ആത്മാവ്

*********************
                *വിഷ്ണു        പാർവതി ****

രാഘവേട്ടാ  രാഘവേട്ടോയ്  എന്താണ്  രാവിലെ തന്നെ  ഈ അത്താണിയിൽ വന്ന് കിടക്കുന്നത് ഒന്ന്   എഴുനേൽക്കു ...' 

വയ്യാഞ്ഞിട്ടാണോ എന്ന് ചോദിച്ചു കൊണ്ട് മോഹനൻ ഒന്ന് പിടിച്ചു കുലുക്കി  രാഘവേട്ടനെ...

ആരാടാ ?  എന്ന് ചോദിച്ചു കൊണ്ട്   രാഘവേട്ടൻ ഒരു കുഴഞ്ഞപരുവത്തിൽ എഴുനേറ്റു ..

'ഹും   എന്തൊരു നാറ്റമാണ്   രാഘവേട്ടോ   രാവിലെ തന്നെ   കള്ളു കുടിച്ചു അല്ലേ '. 

'അതേ  കുടിച്ചു,    നമ്മുടെ വീടിന് മുറ്റത്തു ഷാപ്പ് ഉണ്ടാകുമ്പോൾ കുടിക്കാതെ പോയാൽ മോശമല്ലേ..

എന്റെ മോഹനോ ,രാവിലെ   ഒമ്പത് മണിയാകുമ്പോഴേക്കും സാധനം അവന്മാർ ഇറക്കും   പതിവ് പോലെ ഞാൻ പോയി ഉൽഘടനം ചെയ്യും ഇല്ലെങ്കിൽ  ഷാപ്പുകാർക്കും എനിക്കും അന്നത്തെ ദിവസം പോക്കാഡോ ...

നിനക്ക് അറിയാലോ     എന്റെ തൊഴിൽ  ചുമടെടുക്കലുകളാ-ണ്   .പൈസ കൊടുത്തു വാങ്ങിയ തൊഴിലാണ്   എല്ലാം കൂടി വിറ്റു  പെറുക്കി കൂട്ടി    ചക്ക ചുള  എണ്ണുന്നത് പോലെ   എണ്ണി കൊടുത്തു വാങ്ങിയതാണ് ...

പക്ഷേ അതിനൊത്ത പണിയൊന്നുമില്ലെടോ...
അന്നേ...  എല്ലാം കൂടി തട്ടി കൂട്ടി   വല്ല പെട്ടി കടയോ ലോട്ടറി കടയോ ഇട്ടാൽ  മതിയായിരുന്നു ..

അല്ല ലോട്ടറി പറഞ്ഞപ്പോഴാണ്   എനിക്ക് ഓർമ്മ വന്നത് ഇതൊന്നു അടിച്ചോ നോക്കടാ നീയ്   പഴയെ പോലെ എന്റെ കണ്ണ് അത്ര പിടിക്കുന്നില്ല. നമ്മുടെ  താണാവ് നിൽക്കില്ലേ ആ മൂപ്പരുടെ കൈയിൽ നിന്നും എടുത്തതാണ് . 

കണ്ണിനു വയ്യാത്ത   അയാളുടെ കൈയിൽ നിന്നും എന്നും ഒരു ലോട്ടറി പതിവാണ്      അയാൾക്കും ഉള്ളത് ഒരു മോളല്ലേ   എനിക്കും  ഉണ്ട് അവളുടെ പ്രായത്തിലൊരു മോള് ....ഞാൻ എന്നും എടുക്കും   പൈസ ഇല്ലെങ്കിലും മൂപ്പർ എനിക്കൊരു ടിക്കറ്റ് മാറ്റി വയ്ക്കും പിന്നെ കൊടുത്താൽ മതി നമ്മളും മൂപ്പരും തമ്മിൽ   ബന്ധം   പറഞ്ഞാൽ അത് അങ്ങനെയാണ് ...

