണ്. കാവൽക്കാരുടെ കണ്ണുകൾ വെട്ടിച്ച് പോലീസിനെ ഭയന്ന് വേണം പോവാൻ. കാട്ടിലെ കായ്കനികൾ ആസ്വദിച്ച്. തിരിച്ചു വരുമ്പോൾ അവിടെ നിന്ന് ശേഖരിച്ച പലതും അന്നത്തെ ചോറിലേക്ക് കൂട്ടായിറ്റുണ്ടാവും. പിന്നെ നേരെ ഏഴുമണിക്ക് മഗ്‌രിബ് ജമാഅത്ത് ലഘു സ്‌നാക്‌സും ചായയും. ഇനിയാണത്മീയയതയിലാണ്ടുപോകുന്നത് രണ്ടു യാസീന്, രണ്ട് ഹദീസ് മൗലിദ്, പ്രാസ്ഥാനിക നേതാക്കൾ നിർദേശിക്കുന്ന സ്വലാത്ത്, ഹദ്ദാദ് റാത്തീബ്,ബുർദ,തവസ്സുൽ ബൈത്ത്, ഇങ്ങെനെ പോവും. അപൂർവം ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. എല്ലാം കഴിഞ്ഞ് ഇഷാ നമസ്കാരം ഇങ്ങനെയൊക്കെയാണ് ഇവിടെ. ഈ ചിട്ട വളരെ കർക്കശമാണ്. പിന്നെ ഇടക്കൊക്കെ കിച്ചൻ ഞങ്ങളങ് ഏറ്റടുക്കും അപ്പൊ പിന്നെ പൊറാട്ടയും, പൂരിയും, ഗ്രിൽഡ് ചിക്കനും,ശവയായും, ഷവർമയുമൊക്കെ ആ കിച്ചണിൽ പിറവി കൊള്ളും. ചിലരെക്കുറിച്ച് ഉമ്മയും ഉപ്പയും നല്ലൊന്നാന്തരം കുക്കാണെന്ന് അടക്കം പറയുന്നത് കേൾക്കാം. സത്യത്തിൽ ഇപ്പോഴാണ് കുടുംബ വാട്സപ്പ് ഗ്രൂപ്പ് ഒന്നുണർന്നത്.എല്ലാവരുടെയും പോലെ കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും പിന്നെ ഓരോരുത്തരുടെ സർഗാത്മകതയെ വിരിയിക്കാൻ വേണ്ടിയുള്ള അവസരങ്ങളും ഗ്രൂപ്പിൽ നിരന്തരം നോട്ടിഫൈഡാണ്. ഇടക്കൊക്കെ കേരളത്തിന്റെ മഹിമ കയറിവരും. മഹാമാരിയുടെ വിളയാട്ടത്തിൽ നിന്ന് തെന്നിമാറി രക്ഷപ്പെടുന്ന കേരളത്തിന്റെ കഥകൾ. നവമാധ്യമങ്ങളിലെ നല്ല ചർച്ചകൾ തീൻമേശകളിൽ ഇടം പിടിക്കാറുണ്ട്. എല്ലാത്തിനും മാധുര്യം പകരാൻ ഉപ്പയുടെ നാല് പേരമക്കളും കൂടെയുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ഉള്ളിലെല്ലാം മഹാവ്യാധിയുടെ കരങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പ്രാർത്ഥന സദാസമയവുമുണ്ടാകാറുണ്ട്.


#Break chain
#Stay home  stay safe



                     - അക്ഷരങ്ങളുടെ കാമുകൻ