അല്ല   മോഹനാ നീ  ഇപ്പം എന്നെ പിടിച്ചു എഴുനെല്പിച്ചത് എന്തിനാടാ നിനക്കു പോണ പോകില്ലെങ് പൊയ്ക്കൂടേ ..

അല്ല...   രാഘവേട്ടാ    നിങ്ങളുടെ ഈ മാസത്തെ ഇൻഷുറൻസിന്റെ അടവ് അടക്കാനായി,   അത്  തെറ്റിക്കണ്ട   എന്ന് പറയാൻ വേണ്ടി കൂടി വിളിച്ചതാണ് .നിങ്ങളെയൊക്കെ എനിക്ക്   കാണാതെ പോവാൻ പറ്റുമോ നമ്മുടെ വേണ്ടപ്പെട്ടവരല്ലേ !

ഓ നിനക്ക്   അപ്പം എന്റെ കായി വേണം അതുകൊണ്ടല്ലേ, എന്നെ നീ വിളിച്ചു ഉണർത്തിയത് ഇല്ലെങ്കിൽ   നീയും   മിണ്ടാതെ   എന്നെ നോക്കി പല്ല് ഇളിച്ചു പോയേനെ ...അല്ലെ   ഡാ   മോഹനാ    കൊച്ചു കള്ളാ...

മോഹനേട്ടൻ ജാള്യ ഭാവത്തിൽ ഒന്ന് ചിരിച്ചു ആ പ്രയോഗം ശരി വയ്ക്കുന്ന തരത്തിൽ ...

എല്ലാവര്ക്കും പണം മതി അല്ലേ മോഹനാ എന്റെ മകൾ എന്നോട് പിണങ്ങിയിരിക്കുവാ   അവൾക്ക് വണ്ടി വേണം പോലും പെപ്പോ കിപ്പോ   അങനെ പറഞ്ഞൊരു വണ്ടിയുണ്ടോ ...

അതാടോ രാവിലെ തന്നെ   ഇച്ചിരി ഓവറായി കുടിച്ചു പോയത്  അവൾക്ക്    ടച്ചിൻടെ ഫോൺ വേണമെന്ന് പറഞ്ഞു    ഞാനത് വാങ്ങിച്ചു കൊടുത്തു
നമ്മുടെ കോളനിയിലെ ഫിറോസിന്റെ കടയിൽ നിന്നും   അതും അടവിനാട്ടോ  ! പതിനഞ്ചായിരം രൂപയുടെ  ഫോൺ ആണ്     അടച്ചു വരുമ്പം  കാശ് ഇച്ചിരി കൂടും അത്രയേ ഉള്ളൂ .. 

നമ്മുടെ പിള്ളേരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം ....

അതൊക്കെ ശരി നിങ്ങൾക്ക് വീട്ടിൽ പോയി കിടക്കാൻ മേലായിരുന്നുവോ! രാഘവേട്ടാ,  ഈ   അത്താണിയിൽ വന്ന് കിടന്നു   നാട്ടുകാരെ കൊണ്ട് വെറുതെ പറയിപ്പിക്കണോ?

'നീ   പോടാ...ചെക്കാ..
എടോ   നിനക്കു ഇത് വെറും കല്ലായിരിക്കും എനിക്കിത് ആത്മാവാണ് ടോ   എന്റെ  ആത്മാവ്  സങ്കടങ്ങളൊക്കെ ഞാൻ ഇവിടെയാണ് ഇറക്കി വയ്ക്കുക ..  ഇവിടെ വന്നു കിടക്കുമ്പോൾ  എനിക്ക് വല്ലാത്തൊരു സുഖമാണ് ഈ അത്താണിയിൽ    കിടന്നു  എനിക്ക് മരിക്കണം   അതാണ് എന്റെ ആഗ്രഹം ...  എന്റെ എല്ലാ സങ്കടങ്ങളും ഇവനറിയാം ഇവന് മാത്രമേ അറിയൂ ...

ശരി ഞാൻ ഇറങ്ങട്ടെ നിങ്ങൾ വീട്ടിലേക്ക് പോവൂ.

നീ വിട്ടോ ഞാൻ   പോവാം..  രാഘവേട്ടൻ അവിടെന്നു എഴുനേറ്റ്   പതിയെ റോഡിലേക്ക് നടന്നു..

എന്നിട്ട് നേരെ കുഞ്ഞന്റെ ഹോട്ടലിലേക്ക് പോയി..

ഉച്ച നേരായത്‌ കൊണ്ട്  നല്ല തിരക്കാണ് ...
രാഘവേട്ടൻ  വരുന്നത് കണ്ടപ്പോഴെ.. കുഞ്ഞൻ മുണ്ടു കൊണ്ട് കയ്യൊക്കെ തുടച്ചു വാതിൽക്കൽ വന്നു നിന്നു..

എടാ കുഞ്ഞാ   നീ   രണ്ട് പൊതി ചോറ്   കെട്ടി വയ്ക്ക് പിന്നെ മീന്  പൊരിച്ചത്   കുറച്ചു   കൂടുതൽ വെച്ചോ    എന്റെ മോൾക് മത്തി പൊരിച്ചതും   പപ്പടവും വല്യ ഇഷ്ടാ . ... അവളാണെങ്കിൽ എന്നോട് പിണങ്ങി നിക്കുവാ..

നീയെടുത്തു വെക്ക്

ഞാനിപ്പം വരാന്ന്‌ പറഞ്ഞുകൊണ്ട്... രാഘവൻ അവിടുന്നിറങ്ങി..

അപ്പോഴാണ് ഒരു സ്ത്രീ രാഘവേട്ടന്റെ, നേർക്കായി നടന്നു വരുന്നത് കാണുന്നത്.  അല്പം മുഷിഞ്ഞതായിരുന്നു അവരുടെ വസ്ത്രം
ഒക്കത്തൊരു കുഞ്ഞുണ്ട് ... കൈ പിടിച്ചു കൊണ്ട് മറ്റൊരു കുഞ്ഞും...

കുഞ്ഞു ങ്ങൾക്ക് അടിവസ്ത്രം മാത്രമേയുള്ളൂ... വയറിനുഅസാധാരണ വലുപ്പം തോന്നി.

അതേയ് ഈ  മരുന്ന് ഇറച്ചി കിട്ടുന്ന കടഏതാണ്.  അല്പം പതിഞ്ഞ സ്വരത്തിലും  ആകാംഷയോടു കൂടിയാണ്  ആ സ്ത്രീ രാഘവേട്ടനോട് ചോദിച്ചത്  .

സാരി തൂമ്പിലൂടെ   വട്ടം ചുറ്റി കൊണ്ട്   അല്പം ഭയത്തോടെ ആ കുഞ്ഞ് അയാളെ നോക്കുന്നുണ്ടായിരുന്നു.

നിങ്ങൾ അത് വാങ്ങാൻ വന്നതാണോ   നേരത്തെ വരണ്ടേ    ഉച്ചയായല്ലോ! മോളെ എന്നും പറഞ്ഞു കൊണ്ട്   അല്പം ദൂരെയായി ഒരു ഇടവഴി ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു   ദാ ആ കാണുന്ന വഴിയിലൂടെ പോവുക  അപ്പോൾ  അവിടെ ഒരു വീട്   ആ കാണാം അതിന്റെ അടുത്ത വീടാണ്   മരുന്നേറച്ചി കൊടുക്കുന്ന ഡോക്ടർ ഉള്ളത്  ...

നിങ്ങക്ക്  ഭക്ഷണം വല്ലോം   കഴിക്കണങ്കി  ദേ
ഇവിടെ കഴിക്കാം അല്ലെങ്കിൽ നിങ്ങൾ പോണ വഴിയിൽ   സന്തോഷെന്നു  പറഞ്ഞ   ആളിന്റെ ഒരു  ഹോട്ടൽ ഉണ്ട്   അതിന്റെ തൊട്ടടുത്ത വീട്ടിലേക്കാണ് നിങ്ങൾക്ക് പോകേണ്ടതും..

ഹോംലി ഫുഡ്‌ ആണ്   വളരെ കുറഞ്ഞ  പൈസയെ ഉള്ളൂ.അത്താണി പറമ്പിൽ വന്ന് ആരും ബുദ്ധി മുട്ടി പോവാൻ പാടില്ല , പിന്നെ ആ പിള്ളേരെ വാട്ടണ്ട എന്ന്‌ കരുതി പറഞ്ഞതാണ് എന്നും പറഞ്ഞു രാഘവേട്ടനൊന്നു ചിരിച്ചു ....

ശരിയെന്നും പറഞ്ഞു കൊണ്ട് ആ സ്ത്രീ അങ്ങോട്ടേക്ക് പോയി .
നടക്കുന്ന വഴികളിലൊക്കെ ആ കുഞ്ഞ് പദസര കിലുക്കം കൊണ്ട്   തന്റെ വരവ് അറിയിക്കുന്നുണ്ടാ-യിരുന്നു  ...

റോഡിൽ കാണുന്ന എന്തിനെയെല്ലാം പെറുക്കിയെടുത്തു പോകുന്നതും കണ്ട് രാഘവേട്ടൻ നിന്നു..

ദ രാഘവേട്ടാ നിങ്ങളുടെ ഭക്ഷണപ്പൊതി...

കുഞ്ഞൻ പുറത്തെക്ക് വിളിച്ചു പറഞ്ഞു..

'ആ നീ കെട്ടി വെക്ക്.. 'ഞാൻ ബീഡി വാങ്ങിച്ചോണ്ടു വരട്ടെ...

*********************

കുഞ്ഞി... അച്ഛന്റെ  കുഞ്ഞി പെണ്ണേ... അച്ഛന്റെ ചക്കരെ... അച്ഛൻ ദേ..  നിനക്കന്താ കൊണ്ട് വന്നേ നോക്ക്... '

അവൾ അതൊന്നും  കേൾക്കാത്ത ഭാവത്തിൽ   ഫോണിൽ കുത്തിക്കൊണ്ടിരുന്നു...

അച്ഛൻ ആടിയാടി വരുന്നത് കണ്ടപ്പോഴെ അവൾ കണ പല്ല് ഞെരിച്ചു...

രാഘവൻ അവളുടെ അടുത്തു വന്നിരുന്നു  .   ഭക്ഷണപൊതി അവൾക്ക് നേരെ നീട്ടി..

'മീൻ വറുത്തതും  , പപ്പടോ ണ്ട്... എന്റെ കുഞ്ഞിക്കിഷ്ടല്ലേ അത്... '

'ഓഹ്.. നാറീ ട്ട് വയ്യ... കുടിക്കണ്ടന്ന് എത്ര പറഞ്ഞാലും കുടിച്ചിട്ട് വരും .  അതിനൊക്കെ കാശുണ്ട്... ഞാനൊരു സ്കൂട്ടി വാങ്ങി ച്ചു തരാൻ പറഞ്ഞപ്പോ  അതിനു മാത്രം കാശി ല്ലാ... '

അവൾ രാഘവനു നേരെ കെറുവിച്ചു കൊണ്ട് നാലു ചാട്ടവും ചാടി.. അകത്തേക്ക് പോയി..

'മ്മ്... കുറുമ്പി യാ... എന്റെ സീതേ ടെ തനി പകർപ്പാ... മൂക്കത്താ ശുണ്ഠി... '

ഉമ്മറത്തിരുന്നു  ആരോടന്നില്ലാതെ പറഞ്ഞു കൊണ്ട് രാഘവൻ അകത്തേക്ക് കയറി...

എന്നോടൊട്ടും സ്നേഹോല്ല്യാ ...
കുഞ്ഞീന്നും വിളിച്ചു വരും ഒക്ക അഭിനയാ... '

'എന്റെ കുഞ്ഞി... ഭക്ഷണം വന്നു കഴിക്ക്  .   രാവിലെ രണ്ടു ദോശ കഴിച്ചതല്ലേ... '

'എനിക്കൊന്നും വേണ്ട .  ഞാൻ പട്ടിണി കിടന്നു മരിച്ചോട്ടെ  . എനിക്കൊരു സ്കൂട്ടി വാങ്ങി തരാൻ പറഞ്ഞിട്ട്
 കേട്ടില്ലല്ലോ...   എന്റെ അമ്മ ഉണ്ടായിരുന്നങ്കി   എനിക്കിങ്ങനെയൊ-രു ഗതി വരില്ലായിരുന്നു .

അമ്മയെന്നു പറഞ്ഞതും... രാഘവന്റെ കണ്ണിൽ വെള്ളം പൊട്ടി .  ഹാളിൽ മാലയിട്ടു തൂക്കിയ തന്റെ ഭാര്യ സീതയുടെ ഫോട്ടോയിലെക്കൊന്നു നോക്കി...

'മോളെ... നിനക്ക് വേണ്ടിയാ അച്ഛൻ ജീവിക്കുന്നെ.. നീയാ എന്റെ ലോകം... ഇങ്ങനെ ചങ്കി കുത്തുണ വർത്താനമൊന്നും പറയല്ലേ....

നിനക്ക് ഫോൺ വേണമെന്ന് വാശി പിടിച്ചപ്പോ   കടം  വാങ്ങിയാ   അച്ഛൻ വാങ്ങിത്തന്നത്. അതിന്റ കടം ഇപ്പഴും വീട്ടിട്ടില്ല... '

'ഓഹ് തുടങ്ങി... നാഴികക്ക് നാല്പതു വട്ടം പറയുവല്ലോ..നിനക്ക് വേണ്ടി യാ ജീവിച്ചേ , നിനക്ക് വേണ്ടിയാ ജീവിച്ചേ ന്ന്...

അവളുടെ  വാക്കുകളോരോന്നും.. കൂരമ്പു തറക്കുന്ന പോലെ തോന്നി..

സാരല്ല അവൾ കുഞ്ഞല്ലേ... അവൾക്ക് ഞാൻ മാത്രല്ലേ ഒള്ളൂ... അതാ ഇങ്ങനെയൊക്കെ പറയുന്നേ അയാൾ സ്വയം    പറഞ്ഞു  സമാധാനിച്ചു..

'കുഞ്ഞീ... അച്ഛന്റെ കുഞ്ഞി...
.ചൂടാറും മുന്നേ ഭക്ഷണം വന്ന് കഴിക്ക് .  മോൾ കഴിച്ചില്ലങ്കിൽ  അച്ഛനും കഴിക്കില്ല .. '
അയാൾ വീണ്ടുമവളെ അനുനയിപ്പിക്കാൻ നോക്കി

'എനിക്ക് വേണ്ടാന്ന് പറഞ്ഞ വേണ്ടാ... അച്ഛനൊന്ന് പോവുന്നു ണ്ടോ.. എനിക്ക് സ്കൂട്ടി വാങ്ങി തരാതെ ഞാനിവിടുന്നു ജല പാനം പോലും കുടിക്കില്ല... '

ഇതും പറഞ്ഞവൾ റൂമിൽ കയറി കതകടച്ചു..

ഹലോ... ചേട്ടാ... ചേട്ടന് എന്നാ ഇനി ജോലി കിട്ടുന്നത്... ഈ അച്ഛൻ  എനിക്ക് ഒന്നും വാങ്ങിച്ചു തരില്ല..
എന്റെ ചേട്ടന് മാത്രേ എന്നോട്  ഇഷ്ടമുള്ളൂ . ഹലോ...  ചേട്ടന്റെ  എന്നാ പഠിത്തം കഴിയുന്നെ....

കേട്ടോടി... നമ്മുടെ മോള് പറയുന്നത്...
ഞാൻ അവൾക്ക് ഒന്നും വാങ്ങിച്ചു കൊടുക്കുന്നില്ല എന്ന് ..

രാഘവൻ തന്റെ മുന്നിൽ ചിരിച്ചു നിൽക്കുന്ന...
ഭാര്യ  സീതയുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണീർ വാർത്തു...

*********************

പിറ്റേന്ന്  രാവിലെ ,

മോളെ... മോളെ....  '

അയൽക്കാരി ഫാത്തിമ  അവളുടെ വീടിന്റെ കതകിൽ തട്ടി വിളിച്ചു...

'എന്താ... ഫാത്തിമാത്താ... '?

'അത്... അതുപിന്നെ...മോളെ.. രാഘവേട്ടൻ ... '

'അച്ഛൻ  ഉറങ്ങു വാ... ഞാൻ വിളിക്കാം... '

'അതല്ല മോളെ... മൊയ്‌ദീൻക്ക വന്നു പറഞ്ഞു...  രാഘവേട്ടന് എന്തോ  അപകടം പറ്റി... ന്ന്.

'അച്ഛൻ  ദേ... അച്ഛൻ അകത്തുണ്ടല്ലോ... '

അവൾ  കിതച്ചു കൊണ്ട്  അച്ഛന്റെ  റൂമിൽ പോയി നോക്കി...

അവിടെ  ആരെയും കാണുന്നില്ല...

അവൾക്ക് നെഞ്ചു പിളരുന്നപോലെ തോന്നി....

അവൾ മുന്നിൽ നിൽക്കുന്ന ഫാത്തിമ യുടെ നെഞ്ചിൽ മുഖം പൂഴ്ത്തി എങ്ങിയേങ്ങി കരഞ്ഞു...

'എന്റെ അച്ഛന് എന്താ പറ്റ്യേ ....
അച്ഛാ..... കുഞ്ഞി ഇവിടെ  ഒറ്റക്കാ...  എനിക്കെന്റെ അച്ഛനെ കാണണം..  അച്ഛന്  എന്താ  പറ്റിയത്.... 
അച്ഛാ... അവൾ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു .

'കരയാതെ മോളെ... ഇന്നലെ രാത്രി  രാഘവേട്ടൻ  വീട്ടി വന്നിരുന്നു...

മൊയ്‌ദീൻക്കയോട്  എന്തൊക്കയൊ പറഞ്ഞു കരഞ്ഞു...

എന്റെ മോളൊരു ആഗ്രഹം പറഞ്ഞിട്ട്... അത് സാധിപ്പിച്ചു കൊടുക്കാൻ കഴിയാത്ത   താനെന്തൊരു അച്ഛനാണ്..   താൻ ഒരു ഭാഗ്യദോഷി യായി പോയല്ലോ ന്നൊക്കെ ഒരുപാട് വിഷമം പറഞ്ഞു...

നാളെ എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ  എന്റെ മക്കളെ നിങ്ങളൊക്കെ നോക്കണോന്നും , മോഹനന്റെ അടുത്തുന്നു ഇൻഷുറൻസ് തുക  കിട്ടുമെന്നും ഒക്കെ പറഞ്ഞു ഒരുപാട്  കരഞ്ഞു മോളെ.... ഫാത്തിമാത്ത ഒരു ഇടർച്ചയോടെ  ഇതൊക്കെ വിളിച്ചുപറയുന്നുണ്ടാരുന്നു.

എന്റെ  , പൊന്നുമോളെ  രാഘവേട്ടന് ക്യാൻസർ  ആയിരുന്നെടീ... ഇത്രയും കാലം ആരെയും അറിയിക്കാതെ വേദന സ്വയം  തിന്ന്   ജീവിക്കുകയായിരുന്നു ആ പാവം മനുഷ്യൻ .നമ്മളെ   ഇതുവരെ ഇതൊന്നുമറിയിച്ചില്ല-ല്ലോ! നിന്റെ അച്ഛൻ'  ഇപ്പൊ വേദനയില്ലാത്ത ലോകത്തേക്ക് നമ്മളെയെല്ലാം വിട്ട് പോയല്ലോ മോളെ എന്നും പറഞ്ഞു  ഫാത്തിമ്മ മോളെ ചേർത്ത് പിടിച്ചു കൊണ്ട്  കരഞ്ഞു...

അത് കേട്ടതുമവൾ ...

 അച്ഛാ ...ചാ ...ച്ഛാ......

എന്ന്   ഉറക്കെ കരഞ്ഞു കൊണ്ട്   ഫാത്തിമ്മ താത്തയുടെ  മാറിലേക്ക്   ബോധമറ്റു വീണു.
ആ ദുഃഖത്തിന്റെ അലയൊലിയിൽ ആ അത്താണി പറമ്പ് ദേശം  ഒരു നിമിഷം  വിറങ്ങലിച്ചു നിന്നു ....
                   *******************

പിറ്റേ ദിവസം  കുഞ്ഞന്റെ കടയിൽ ചായ കുടിക്കാൻ വന്ന  മോഹനൻ  ആളുകളുടെ  സംസാരങ്ങൾ കേട്ടുകൊണ്ട് കുറച്ച്  നേരമിരുന്നു ....

അയാളൊരു പാവം മനുഷ്യനായിരുന്നു.
കിട്ടുന്നതുകൊണ്ടു അന്തസായി കുടുംബം നോക്കിയിരുന്നു .. ചുമട് എടുക്കുന്നതല്ലേ... ശരീരം വേദനയും , അയാളുടെ അസുഖവും ഒക്കെ കൂടി അകെ അസ്വസ്ഥത  വരുമ്പോൾ   ഇത്തിരി കുടിക്കുന്നതായിരിക്കും. ഈ രോഗത്തിനൊക്കെ ചികിൽസിച്ചാലൊരു അറ്റമുണ്ടോ വെറുതെ പൈസ തിന്നുകയല്ലാതെ എന്ന് കരുതി കാണും . മൂപ്പർ പോയി കഴിഞ്ഞപ്പോഴല്ലേ, ഞങ്ങൾ പോലുമറിയുന്നത്. എല്ലാം പിള്ളേർക്ക് വേണ്ടി കരുതി വെച്ചിട്ടാണ് രാഘവേട്ടൻ പോയത് .....ഇങ്ങനെയുള്ള ഓരോ സംഭാഷണങ്ങൾ കേട്ട് കൊണ്ട് മോഹൻ അല്പനേരമിരുന്നു .
എന്നിട്ട്
 ചായയുടെ പൈസയും കൊടുത്തു കൊണ്ട്   രാഘവേട്ടൻ    ഇരിക്കാറുള്ള അത്താണിയിലേക്കു
നടന്നു...

 അപകടം സംഭവിച്ചതോ   അതോ   സ്വയം, മരണത്തിലേക്ക് നടന്നു    കയറിയതോ ! രാഘവേട്ടാ  എന്തിനായിരുന്നു എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് ആ  അത്താണിയിൽ  ഒന്ന് പതുക്കെ തലോടി....
  മോഹനൻ തെല്ലു പരിഭ്രമത്തോടെ കൈ പെട്ടെന്ന് പിൻ വലിച്ചു .

ആ കല്ലില്ലും  ഹൃദയമിടിപ്പിന്റെ ഒരു  സ്പന്ദനം പോലെ ! 

എനിക്ക് തോന്നിയതാവുമോ ഇന്നലെ രാഘവേട്ടൻ   പറഞ്ഞ ആ  വാക്കുകൾ     അപ്പോൾ അയാളുടെ മനസ്സിലൂടെ കടന്നു പോയി .

എന്റെ ആത്മാവാണെടോ ഇത്... !

മോഹനൻ പെട്ടെന്ന് അവിടുന്ന് ഒരു ഉൾഭയത്തോടെ തിരിച്ചു പോയി ..
..
ആ അത്താണിയിൽ  ആത്മാവുണ്ട് !                 


            ശുഭം.....   🙏🙏🙏🙏🙏